മുസ്ലിം സ്ത്രീ... മത പൗരോഹിത്യ സാമുദായിക സംഘടനകളുടെയും ബിജെപി സംഘപരിവാർ കൂട്ടുകെട്ടിന്റെയും ഇടയിൽ നിൽകുമ്പോൾ...

മുസ്ലിം വനിതാ വിവാഹ സംരക്ഷണ ബില് 2017 ഇന്നലെ പാർലമെന്റിൽ പാസ്സാക്കപ്പെട്ട വാർത്ത ഉണ്ടാക്കുന്നത് സന്തോഷമാണോ സംശയങ്ങളാണോ എന്ന് ചോദിച്ചാൽ ഉത്തരമില്ല.
ഏകപക്ഷീയവും ഒറ്റയടിക്കുള്ളതുമായ മുതലാഖ് നിരോധിക്കണം അതുപ്രകാരം നടക്കുന്ന വിവാഹമോചനങ്ങൾ അസാധുവാക്കണം എന്നതിൽ തർക്കമൊന്നുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല അത് വളരെ അധികം ആഗ്രഹിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മുതാലാഖ് ഭരണഘടനാ വിരുദ്ധമാക്കിയ സുപ്രീം കോടതി വിധി സ്വാഗതാർഹവുമായിരുന്നു.

എന്നാൽ ഇത്ര തിടുക്കപ്പെട്ട് ഒരു സമുദായത്തെ കേൾക്കാതെ പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ വക വെക്കാതെ ഉള്ള ഈ ബിൽ പാസ്സാക്കൽ...മോദി, ഞങ്ങൾ നിങ്ങളെ വിശ്വാസത്തിലെടുക്കാൻ മടിക്കുന്നതിനു ഒരു കാരണം കൂടെ ആയി.മുസ്ലിം സ്ത്രീകളുടെ ശാക്തീകരണം തുല്യത എന്നൊക്കെ കേൾക്കാൻ രസമുണ്ട്.കുളിർ കോരുന്നുണ്ട്...പക്ഷെ എന്തോ ഒരു കടുവ ഒരുപറ്റം മാനുകളിൽ നിന്ന് കുറച്ചു പേരെ ഞാൻ ഒന്ന് സ്‌നേഹിച്ചോട്ടെ എന്ന് പറയുന്ന ഒരു ഫീൽ.

മുതലാഖ് എന്നത് അസാധുവാണെന്നിരിക്കെ നടക്കാത്ത വിവാഹമോചനത്തിന്റെ പേരിൽ ഭർത്താവിനെ ജയിലിൽ അടക്കുന്ന നിയമത്തിന്റെ സാംഗത്യം പിടികിട്ടുന്നില്ല. ഭർത്താവ് ജയിലിൽ നിന്ന് വരുമ്പോൾ സ്വന്തം ഭാര്യയുടെയും മക്കളുടെയും (അസാധുവായ വിവാഹ മോചനം ആയതുകൊണ്ടുള്ള കൺഫ്യൂഷൻ) അടുത്തേക്കാണോ മടങ്ങുക? അതോ അയാൾക്കു പിന്നെ വേറെ വിവാഹം കഴിക്കാമോ? ഇയാൾ ജയിലിൽ ഉള്ള കാലയളവിൽ തന്നെ സ്ത്രീക്ക് രണ്ടാം വിവാഹം സാധ്യമാകുമോ? ഇനി മുതലാഖ് നടന്നതുകൊണ്ട് ബന്ധം ഒഴിഞ്ഞു എന്നതാണ് ഉദ്ദേശിച്ചതെങ്കിൽ പിന്നെ മുതലാഖ് അസാധുവാണെന്ന സുപ്രീം കോടതി വിധി, മുതലാഖ് പ്രകാരം ബന്ധം ഒഴിവാകുന്നില്ല എന്ന് കരുതുന്നവരുടെ വിശ്വാസം... അതിനൊക്കെ എന്താണ് മറുപടി?

