ന്യൂയോർക്ക്: ഇന്ത്യയുടെ അഭിമാനമായ മംഗൾയാനെ തൊട്ടാൽ ന്യൂയോർക്ക് ടൈംസിനായാലും പണികിട്ടുമെന്നുറപ്പ്. ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ പരിഹസിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ച ന്യൂയോർക്ക് ടൈംസിന് ഒരിക്കലും മറക്കാനാകാത്ത പണിയാണ് മലയാളികൾ കൊടുത്തത്.

ന്യൂയോർക്ക് ടൈംസിന്റെ ഫേസ്‌ബുക്ക് പേജിൽ പച്ചത്തെറി കൊണ്ട് അഭിഷേകം നടത്തിയാണ് മംഗൾയാനെ കളിയാക്കിയതിന് മലയാളികൾ മറുപടി നൽകിയത്. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മറിയ ഷറപ്പോവയ്ക്കും മലയാളികൾ കണക്കിന് കൊടുത്തിരുന്നു.

മംഗൾയാനെ കളിയാക്കിയുള്ള കാർട്ടൂൺ തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ, അവർ എഫ്ബി പേജിൽ പോസ്റ്റ് ചെയ്ത ബാക്കി വാർത്തകൾക്കും ചിത്രങ്ങൾക്കുമെല്ലാം വന്ന കമന്റ് കണ്ട് അവർ ഞെട്ടിയിരിക്കുകയാണ്. ഇംഗ്ലീഷിൽ മാത്രമല്ല, പച്ചമലയാളത്തിലും തെറികൊണ്ട് അഭിഷേകമാണ് പത്രത്തിന്റെ ഫേസ്‌ബുക്ക് പേജിൽ.

ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന കാർട്ടൂണാണ് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശനം നടത്തുന്നതിനിടെയാണ് ന്യൂയോർക്ക് ടൈംസിൽ മംഗൾയാനെ പരിഹസിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. എലൈറ്റ് സ്‌പെയ്‌സ് ക്ലബ്ബിന്റെ വാതിലിൽ കന്നുകാലിയുമായി തട്ടി വിളിക്കുന്ന ഇന്ത്യക്കാരന്റെ ദൃശ്യമാണ് കാർട്ടൂണിൽ. ഇന്ത്യക്കാരൻ ഇപ്പോഴും കന്നുകാലിയെ മേച്ചു നടക്കുന്ന അപരിഷ്‌കൃതനാണെന്നാണ് കാർട്ടൂണിലൂടെ ന്യൂയോർക്ക് ടൈംസ് പരിഹസിക്കുന്നത്.

എന്തായാലും മലയാളികളുടെ കമന്റ് പ്രവാഹത്തിൽ ഞെട്ടിയിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ്. എല്ലാ പോസ്റ്റിനൊപ്പവും മലയാളത്തിലുൾപ്പെടെ കമന്റുകൾ പ്രത്യക്ഷപ്പെട്ടത് മാദ്ധ്യമ ഭീമന്മാർക്ക് തലവേദനയായിരിക്കുകയാണ്. നേരത്തെ മറിയ ഷറപ്പോവയ്ക്ക് കിട്ടിയ പണിയിലും മേലെയാണ് ന്യൂയോർക്ക് ടൈംസിന് കിട്ടിയിരിക്കുന്നത്.

'സച്ചിൻ ടെൻഡുൽക്കറോ? അതാരാ?' എന്ന് ചോദിച്ച ഷറപ്പോവ ജീവിതത്തിൽ ഒരിക്കലും ആ പേര് മറക്കാത്ത വിധത്തിലായിരുന്നു മലയാളികളുടെ പ്രതികരണം. ഫേസ്‌ബുക്ക് പേജിലെ തെറിയഭിഷേകത്തിൽ വെള്ളം കുടിച്ച ഷറപ്പോവയെ രക്ഷിക്കാൻ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ തന്നെ വേണ്ടി വന്നു. ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് സൂപ്പർ താരം പറഞ്ഞതോടെയാണ് പ്രതിഷേധക്കാർ അടങ്ങിയത്.