തിരുവനന്തപുരം: വാടക കൊലയാളികളുടെ വെ്‌ട്ടേറ്റുമരിച്ച ആർഎംപി നേതാവ് കെ.കെ.രമയെ അധിക്ഷപിക്കുന്ന തരത്തിലുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന്റെ ഔചിത്യവും, നീതിയും ചോദ്യം ചെയ്യുകയാണ് കെ.എ.ഷാജി

ഫേസബുക്ക് പോസ്റ്റിലേക്ക്:

പരിമിത വിഭവരും വ്യക്തിഹത്യയിൽ അഭിരമിക്കുന്നവരുമായ അനുയായികളുടെ എണ്ണം പെരുകി വരുമ്പോഴാണ് പ്രസ്ഥാനങ്ങളും ആശയങ്ങളും മരിക്കുന്നത്.
വാടക കൊലയാളികൾ കൊന്ന ഭർത്താവിന്റെ രാഷ്ട്രീയം ഏറ്റെടുത്ത് സമരമുഖത്ത് നില്കുന്ന ഒരു സ്ത്രീയെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ നിങ്ങൾ അവഹേളിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുമ്പോൾ അപകടം സംഭവിക്കുന്നത് അവർക്കല്ല.
നിങ്ങളൊക്കെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മഹത്തായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനാണ്. അപരന്റെ സ്വരം സംഗീതം പോലെ ശ്രവിക്കാൻ ആകുന്ന ഒരു കാലത്തിനു വേണ്ടി ജീവൻ കളഞ്ഞ രക്തസാക്ഷികളുടെ ഓർമകൾക്കാണ്.

ഒന്നോ രണ്ടോ പഞ്ചായത്തുകളിൽ മാത്രം ഒതുങ്ങുന്ന ഒരു കുഞ്ഞുപാർട്ടിയുടെ നേതാവാണ് കെ കെ രമ. നിങ്ങൾക്ക് അവരുടെ രാഷ്ട്രീയത്തിന്റെ പരിമിതികളെ വിമർശിക്കാം. അവരോട് അതിശക്തമായി വിയോജിക്കാം. അവർ നയിക്കുന്ന പാർട്ടിയെ ആശയപരമായി നേരിടാം. എന്നാൽ ഒരു ജനാധിപത്യത്തിൽ ഇത്തരം കൊച്ചു പാർട്ടികൾക്കും നിലനിൽക്കാൻ അവകാശമുണ്ട്. പ്രവർത്തന സ്വാതന്ത്ര്യം ഉണ്ട്.
പൊതുരംഗത്തുള്ള സ്ത്രീകളെ അവഹേളിക്കുന്നതിന് എതിരെ മുൻപെടുത്ത നല്ല നിലപാടുകൾ മുഴുവൻ മാറ്റി വച്ചിട്ട് ഇപ്പോൾ ഇങ്ങനെ ഒക്കെ പുലമ്പുംമ്പോൾ രാഷ്ട്രീയം മതമാകുകയാണ്. അനുയായികൾ സങ്കുചിത മതഭ്രാന്തരും.

അനുസരണയില്ലാത്ത വിവേകികളെ വളരാൻ വിടാതെ ചിന്താശേഷിയില്ലാത്ത വിഡ്ഢികളെ പ്രോത്സാഹിപ്പിച്ചാൽ ഇതും ഇതിനപ്പുറവും സംഭവിക്കും. ഗർഭിണിയായ യുവതി ആക്രമിക്കപ്പെടുകയും നാലര മാസം പ്രായമായ ഗർഭസ്ഥ ശിശു കൊല്ലപ്പെടുകയും ചെയ്ത വാർത്ത വായിക്കുമ്പോൾ കഷ്ടം എന്നെങ്കിലും പറയുന്നതിൽ നിന്നും പ്രതിസ്ഥാനത്ത് ഉള്ളവരുടെ രാഷ്ട്രീയ അഫിലിയേഷൻ നിങ്ങളെ വിലക്കുന്നു എങ്കിൽ പിന്നെന്ത് പറയാനാണ്.