ഇനി വിവാഹമോചനം അസാധുവായെങ്കിൽ ജയിലിൽ കയറ്റിയ ഭാര്യയെ ഭർത്താവും കുടുംബാംഗങ്ങളും എങ്ങിനെ കാണും? പിന്നീട് ഒരു സ്‌നേഹബന്ധം അവർ തമ്മിൽ സാധ്യമാകുമോ?ജയിലിൽ കിടക്കുന്ന ഭർത്താവ് എങ്ങിനെയാണ് സ്ത്രീക്കും കുഞ്ഞുങ്ങൾക്കും സംരക്ഷണ ചെലവ് നൽകുന്നത്? മുസ്ലിം സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ അറിയാത്ത ആളാണോ ഇന്ത്യയുടെ പ്രധാനമന്ത്രി?

ഇവിടെ വേണ്ടിയിരുന്നത് ഒറ്റയടിക്കുള്ള മുതലാഖ് സുപ്രീം കോടതി അസാധുവാക്കിയിട്ടുള്ളതുകൊണ്ട് അതിനു ശേഷം അപ്രകാരം നടന്നുവെന്ന് പറയപ്പെടുന്ന വിവാഹമോചനങ്ങൾ സാധുവല്ല എന്ന് ഭാര്യ ഭർത്താക്കന്മാരെ ബോധ്യപ്പെടുത്താലും പിന്നീട് അവർ വിവാഹമോചനം ആഗ്രഹിക്കുന്നുവെങ്കിൽ ശരിയായ നിയമസഹായം നല്കലുമാണ്.

ഇസ്ലാമികമായിമുതലാഖ് ശരിയാണോ തെറ്റാണോ എന്ന് അറിയാത്തവരാനു പലരും. സിനിമയിലും സാഹിത്യത്തിലും ഉള്ള പോലെ ഒറ്റയടിക്ക് ഒന്നും രണ്ടും മൂന്നും ചൊല്ലി എന്ന് പറഞ്ഞാൽ ബന്ധം വേർപ്പെട്ടു എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കുറവല്ല. വികലമായ ധാരണകൾ വെച്ച് പുലർത്തിയിരുന്നവരുടെ മുന്നിലേക്ക് സുപ്രീംകോടതി വിധിയെ മുൻനിർത്തി തന്നെ ശരിയും തെറ്റും വിശദമാക്കി കൊടുക്കാനുള്ള ഒരു അവസരം, കൃത്യമായ നിയമബോധവത്ക്കരണം നടത്താനുള്ള അവസരം മുസ്ലിംസമൂഹത്തിനു നിഷേധിച്ചന് പിന്നിലെ ന്യായീകരണം എന്താണ്?

ഭർത്താവ് മുതലാഖ് ചൊല്ലുന്നത് ധാർഷ്ട്യവും ക്രൂരതയും ആണെങ്കിൽ പോലും സ്ത്രീ അവൾ അതുവരെ ഉണ്ടാക്കിയ ധാരണ പ്രകാരം ഏകപക്ഷീയമായ മുതലാഖ് കാരണം അവൾ ഭർത്താവിന് അന്യയാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിലോ?

ഒരു സമുദായത്തിന് ഞങ്ങളോട് അനീതി കാണിച്ചു എന്ന തോന്നൽ നിലനിർത്തികൊണ്ടല്ല ഒരു പരിഷ്‌കരണം കൊണ്ട് വരേണ്ടത്. തങ്ങളുടെ രാഷ്ട്രീയ രഥത്തിൽ മുസ്ലിം വിരുദ്ധത കൊടിക്കൂറയാക്കി വെച്ചവരാണ് നിയമ നിര്മാണമായി വരുന്നത് എന്നിടത്താണ് മുസ്ലിം ന്യൂനപക്ഷ ആശങ്കയുടെ രാഷ്ട്രീയം വെളിവാകുന്നത്. നിലവിൽ നിലനിൽക്കുന്ന നിയമങ്ങൾ തന്നെ പര്യാപ്തമാണെന്നിരിക്കെ ഹിന്ദു കോഡ് ബില്ലിനും 1986 ലെ മുസ്ലിം വനിതാ നിയമത്തിനും ചർച്ച അനുവദിച്ച സമയം പോലും വേണ്ടെന്നു വെച്ച് തിടുക്കപെടാൻ മാത്രമുള്ള എന്ത് അവസ്ഥയാണ് ഇവിടെ സംജാതമായിരിക്കുന്നത്?

