- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്; അങ്ങനെയെങ്കിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എങ്ങനെ ഹൈന്ദവ പൂജ നടത്തി? സുപ്രീം കോടതിയുടെ രജിസ്ട്രിയിലെ വിവിധ സെക്ഷനുകളിൽ എങ്ങനെ ഹൈന്ദവ ദേവതാ ചിത്രങ്ങൾ വന്നു; വിമർശനവുമായി രശ്മിത രാമചന്ദ്രൻ
തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലിൽ ശൃംഗേരി മഠത്തിൽ നിന്നുള്ള പുരോഹിതർ ഉൾപ്പെടയുള്ളവരെ ക്ഷണിച്ചുവരുത്തി ഹൈന്ദവമായ രീതിയിയിൽ ഭൂമി പൂജ നടത്തിയതയിൽ വിമർശനവുമായി അഭിഭാഷകയും പ്രഭാഷകയും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ രശ്മിത രാമചന്ദ്രൻ രംഗത്ത്.
രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
'ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്. പൗരനും ഭരണകൂടവും തമ്മിലുള്ള ഒരിടപാടിലും മതം കടന്നു വരാൻ പാടില്ല. അങ്ങനെയെങ്കിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എങ്ങനെ ഹൈന്ദവ പൂജ നടത്തി? പാലാരിവട്ടം പാലം പൊളിക്കുന്ന ചടങ്ങിനു എങ്ങനെ ഹൈന്ദവ രീതിയിൽത്തന്നെ പൂജ നടന്നു? സുപ്രീം കോടതിയുടെ രജിസ്ട്രിയിലെ വിവിധ സെക്ഷനുകളിൽ എങ്ങനെ ഹൈന്ദവ ദേവതാ ചിത്രങ്ങൾ വന്നു?'- രശ്മിത ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ കക്ഷികളുടെയും ഇന്ത്യൻ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തകരുടെയും എതിർപ്പുകൾ വകവെക്കാതെയാണ് നരേന്ദ്ര മോദി പുതിയ പാർലമെന്റ് നിർമ്മാണത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.കർണാടകയിലെ ശൃംഗേരി മഠത്തിൽ നിന്നുള്ള പുരോഹിതർ സംസ്കൃത ശ്ലോകം ഉരുവിടുന്നതിനിടയിൽ സമീപത്ത് ഒരുക്കിയ മണ്ഡപത്തിൽ ആചാര പ്രകാരമാണ് മോദി ഇന്ന് ചടങ്ങുകൾ നിർവ്വഹിച്ചത്.
പദ്ധതിയെ എതിർക്കുന്ന ഹരജികളിൽ തീർപ്പാക്കും വരെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ ശിലാസ്ഥാപനചടങ്ങിനും മറ്റ് ഔദ്യോഗിക ജോലികൾക്കും തടസമില്ലെന്ന കോടതി വിധിയുടെ പഴുത് ഉപയോഗിച്ചാണ് നിലവിൽ ഭൂമിപൂജ നടത്തിയത്.ഇരുന്നൂറോളം പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിങ്, രവിശങ്കർ പ്രസാദ്, ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണൻ സിങ്, വിദേശ പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.മോദി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് 20000 കോടി രൂപ ചെലവിൽ രാജ്യതലസ്ഥാനത്ത് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുക എന്നത്.
മറുനാടന് ഡെസ്ക്