ബംഗളൂരു: ഇന്ത്യയുടെ വിദൂരസംവേദക(റിമോട്ട് സെൻസിങ് ) ഉപഗ്രഹമായ റിസോഴ്സ് സാറ്റ് -2എ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ രാവിലെ 10.25നായിരുന്നു വിക്ഷേപണം. പി.എസ്.എൽ.വി സി-36 റോക്കറ്റാണ് ഉപഗ്രഹവുമായി കുതിച്ചുയർന്നത്. 1235 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 18 മിനിട്ടുകൊണ്ട് 817 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു.

മുമ്പ് നടത്തിയ റിസോഴ്സ് സാറ്റ് ഒന്ന്, രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങളുടെ തുടർച്ചയാണിത്. ഏതു കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങളെടുക്കാൻ ശേഷിയുള്ള കാമറകൾ ഉപഗ്രഹത്തിലുണ്ട്. അഞ്ചു വർഷമാണ് കാലാവധി.

ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപിണിയായ പിഎസ്എൽവിയുടെ മറ്റൊരു വിജയഗാഥകൂടിയായി ഇത്. 1991നും 2016നും ഇടയ്ക്ക് 121 ഉപഗ്രഹങ്ങൾ പിഎസ്എൽവി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. ഇതിൽ 79 എണ്ണം വിദേശരാജ്യങ്ങളുടേതായിരുന്നു.