കാലോചിതമായി ശരീഅത്ത് പരിഷ്‌കരിക്കണമെന്ന ആവശ്യം പേഴ്‌സണൽ ബോർഡോ മുസ്ലിം സംഘടനകളോ ഇനിയും ഉൾകൊണ്ടിട്ടില്ല എന്നത് തീർത്തും ശരി. പക്ഷേ അതിന് പരിഹാരം ഇത് പോലുള്ള തട്ടിക്കൂട്ട് നിയമമല്ല. മുസ്ലിങ്ങളെ, പ്രത്യേകിച്ചും ഇരകളായ മുസ്ലിം സ്ത്രീകളെ, വിശ്വാസത്തിലെടുത്തുള്ള സുതാര്യമായ നടപടികളാണാവശ്യം. അത് മുത്വലാഖിൽ മാത്രമായി ഒതുങ്ങാനും പാടില്ല. കാലോചിതമായി വിശ്വാസ പ്രമാണക്കളുടെ അടിസ്ഥാനത്തിലുള്ള സമഗ്രമായ പരിഷ്‌കരണമാണാവശ്യം. മറ്റു മുസ്ലിം രാജ്യങ്ങളിലെ മാതൃകയും നമ്മുടെ മുന്നിലുണ്ട്.. മുസ്ലിം വ്യക്തി നിയമം ദൈവദത്തമല്ല എന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. ഡി എഫ് മുല്ലയുടെ മുഹമ്മദൻ ലോ ശരീഅത്തല്ല എന്നും ശരീഅതിനനുസരിച് മുസ്ലിം പേർസണൽ ലോ കാലോചിതമായി നവീകരിക്കേണ്ടതുണ്ടെന്നുമുള്ള മുസ്ലിം സമുദായത്തിനുള്ളിൽ തന്നെയുള്ള ആവശ്യത്തിലേക്കു മുസ്ലിം പേർസണൽ ലോബോർഡ് അടക്കമുള്ളവർ ചെവി കൊടുക്കാൻ തുടങ്ങിയ അവസ്ഥയിലാണ് ഗവണ്മെന്റ് സമുദായവുമായി കൂടിയാലോചിക്കാതെ ഈ ബില് കൊണ്ട് വരുന്നത്. അതിനു പിന്നിലെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടേണ്ടത് തന്നെയാണ്.

2011 സെൻസസ് ഡാറ്റ പ്രകാരം 2 മില്യൺ ഹിന്ദു സ്ത്രീകളാണ് ഭർത്താവിനാൽ ഉപേക്ഷിക്കപെട്ട് ദുരിതമനുഭവിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ എണ്ണം 2 .8 ലക്ഷവും. മുതലാഖിൽ കൂടെ അല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നതും ക്രിമിനൽ കുറ്റമാക്കേണ്ടേ ? അങ്ങിനെയൊരു തെറ്റിന്റെ തുറന്നു പറച്ചിലിൽ കൂടെ എങ്കിലും ഇത്തിരി ധാർമികത പ്രധാനമന്ത്രി കാണിക്കേണ്ടതില്ലേ? ജാതി മത വേലിക്കെട്ടുകൾക്കപ്പുറം സ്ത്രീകളുടെ കണ്ണീരിനും യാതനക്കും ഒരേ വില കൊടുക്കേണ്ടേ?

മുസ്ലിം സ്ത്രീകളുടെ വേദനിക്കുന്ന സഹോദരൻ അടിയന്തിരമായി ശ്രദ്ധിക്കേണ്ടുന്ന ഒരു സെനാറിയോ കൂടെ ഉണ്ട്. ഹിന്ദു വ്യക്തി നിയമ പ്രകാരം ബഹുഭാര്യാത്വം നിരോധിച്ചതായി അവകാശപ്പെടുമ്പോഴും ഇസ്ലാം മതത്തിലേക്ക് ചേക്കേറാതെ തന്നെ ഹിന്ദു പുരുഷന്മാർക്ക് രണ്ടാം വിവാഹത്തിൽ ഏർപ്പെടാനുള്ള പഴുത് ഹിന്ദു വ്യക്തി നിയമത്തിൽ ഉണ്ട്. അതുപ്രകാരം അഗ്‌നി പ്രദക്ഷിണംഅഥവാ സപ്ത പദി , വിവാഹ ഹോമം തുടങ്ങിയവ ഉണ്ടെങ്കിലേ വിവാഹം നിയമത്തിനു മുന്നിൽ സാധുവാകൂ. .ഉത്തരേന്ത്യയിൽ ഹിന്ദു വിവാഹങ്ങൾ സപ്തപദി ആചാരത്തോട് കൂടെയാണ് നടക്കുന്നത്.ഹോമാഗ്‌നിയുടെ ചുറ്റും ദമ്പതികൾ ഏഴു ചുവട് നടന്നാലേ വിവാഹം പൂർണമാകൂ

