ധ്യാനു ഉറക്കെ പാടുകയാണ്....

Chubby cheeks....
Rsoy lips.....
Curly hair....
Very Fair.....
Eyes are blue......
Lovely too........
Teacher's Pet, Is that You!'
സ്‌കൂളിൽ ഈയിടെപഠിപ്പിച്ച പാട്ടാണ്. പുത്രന്റെ ആംഗലേയ പരിജ്ഞാനത്തിൽ കോരിത്തരിച്ച് ഞാനുമിരിക്കുന്നു. തുടുത്ത കവിൾത്തടങ്ങൾ, ചുവന്ന ചുണ്ടുകൾ, വെളുത്ത നിറം, നീലക്കണ്ണുകൾ, ചുരുളൻ തലമുടി....... ഇങ്ങനെയൊക്കെയായാൽ കുട്ടി 'ടീച്ചേഴ്‌സ് പെറ്റ്' ആവുത്രേ! അപ്പോ ഇതൊന്നുമില്ലാത്തവരോ? ടീച്ചർമാർക്ക് പ്രിയപ്പെട്ടവരാകില്ലേ? ടീച്ചർമാരവരെ ആട്ടിയോടിക്ക്യോ?
'നീയീ പാട്ടിനി പാടണ്ട! '
ഞാൻ ഉള്ളിലെ പുരോഗമനവാദം പൊടി തട്ടി പുറത്തെടുത്തു.
'പിന്നേ....അമ്മല്ലേ പറേണേ.... ഞാൻ പാടും! 'അവനെന്റെ പുരോഗമന വാദത്തെ വേരോടെ പുച്ഛിച്ച് പിഴുതെറിഞ്ഞു.
കുട്ടികളെക്കുറിച്ച് വർണ്ണിച്ചെഴുതിയ പാട്ടുകൾ ഞാനോർത്തെടുക്കാൻ ശ്രമിച്ചു. എല്ലാത്തിലും നിറം പറയുമ്പോൾ വെളുപ്പിനു തന്നെ പ്രാധാന്യം... ഗർഭകാല സ്വപ്നങ്ങളിൽ എന്റെയുള്ളിലും കടന്നു വന്നത് വെളുത്ത 'ജോൺസൺ & ജോൺസൺ ബേബി' തന്നെയാണെന്ന് ഞാൻ കുറ്റബോധത്തോടെ ഓർത്തു. വെളുത്ത കുഞ്ഞിനെ പിന്നെയും പിന്നെയും വെളുപ്പിക്കാൻ തേച്ചുപിടിപ്പിച്ച മഞ്ഞളും ബേബിക്രീമും എന്നെ നോക്കി പരിഹസിച്ചു. 'വെളുത്തൂലോ' എന്ന് കേൾക്കുമ്പോൾ തോന്നാറുള്ള ആഹ്ലാദവും ' എന്തേ കറുത്തത്? ' എന്ന് കേൾക്കുമ്പോഴുണ്ടാകാറുള്ള നിരാശയും എന്റെ ഉള്ളിൽ കുറ്റബോധമുണർത്തി.
ഒരു വെള്ളക്കാരന്റെ പ്രേതം നമ്മുടെയെല്ലാം ഉള്ളിൽ ഇപ്പോഴും അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. അല്ലേ? എത്രയൊക്കെ ആട്ടിയോടിക്കാൻ ശ്രമിച്ചാലും ആ പ്രേതം ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ അവിടെ ചുറ്റിപ്പറ്റി നിൽക്കും. ഇറക്കിവിട്ടെന്നു നമ്മൾ കരുതും. പക്ഷേ ചില സമയത്ത് ആ പ്രേതം സർവശക്തിയുമെടുത്ത് നമ്മെ ആവേശിച്ചു കളയും. കറുത്തവരെല്ലാം കള്ളന്മാരാണെന്നും അവരീ ഭൂമിയിൽ നിന്നും തുടച്ചു മാറ്റപ്പെടേണ്ടവരാണെന്നുമുള്ള വർണ്ണവെറി ആ വെള്ളക്കാരൻ പ്രേതം നമ്മുടെ ചിന്തയിൽ കുത്തിവെക്കും...
