ദുബൈ: ജോലിക്കും താമസത്തിനുമായി യു.എ.ഇയിലെത്തുന്ന വിദേശികൾക്കുള്ള ആരോഗ്യ പരിശോധന സംവിധാനങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ഇതനുസരിച്ച് യു.എ.ഇയിലെത്തുന്നവർ നിയമമനുസരിച്ചുള്ളടി.ബി പരിശോധന നടത്തണം.

മാത്മല്ല പുതിയ നിയമം അനുസരിച്ച് യു.എ.ഇയിലെത്തുന്നവർ മതിയായ ആരോഗ്യ പരിശോധനകൾക്ക് വിധേയരാകണം. താമസാനുമതി ലഭിക്കാനും പുതുക്കാനും എയ്ഡ്‌സ് പരിശോധനയും അനിവാര്യമാണ്. പരിശോധന റിപ്പോർട്ട് അനുസരിച്ചായിരിക്കും വിസ നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. എച്.ഐ.വി പോസിറ്റീവ് ആണെങ്കിൽ വിസ ലഭിക്കില്ല. മഞ്ഞപ്പിത്ത പകർച്ചവ്യാധി പരിശോധനയും അനിവാര്യമാണ്.

കുട്ടികളെ നോക്കുന്ന ആയമാരും വീട്ടുവേലക്കാരും നഴ്‌സറി സൂപ്പർവൈസർമാരും വിസ ലഭിക്കാനും പുതുക്കാനും ഹെപ്പറ്റൈറ്റിസ് ബി പരിശോധന നടത്തണം. അതേസമയം സലൂൺ, ബ്യൂട്ടി പാർലർ ജീവനക്കാർ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധനകൾ നടത്തണം. ശുചീകരണ തൊഴിലാളികളും സമാന പരിശോധന നടത്തണം. ഇത്തരം രോഗങ്ങൾ ഉള്ളതായി കണ്ടെത്തിയാൽ വിസ നൽകുകയോ പുതുക്കുകയോ ഇല്ല.

ടി.ബി പരിശോധന ശ്വാസകോശത്തിന് രോഗബാധയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി. അതിനാൽ ശ്വാസകോശ പരിശോധനക്ക് പുതിയ വിസ അപേക്ഷകർ വിധേയരാകണം. എന്നാൽ പഴയ രോഗബാധയുള്ളവർക്ക് നിബന്ധനകളോടെ തുടരാൻ അനുമതി നൽകും. ഒരു വർഷ വിസയാണ് നൽകുക.