ബ്രാഹ്മണ ചടങ്ങുകൾ ഇല്ലാതെ തന്നെ വിവാഹങ്ങൾ ഹിന്ദുക്കൾക്കിടയിൽ നടക്കുന്നുണ്ട്. അതിനെ ഹിന്ദു സമൂഹം അംഗീകരിക്കുന്നുമുണ്ട്. എന്നാൽ ബ്രാഹ്മണ ചടങ്ങുകൾ ഇല്ലാത്ത ഹിന്ദു വിവാഹങ്ങൾ നിയമം അംഗീകരിക്കുന്നുമില്ല. നിയമ അംഗീകാരം ഇല്ലാത്ത എന്നാൽ സമൂഹം അംഗീകരിക്കുന്ന ഇത്തരം വിവാഹത്തിലൂടെ ഹിന്ദു പുരുഷൻ രണ്ടാം ഭാര്യയെ സ്വീകരിക്കുമ്പോൾ നിയമം സമ്പൂർണ ബഹുഭാര്യാത്വ നിരോധനം എന്ന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്നു.ഇങ്ങനെ നിയമത്തിലെ പഴുത് ദുരുപയോഗപ്പെടുത്തി ഹിന്ദു പുരുഷൻ രണ്ടാം വിവാഹം കഴിക്കുമ്പോൾ നിയമത്തിനു ഭർത്താവിന് ശിക്ഷ വിധിക്കാൻ കഴിയില്ല കാരണം നിയമത്തിന്റെ കണ്ണിൽ ഹിന്ദു ആചാരപ്രകാരമല്ലാതെ നടക്കുന്ന വിവാഹം വിവാഹമല്ല.നടക്കാത്ത വിവാഹത്തിന് എങ്ങിനെ കോടതി ബഹുഭാര്യാത്വത്തിനുള്ള ശിക്ഷ വിധിക്കും?ചുരുക്കി പറഞ്ഞാൽ ആദ്യഭാര്യക്കും രണ്ടാം ഭാര്യക്കും നീതി നിഷേധിക്കപ്പെടുന്നു. ആദ്യ ഭാര്യ തന്നോട് വിശ്വാസ വഞ്ചന കാണിച്ച ഭർത്താവിനെതിരെ നൽകുന്ന കേസും നില നിൽക്കില്ല. രണ്ടാം ഭാര്യ നിയമപരമായി ഭാര്യ അല്ലാത്തതുകൊണ്ട് സ്വത്തും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. ഇവിടെ ലിംഗ നീതി നിഷേധം വളരെ പ്രകടമാണ് . ഹോമകുണ്ഡത്തെ വലം വെക്കാതെ ഭർത്താക്കന്മാർ നടത്തിയ വിവാഹങ്ങൾക്കെതിരെ ആദ്യ ഭാര്യമാർ നൽകിയ പരാതികൾ കോടതികൾ തള്ളി കളഞ്ഞിട്ടുണ്ട്.

1956 ഭൗ റാവു ശങ്കർ ലൊഖാണ്ഡേ vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര, 1996 കൻവൽറാം vs ഹിമാചൽ പ്രദേശ് ഗവണ്മെന്റ്, 1971 പ്രിയ ബാലാഘോഷ് vs സുരേഷ് ചന്ദ്ര ഘോഷ് തുടങ്ങിയ കേസുകൾ ഉദാഹരണങ്ങളാണ്. വിവാഹാനന്തരം ഭർത്താവ് സംരക്ഷിക്കുന്ന പ്രതീക്ഷയിൽ കുട്ടികളെ വളർത്തലും കുടുംബ പരിപാലനവും സ്വന്തം ധർമ്മമായെടുത്ത് വീടിനുള്ളിൽ ഒതുങ്ങിപോകുകയും സ്വന്തമായി ഒരു വരുമാന മാർഗവും കണ്ടെത്താതിരിക്കുകയും ചെയ്യുന്ന സ്ത്രീകൾ ഭർത്താവ് രണ്ടാമതൊരു പങ്കാളിയെ കൊണ്ട് വരുമ്പോൾ നിരാലംബരായി തീരുന്നു.നിയമ നിർമ്മാണം കൊണ്ട് സ്ത്രീക്ക് നീതിയാണ് ലക്ഷ്യമിടുന്നതെങ്കി മുസ്ലിം സ്ത്രീകളോടൊപ്പം എല്ലാ മത വിഭാഗങ്ങളിലെ സ്ത്രീകളുടെയും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്.

