- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലിൽ പെയിന്റ് ചെയ്യിച്ചപ്പോൾ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പൊലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീർത്തു തരണം: എന്തുകൊണ്ടാണ് മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്? അഡ്വ. രശ്മിത രാമചന്ദ്രന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ
തിരുവനന്തപുരം: രഹ്ന ഫാത്തിമ തന്റെ നഗ്നശരീരം മകന് ചിത്രം വരയ്ക്കാൻ വിട്ടുകൊടുത്തത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ബോഡി ആർട്ട് ആൻഡ് ദ പൊളിറ്റിക്‌സ് എന്ന പേരോടെ ഇട്ട വീഡിയോ രഹ്നയെ കോടതിയിൽ വരെ എത്തിച്ചു. കോടതി ജാമ്യം നിഷേധിച്ചു.
അർദ്ധ നഗ്‌ന ആയി കിടക്കുന്ന രെഹനയുടെ ദേഹത്ത് മകൻ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുകയും വേണമെന്നും അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ വെന്നും അതിനാലാണ് ഇത്തരമൊരു വീഡിയോ ചെയ്തതെന്നും രെഹന പറഞ്ഞിരുന്നു.
നഗ്നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാൻ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവർത്തനമാണ് ഇതെന്നാണ് രെഹ്ന തന്റെ വീഡിയോയെ വിശേഷിപ്പിച്ചത്. എന്നാൽ, ഈ വാദങ്ങളൊന്നും കോടതിയിൽ വിലപ്പോയില്ല. രഹ്നഫാത്തിമ്മക്കെതിരെ നഗ്‌നത കാണിച്ചതിനോ ഒബ്‌സീൻ ആക്ടിനോ അല്ല കേസെടുത്ത്. കുട്ടികളെ ഉപയോഗിച്ച പോക്‌സോ ആക്ടിലാണ്. ഏതായാലും ഇപ്പോൾ ചർച്ചയാവുന്നത് അഡ്വ.രശ്മിതാ രാമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ്. പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ മുലക്കണ്ണുകൾ കാണിച്ചു നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പ്രദർശിപ്പിച്ചതാണ് രശ്മിത തർക്കവിഷയമായി ഉന്നയിക്കുന്നത്. പൃഥ്വിരാജിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്നതാണ് രശ്മിതയുടെ ചോദ്യം.
കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തിൽ ഒരുപാടു സ്ത്രീകളിൽ / പുരുഷന്മാരിൽ/ ഭിന്ന ലൈംഗിക താത്പര്യക്കാരിൽ ലൈംഗിക വികാരം ഉണർത്തുവാനുള്ള സാധ്യതയുണ്ട്. പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തിൽ പ്രദർശിപ്പിച്ച രഹ്ന ഫാത്തിമയേക്കാൾ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ കുറ്റക്കാരനാണ്.കേരളത്തിലെ ഉത്സാഹമുള്ള പൊലീസ് ഈ നഗ്‌ന ചിത്രത്തിന് കാരണമായവർക്കെതിരെ - രഹ്നാ ഫാത്തിമയുടെ നഗ്‌നതയ്ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും - കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിക്കണമെന്നും രശ്മിത പോസ്റ്റിൽ ആവശ്യപ്പെടുന്നു. പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങൾ വരികയും ചെയ്യുന്നു.
രശ്മിത രാമചന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ:
രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലിൽ പെയ്ന്റ് ചെയ്യിച്ചപ്പോൾ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പൊലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീർത്തു തരണം....
നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?
പൃഥ്വിരാജ് സുകുമാരൻ എന്ന സുന്ദരനായ നടൻ സ്വന്തം മുലക്കണ്ണുകൾ കാണിച്ചു നിൽക്കുന്ന ചിത്രം പൊതുവിടത്തിൽ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി! അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിന്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തിൽ ഒരുപാടു സ്ത്രീകളിൽ / പുരുഷന്മാരിൽ/ ഭിന്ന ലൈംഗിക താത്പര്യക്കാരിൽ ലൈംഗിക വികാരം ഉണർത്തുവാനുള്ള സാധ്യതയുണ്ട്. പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തിൽ പ്രദർശിപ്പിച്ച രഹ്ന ഫാത്തിമയേക്കാൾ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ കുറ്റക്കാരനാണ്.
ധനാഢ്യതയിലും ലോക പരിചയത്തിലും വൻ സ്വാധീനവും ആൾബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്ന ഫാത്തിമയേക്കാൾ ഒരുപാടു മുകളിൽ നിൽക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താൽ നാടു വിടാനുള്ള സാധ്യതയും രഹ്ന ഫാത്തിമയേക്കാൾ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിക്കണം. കേരളത്തിലെ ഉത്സാഹമുള്ള പൊലീസ് ഈ നഗ്‌ന ചിത്രത്തിന് കാരണമായവർക്കെതിരെ - രഹ്നാ ഫാത്തിമയുടെ നഗ്‌നതയ്ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും - കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിക്കണമെന്ന അഭ്യർത്ഥനയോടെ....