നിയനെ കാത്ത് ദുബായ് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം കുറച്ചുനേരം കാത്തിരിക്കേണ്ടി വന്നു. വിവിധ രാജ്യക്കാരായ ആളുകൾ വരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കെട്ടിപ്പിടിക്കുന്നു. ചുംബിക്കുന്നു. എന്നാൽ തങ്ങളുടെ സ്വന്തക്കാരെ കണ്ട് തീർത്തും നിർവികാരതയോടെ കൂട്ടികൊണ്ടുപോകുന്ന ചിലരെ കാണാം. വരുന്നവരുടെ യാത്രാ ബാഗുകളിൽ ഒന്നുകിൽ കൊച്ചി, കോഴിക്കോട് അല്ലെങ്കിൽ തിരുവനന്തപുരം എന്ന് എഴുതിയിട്ടുണ്ടാകും.

ഇതാണ് നമ്മുടെ നിർവികാരത. ഭാര്യയെ, കാമുകിയെ പരസ്യമായി സ്‌നേഹിക്കാൻ കെട്ടിപ്പിടിക്കാൻ അനുവാദമില്ലാത്ത സമൂഹം. ഈ അനുവാദം തരാത്തത് സ്വന്തം മനസും സമൂഹവുമാണ് എന്നതാണ് യാഥാർത്ഥ്യം. ഇത് പറയാൻ കാരണം കുറച്ച് വൈകിയാണ് ജയ്ഹിന്ദ് ചാനലിൽ വന്ന റിപ്പോർട്ട് കണ്ടത്. സ്വന്തം കാമുകിയെ അവളുടെ സമ്മതപ്രകാരം ചുംബിക്കുന്നതിനെ അനാശാസ്യം എന്ന് പേരിട്ടു വിളിച്ച് റിപ്പോർട്ട് നൽകുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. കേരളത്തിലെ ചില മാദ്ധ്യമപ്രവർത്തകർ കാണിക്കുന്ന അത്ര അനാശാസ്യം ആ കുട്ടികൾ കാണിച്ചിട്ടുണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല. ഇടക്കെങ്കിലും ക്യാമറ സ്വന്തം മുഖത്തേക്ക് തിരിച്ച് പിടിക്കുന്നത് നല്ലതാണ്. അപ്പോഴറിയാം സമൂഹത്തേക്കാൾ എത്ര വികൃതമാണ് അതെന്ന്.

സ്വന്തമായി കാമുകിയുള്ള ഒരു ചെറുപ്പക്കാരനോട് അതില്ലാത്തവന് തോന്നുന്ന കടുത്ത അസൂയ. കെട്ടിക്കിടക്കുന്ന ലൈംഗികദാഹം തീർക്കാൻ വഴിയില്ലാത്തവന്റെ ആത്മരോഷം. ജില്ലതിരിച്ച് ചുവന്ന തെരുവുകൾ സ്ഥാപിക്കാതെ ഇത്തരം സദാചാരവാദികളിൽ നിന്നും സമൂഹത്തിന് രക്ഷയില്ല. അർദ്ധരാത്രി സൂര്യനുദിച്ചിരുന്നെങ്കിൽ ഇവന്റെയൊക്കെ തനിസ്വഭാവം കാണാമായിരുന്നു. ആർഷഭാരത സംസ്‌ക്കാരം നാട്ടിൽ നടപ്പാക്കാൻ ശ്രമിക്കുന്നവർ ചരിത്രം ഒന്ന് പഠിക്കുന്നത് നല്ലതാണ്. ലോകത്ത് ലൈഗീകതയെ കലയായി കണ്ട മഹർഷിമാർ ജീവിച്ച നാടാണിത്.

വാൽസ്യായനൻ കാമസൂത്രമെഴുതിയ നാട്. കേരളത്തിലേതുൾപ്പടെയുള്ള ക്ഷേത്രങ്ങളിലെ കൊത്തുപണികളും ചുമർ ചിത്രങ്ങളും സൂക്ഷിച്ചുനോക്കൂ. രതിബിംബങ്ങളാണ് അതിൽ നിറഞ്ഞുനിൽക്കുന്നത്. ശിവപാർവ്വതി സംഗമം തുടങ്ങി ലൈഗീംഗത നിറഞ്ഞുനിൽക്കുന്ന പുരാണങ്ങൾ. കന്യകമാരെ പ്രാപിക്കുന്ന മഹർഷിമാരുടെ കഥകൾ. ഇതായിരുന്നു നിങ്ങൾ പറയുന്ന ആർഷഭാരത സംസ്‌ക്കാരം.
അല്ലാതെ ഹൈന്ദവ, മുസ്ലിം താലിബാനിസമായിരുന്നില്ല ഇവിടെയുണ്ടായിരുന്നത്.

ഒന്നും കാണിക്കാനില്ലാതെ വരുമ്പോൾ തുടയിടുക്കിലേക്ക് ക്യാമറ ചലിപ്പിക്കുന്ന മാദ്ധ്യമപ്രവർത്തനം എന്നാണ് ഇത്തരക്കാർ അവസാനിപ്പിക്കുക. ഭാഗ്യം, രക്ഷപ്പെട്ടല്ലോ.....