ഗോ രക്ഷയുടെ പേരിൽ കഴിഞ്ഞ 5 കൊല്ലങ്ങളിൽ കൊല്ലപ്പെട്ട 28 പേരിൽ 25 പേര് മുസ്ലിംകളാണ്. അവരുടെ കുടുംബത്തിലെ സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും പാക്കേജ് കൊണ്ട് വരുമോ?അവരും വേദനിക്കുന്ന മുസ്ലിം സ്ത്രീകളാണ്.

ഗുജറാത്തിലെ,മുസഫർ നഗറിലെ, കശ്മീരിലെ മുസ്ലിം സ്ത്രീകളെ കുറിച്ചു ഉത്ക്കണ്ഠ പങ്കുവെക്കാമോ? നജീബിന്റെ ഉമ്മയുടെ കണ്ണുനീരിനു ഒരു അറുതി പ്രതീക്ഷിക്കാമോ?

മീനാക്ഷി ലേഖിയോട് ഞാൻ യോജിക്കുന്നു ഇസ്ലാമിക നിയമം വളച്ചൊടിക്കുന്ന മൗലവിമാർ ജയിലിലോ നരകത്തിലോ പോകട്ടെ എന്നാൽ അതിനോടൊപ്പം പോകേണ്ടവരെ കുറിച്ചു കൂടി സംസാരിക്കൂ.ഉത്തരേന്ത്യയിൽ ഖാപ് പഞ്ചായത്തുകൾ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന ഇടപെടലുകൾ എല്ലാവര്ക്കും അറിയാവുന്നതാണ്. മാർക്കണ്ഡേയ കട്ജു ഉൾപ്പെടെയുള്ള ബെഞ്ച് ആണ് ഖാപ് പഞ്ചായത്തുകൾ നിയമ വിരുദ്ധമാണെന്നും അവ നിരോധിക്കണമെന്നും പറഞ്ഞത്.അതെ സമയം ഈ കങ്കാരൂ പഞ്ചായത്തുകളെ ഭാരത സംസ്‌കാരത്തിന്റെ സംരക്ഷകർ എന്ന് വിശേഷിപ്പിച്ചത് ബിജെപി സർക്കാരും ആർ .എസ് എസുമാണ്. അവർ തന്നെയാണ് നിയമം ഉണ്ടാക്കുന്നതും നടപ്പാക്കുന്നതും.ഉദാഹരണമായി മാനം കാക്കൽ കൊല.ഇഷ്ടപ്പെട്ടവർ വ്യത്യസ്ത ജാതിക്കാരായാൽ അവരെ കൊന്നു കളയുന്നത് നിയമവ്യവസ്ഥയെ അട്ടിമറിക്കലെങ്കിൽ മറ്റെന്താണ്?ബലാത്സംഗ കേസിൽ അവർ നടപ്പാക്കുന്ന കാട്ടു നീതിക്ക് എന്ത് ന്യായീകരണമാണുള്ളത്? കഴിഞ്ഞ വര്ഷം ബലാത്സംഗ ചെയ്ത കുറ്റവാളിക്ക് ശിക്ഷയായി അയാളുടെ സഹോദരിയെ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ഭർത്താവ് ബലാത്സംഗം ചെയ്യണമെന്ന വിധിയും ഈ നാട്ടു കൂട്ടം പുറപ്പെടുവിക്കുകയുണ്ടായി. ഹമ്മുറാബിയുടെ നിയമങ്ങളെ പോലും നാണിപ്പിക്കുന്ന നിയമങ്ങളാണ് അവർ നടപ്പാക്കുന്നത്. ഇതാണ് ഭാരത സംസ്‌കൃതി എങ്കിൽ നിങ്ങൾ ഇന്നലെ പറഞ്ഞ ലിംഗ നീതീ എന്താണ്? ആ ഖാപ് പഞ്ചായത്ത് നേതാക്കളെ ജയിലിൽ അടക്കാമോ ആദ്യം?

