വിഷയം: നന്തൻകോട് കൂട്ടക്കൊലയെ ഹൈന്ദവരുടെ പവിത്രമായ യോഗ സംസ്‌കാരത്തോടും ചാത്തൻ സേവയോടും ചേർത്ത് പറഞ്ഞ് ദുരുപദിഷ്ടമായി വാർത്തകൾ നൽകിയതിനെപ്പറ്റിയുള്ള പരാതി.

തിരുവനന്തപുരം നന്തങ്കോട് ജീൻസൺ രാജ എന്ന ആൾ തന്റെ മാതാപിതാക്കളുൾപ്പെടെ നാലുപേരെ കൊലപ്പെടുത്തി എന്ന കേസും അതോടനുബന്ധിച്ച് അയാൾ 'ആസ്ട്രൽ പ്രൊജക്ഷൻ, സാത്താൻ ആരാധന എന്നീ ആരാധനയോടനുബന്ധിച്ചാണ് ഈ കൃത്യം നടത്തിയതെന്നും വാർത്തയുണ്ടായിരുന്നു.

എന്നാൽ മറുനാടൻ മലയാളി എന്ന താങ്കളുടെ വെബ് പത്രത്തിലും മറ്റു ചില മാധ്യമങ്ങളിലും ഈ വിഷയത്തെ ഹൈന്ദവസംസ്‌കാരത്തിൽ പവിത്രമായിക്കാണുന്ന ചാത്തൻ സേവയേയും യോഗസംസ്‌കാരത്തേയും ചേർത്ത് പറഞ്ഞ് കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഹൈന്ദവസംസ്‌കാരത്തിലെ പവിത്രമായ ആരാധനാരീതികളുടെ മുകളിൽ കെട്ടിവയ്ക്കാൻ മനപ്പൂർവമായിത്തന്നെ ശ്രമിക്കുന്ന വിവരം അങ്ങയുടേ ശ്രദ്ധയിൽപ്പെടുത്തട്ടെ.

കൊലപാതകിയായി പൊലീസ് കരുതുന്ന വ്യക്തിയോ പൊലീസോ ഇന്നുവരെ ഈ കൊലപാതകത്തിനു പിറകിൽ ഇങ്ങനെയെന്തെങ്കിലുമുള്ളതായി പറഞ്ഞു കണ്ടിട്ടില്ല. ഇതിനു കാരണമായി പ്രതി ആദ്യദിവസം പറഞ്ഞെന്ന് കരുതുന്ന ആസ്ട്രൽ പ്രൊജക്ഷനൊ,സാത്താനിസത്തിനോ ഭാരതവുമായോ ഹൈന്ദവസംസ്‌കാരവുമായോ യാതൊരു ബന്ധവുമില്ല.

ഇപ്പറയുന്ന പ്രതി ഓസ്‌ട്രേലിയയിൽ ആയിരുന്നുവെന്നാണ് പറയുന്നത്. വിദേശത്തെവിടെയോ,ആസ്‌ട്രേലിയയിലെയോ മറ്റോ ഇത്തരം കൾട്ടുകളിൽ നിന്നാവും ഈ സംഭവങ്ങളൊക്കെ പഠിച്ചിട്ടുണ്ടാവുക എന്നും പൊലീസ് ഭാഷ്യമുണ്ടെന്ന് ഇയാളുടെ വാർത്തയിൽ പറയുന്നു. സാത്താനെ ആരാധിക്കുക എന്നത് കൃസ്ത്യാനികൾ ഉള്ള രാഷ്ട്രങ്ങളിലെല്ലാം ഉള്ളതാണ്. ക്രിസ്ത്യാനികൾ പ്രബലമായിടങ്ങളിലെല്ലാം ഈ സാത്താനിസവുമുണ്ട്. സാത്താനെന്ന വാക്കു പോലും ബൈബിളിൽ നിന്നുള്ളതാണ്. അമേരിക്കയിലുൾപ്പെടെ പല സീരിയൽ കില്ലർമാരും സാത്താനെ ആരാധിച്ച് അതിന്റെ ഭാഗമായി കൊലകൾ ചെയ്തവരാണ്.