കറുത്തൊരു പെണ്ണിന്റെ കയ്യിൽ വെളുത്തൊരു കുഞ്ഞിനെ കണ്ടപ്പോൾ ആ പ്രേതം പുറത്തുചാടിയതാണ്.
കുഞ്ഞേ പൊറുക്കുക!
നിന്റമ്മയുടെ കണ്ണിൽ നിന്നു വീണ ഓരോ കണ്ണീർത്തുള്ളിയും നെഞ്ചിനെ പൊള്ളിക്കുന്നുണ്ട്.
വെളുത്ത നിന്നെ പൊതിഞ്ഞു പിടിക്കേണ്ട ഒരമ്മയുടെ ഗതികേട് മനസ്സിലാകുന്നുണ്ട്.
ആ അമ്മയിപ്പോൾ പ്രാർത്ഥിക്കുന്നുണ്ടാകും;
നീയൊന്നു കറുത്തിരുന്നെങ്കിൽ എന്ന്.....
കുഞ്ഞേ പൊറുക്കുക;
കുഞ്ഞേ കറുക്കുക!
ഒന്നും അവസാനിക്കാൻ പോകുന്നില്ല. ഞങ്ങളിനിയും ഇതെല്ലാം തുടർന്നു കൊണ്ടേയിരിക്കും. കറുത്ത അമ്മമാരുടെ കയ്യിലുള്ള വെളുത്ത കുഞ്ഞിനെ സംശയദൃഷ്ടിയോടെ നോക്കിക്കൊണ്ടേയിരിക്കും.... കറുത്ത കുഞ്ഞുങ്ങൾ വിശന്നു കരഞ്ഞാൽ ഞങ്ങൾ തിരിഞ്ഞു നോക്കില്ല..... കറുത്ത കുഞ്ഞുങ്ങൾ വെളുത്ത അമ്മമാരുടെ കയ്യിലുണ്ടായാൽ ഞങ്ങൾ പൊറുക്കും. നേരെ മറിച്ചായാൽ ഞങ്ങൾക്കത് സഹിക്കില്ല. ദയാബായിമാരെ ഞങ്ങൾ ഇറക്കി വിട്ടുകൊണ്ടേയിരിക്കും.....മുഗാബെമാർ എത്ര പ്രസംഗിച്ചാലും ഞങ്ങൾ പഠിക്കില്ല.
''വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയർ ഉപയോഗിക്കുന്ന കാലമത്രയും വംശീയത തുടർന്നു കൊണ്ടേയിരിക്കും.
വെളുപ്പ് സമാധാനത്തിന്റേയും, കറുപ്പ് അശാന്തിയുടേയും പ്രതീകമായി ജനങ്ങൾ ഉപയോഗിക്കുന്ന കാലത്തോളം വംശീയത അവസാനിക്കുകയില്ല.
മംഗല്യത്തിന് വെളുത്ത വസ്ത്രങ്ങളും ദുഃഖസൂചകമായി കറുപ്പു തൂവാലയും ഉപയോഗിക്കുന്നിടത്തോളം വംശീയത അതിന്റെ പാരമ്യതയിൽ നിൽക്കുക തന്നെ ചെയ്യും.
'ബ്ലാക്ക് മണി'യും 'ബ്ലാക്ക് ലിസ്റ്റും 'ബ്ലാക്ക്മാർക്കും' നെഗറ്റീവ് അർത്ഥം കൈയാളുന്ന കാലത്തോളം വംശീയത അവസാനിക്കുമെന്ന് പ്രത്യാശിക്കാൻ ആവുകയില്ല!'