മുത്തലാഖ് പ്രാകൃതമാണെന്നും അനീതിയാണെന്നും പറയുമ്പോൾ തന്നെ പരിഷ്‌കരിക്കപ്പെടേണ്ട ആചാരങ്ങളും രീതികളും ഇനിയുമില്ലേ എന്ന് ചിന്തിക്കേണ്ടതുണ്ട്. കർണാടക, മഹാരാഷ്ട്രാ തുടങ്ങിയ സംസ്ഥാനങ്ങളിൽ ദേവദാസി സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നു.സ്വന്തം പെണ്മക്കളുടെ കന്യകാത്വം വിലയായി നൽകി നാടിന്റെ വരൾച്ചയും ക്ഷാമവും പട്ടിണിയും മാറ്റേണ്ട ഗതികേടിലാണ് ഇവിടത്തെ പട്ടിണി പാവങ്ങളായ താഴ്ന്ന ജാതിക്കാരായ മാതാപിതാക്കൾ.

നിയമപ്രകാരം നിരോധിച്ചിട്ടും ഇപ്പോഴും ഈ പ്രാകൃതാചാരങ്ങൾക്കു ഇരയാകുന്ന പെൺകുട്ടികളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.2007 ലെ പഠനമനുസരിച്ച് കർണാടകയിൽ മാത്രം 23000 ദേവദാസികളുണ്ട്.പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ സ്വന്തം സർഗാത്മക ജീവിതത്തിനു മരണ ശിക്ഷ വിധിച്ചത് തന്റെ കൃതിയിലൂടെ തിരുഞ്ചങ്കോട് അമ്പലത്തിൽ കാലങ്ങളായി നിലനിൽക്കുന്ന ദുരാചാരത്തെ വിമർശിച്ചതിനാണ്.കുട്ടികളില്ലാത്ത സ്ത്രീകൾ ഒരു പ്രത്യേക ദിവസത്തിൽ അമ്പലത്തിൽ വെച്ച് അന്യ പുരുഷനുമായി ശയിച്ചു ഗർഭം ധരിക്കുന്നതിനെ കുറിച്ചു എഴുതിയതിനാണ് ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് അദ്ദേഹം ഇരയായത്. ആ ആചാരം നിർത്തലാക്കുമോ?

വിവാഹ പിറ്റേന്ന് വിരിപ്പിൽ രക്തം കണ്ടില്ലെങ്കിൽ പെൺകുട്ടിയെ ക്രൂരമായ ശിക്ഷകൾക്കു വിധിക്കുന്ന ജാതി പഞ്ചായത്തുകൾ ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നു.സ്വന്തം വിശുദ്ധി തെളിയിക്കാൻ പഞ്ചായത്ത് പറയുന്ന പരീക്ഷകളിലൂടെ, (സർപ്പത്തിന്റെ കൂട്ടിൽ കയ്യിടുന്നത് ഉൾപ്പെടെയുള്ള) പെൺകുട്ടി കടന്നു പോകേണ്ടി വരുന്നു. ലിംഗനീതി നിരസിക്കപ്പെടുന്ന ആചാരങ്ങളും രീതികളും ഇനിയുമെത്ര? ഭരണഘടനയുടെ ആർട്ടിക്കിൾ 51 പ്രകാരം സയന്റിഫിക്ക് മനോഭാവം വളർത്തിയെടുക്കേണ്ടത് പൗരന്റെ കടമയാണ് എന്ന് പറയുന്നുണ്ട്.എങ്കിൽ ചൊവ്വാ ദോഷം മൂലം വിവാഹം നടക്കാതെ ക്ലാവ് പിടിച്ച പാത്രം ഇരിക്കുന്ന സഹോദരിമാരുടെ ജീവിതം രക്ഷപ്പെടുത്തിയെടുക്കാൻ ഭരണഘടന അനുസരിച്ച് പരിഷ്‌കരണങ്ങൾ വരുത്തേണ്ടത് ഗവണ്മെന്റിന്റെ കടമയല്ലേ?