എന്നാൽ മറുനാടൻ മലയാളി എന്ന താങ്കളുടെ പത്രം ആ വാർത്ത നൽകിയിരിക്കുന്നത് വ്യക്തമായി അത് ഹൈന്ദവ സംസ്‌കാരത്തിന്റെ എന്തോ ഉപോൽപ്പന്നമെന്ന നിലയിലാണ്. ഒരിടത്ത് 'യോഗനിദ്ര' എന്ന സങ്കൽപ്പത്തെപ്പറ്റി പറഞ്ഞിരിക്കുന്നു. യോഗനിദ്ര എന്നത് ഹിന്ദുമതത്തിലെ ഭഗവാൻ ശ്രീനാരായണന്റെ ധ്യാനാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്, 'യോഗവിദ്യയിലൂടെ നേടാനാവുന്നത് എന്ന് വേദങ്ങളിൽ പറഞ്ഞിരിക്കുന്നത്', 'ദശാബ്ദങ്ങൾ നീണ്ട തപസ്യയിലൂടെ നേടാനാവുന്നതെന്ന് ഹൈന്ദവസങ്കൽപ്പങ്ങൾ പറഞ്ഞിരിക്കുന്നത്' എന്നൊക്കെ എടുത്തെടുത്ത് ഹൈന്ദവം, യോഗ, യോഗി എന്നീ വാക്കുകൾ മനപ്പൂർവമെന്ന നിലയിൽ എടുത്ത് പറഞ്ഞിരിക്കുന്നു.

പക്ഷേ യോഗനിദ്രയോ യോഗവിദ്യയോ തപസ്സുൾപ്പെടെയുള്ള ആത്മാന്വേഷണ മാർഗ്ഗങ്ങളോ അത്തരത്തിലൊരു സംസ്‌കാരമോ ആരെയെങ്കിലും ദ്രോഹിക്കുന്നതിനേയോ ഒരിടത്തും പറഞ്ഞിട്ടില്ല. വേദങ്ങളിലോ യോഗവിദ്യയിലോ ഒന്നും ഇത്തരം ക്രൂരകൃത്യങ്ങളെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല അഹിംസ എന്ന സങ്കൽപ്പമാണ് ഏറ്റവും പ്രധാനമായി യോഗി അനുഷ്ഠിയ്‌ക്കേണ്ടുന്ന വൃതമായി പറയുന്നതെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലൊ.

യമം, നിയമം. ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ ധ്യാനം, സമാധി എന്നതാണ് അഷ്ടാംഗയോഗങ്ങൾ. അതിൽ യമം എന്ന ആത്മനിയന്ത്രണം തന്നെ അഹിംസ, സത്യം,ആസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയുപയോഗിച്ച് നേടേണ്ടതാണെന്നാണ് വിധി.

മനുഷ്യനെയല്ല, ഒരു ഉറുമ്പിനെപ്പോലും അതിലെ ജീവചൈതന്യത്തെ ഉൾക്കൊണ്ട് കാണണമെന്ന സങ്കൽപ്പത്തെയൊക്കെയാണ് ഇവിടെ യാതൊരു കാരണവുമില്ലാതെ ഒരു സീരിയൽ കില്ലിങ്ങിലേയ്ക്ക് വലിച്ചിഴച്ചിരിക്കുന്നത്.

ഒരു ക്രിസ്ത്യൻ മതത്തിൽ ജനിച്ച ഒരാൾ, ക്രിസ്ത്യൻ മതത്തിന്റെ ഉപോൽപ്പന്നമോ, അല്ലെങ്കിൽ ആന്റി ക്രിസ്ത്യൻ എന്ന് പറയാവുന്ന ഒരു കൾട്ടിലെ ആചാരങ്ങളിൽ ഓസ്‌റ്റ്രേലിയയിൽ വച്ച് ആകൃഷ്ടാനാവുകയും ഇന്റർനെറ്റ് വഴി അതിൽ അഭിരമിക്കുകയും അതിന്റെ ഫലമായോ അല്ലാതെയോ സ്വന്തം കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്തപ്പോൾ അതിനെ ഭാരതീയമായ യോഗ, ഹൈന്ദവം, യോഗവിദ്യ തപസ്യ യോഗനിദ്ര എന്നൊക്കെ വാക്കുകൾ ചേർത്ത് പറയുന്നത് മനപ്പൂർവം ഹിന്ദുമതത്തേയും ഭാരതീയ സംസ്‌കാരത്തേയും മനപ്പൂർവം അപമാനിക്കാൻ ഉദ്ദേശിച്ചാണെന്ന് ഞങ്ങളേപ്പോലെയുള്ളവർ വിചാരിച്ചാൽ കുറ്റം പറയാനാകില്ല.

ആയതുകൊണ്ട് ഈ വാർത്തകൾ കാരണമുണ്ടായ ആശയക്കുഴപ്പം മാറത്തക്കനിലയിൽ തിരുത്തുകൾ ഇതേ പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിക്കുവാനും ഇതിനാലുണ്ടായ അപമാനത്തിനും മനോവിഷമത്തിനും ഹൈന്ദവസമൂഹത്തോട് മാപ്പു പറയാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

(പ്രദീപ് രാമകൃഷ്ണൻ, മധു എസ്.വി, വിനു അത്തനാത്ത്, രാജേഷ് സി എന്നിവർ വെവ്വേറെ അയച്ചുതന്ന പ്രതികരണം)