മുസ്ലിം സമുദായത്തിന്റെ വക്താക്കൾ ആകുന്നവർ ഓർക്കേണ്ടത് ഈ അവസ്ഥ കൊണ്ട് വന്നു എത്തിച്ചതിൽ നിങ്ങളുടെ പങ്കു ആണ്. ആർട്ടിക്കിൾ 25 ഉയർത്തിക്കാട്ടി മത സ്വാതന്ത്ര്യം ഭരണഘടനാവകാശം ആണെന്ന് പറയുമ്പോഴും സ്വന്തം മതത്തിനുള്ളിൽ തന്നെ സ്ത്രീകൾ മുതലാഖിനെതിരെയും ബഹുഭാര്യാത്വത്തിനെതിരെയും ഉയർത്തിയ എതിർപ്പിന്റെ സ്വരങ്ങൾ പാടെ അവഗണിച്ചു സ്വയം അപഹാസ്യരായവരാണ് മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന പലരും. സ്വസമുദായ പകുതിയുടെ അവകാശങ്ങളെ നിഷേധിച്ചു കൊണ്ട് നടത്തിയ പിതൃ വാഴ്ചയുടെ തേരോട്ടത്തിലാണ് നിങ്ങളുടെ മതസ്വാതന്ത്ര്യത്തിന്റെ ഭൂമിക അന്യാധീനപ്പെട്ടുപോയത് എന്ന് തിരിച്ചറിയുക. സ്ത്രീയെ അടിമയാക്കി വെക്കാൻ നിങ്ങൾ നിയമങ്ങളെ വളച്ചൊടിച്ചപ്പോൾ ഫാസിസത്തെ പ്രതിരോധിക്കാനുള്ള അവസരമാണ് ഇല്ലാതെ ആയത്.

പുരുഷ ഫാസിസത്തിൽ നിന്നും മത ഗ്രന്ഥങ്ങളുടെ സ്ത്രീ വിരുദ്ധ വ്യാഖ്യാനങ്ങളിൽ നിന്നും സ്ത്രീക്ക് വിമോചനം വേണമെന്നത് നിസ്തർക്കമാണ്. എക്കാലത്തും ഇസ്ലാമിക നിയമങ്ങൾ വ്യാഖ്യാനിക്കുകയും ആ വ്യാഖ്യാനങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്യുന്നത് പുരുഷ മതപണ്ഡിത വൃന്ദമാണ്.അവർ വളച്ചൊടിക്കുകയും സ്വന്തം താല്പര്യാനുസൃതം ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്ത ഇസ്ലാമിക സൂക്തങ്ങളുടെ ഇരകളാണ് മുസ്ലിം സ്ത്രീകൾ. മതത്തെ മറയാക്കികൊണ്ടുള്ള സാമൂഹ്യ അനീതിയും ലിംഗ നീതി നിരാസവും ഇനിയെങ്കിലും എതിർക്കപ്പെടണം.

കാലാകാലങ്ങളിൽ മത വ്യാഖ്യാതാക്കൾ പുരുഷന്മാരായിരുന്നതുകൊണ്ട് അവരുടെ സങ്കുചിത ചിന്തകളും സ്ത്രീവിരുദ്ധ ധാരണകളും ചേർന്ന് മലീമസമായ നിയമസംഹിതകളെ ശുദ്ധീകരിക്കേണ്ട പ്രക്രിയ സ്ത്രീ സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഏകപക്ഷീയമായ മുത്തലാക്കും നിയന്ത്രണ വിധേയമല്ലാത്തതും സ്ത്രീക്ക് നീതി നിഷേധിക്കുന്നതുമായ ബഹുഭാര്യാത്വവും അനിസ്‌ളാമികമാണെന്നും കാലങ്ങളായി വളച്ചൊടിക്കപ്പെട്ടതാണെന്നും അറിഞ്ഞിരുന്നിട്ടും സ്ത്രീകള്ക്ക് ഇസ്ലാം നൽകിയ നീതി നിഷേധിച്ചവരെ.. ജീർണിച്ച മത ധാർമിക മാറാപ്പുകൾ പേറുന്ന നിങ്ങളാണ് ഇതിനെല്ലാം മറുപടി പറയേണ്ടത്.

(അമീറ ഐഷാബീഗം ഫേസ്‌ബുക്കിൽ കുറിച്ചത്)