മ്മൂമ്മയുടെ മുല എന്ന ലേഖനത്തോടാണ് പ്രതികരണം എന്നതുകൊണ്ട് ഞാനും അല്പം മുല ലെഗസിയിൽ നിന്നു തുടങ്ങാം. എന്റെ അച്ഛമ്മയുടെ അമ്മയും അച്ഛമ്മയും മേൽമുണ്ടോ ജമ്പറോ സ്ഥിരമായി ധരിച്ചിരുന്നില്ല. അതിരാവിലെ എണ്ണതേച്ച് കുളിക്കാനുള്ള വെള്ളം ചെമ്പുകലത്തിൽ ചൂടാക്കാൻ തീമൂട്ടിയിട്ട് എൺപതിലും അഴക് വിടാത്ത നെഞ്ച് വിരിച്ച് തെങ്ങ് കയറാൻ വരുന്ന ആളുകൾക്ക് നിർദ്ദേശം കൊടുത്ത് പറമ്പിലൂടെ ഓടി നടക്കുന്നത് ഞാനും ഓർക്കുന്നു.

എന്റെ ഓർമ്മയിൽ അവരിൽ ഒട്ടുമുക്കാൽ പേരും വീട്ടുഭരണനിർവ്വഹണത്തിലെ കാര്യശേഷിയും സാമൂഹിക ഇടപെടലുകളിലെ അസാമാന്യ ധൈര്യവും കാഴ്ചവച്ചവരാണ്. ആ കൂസ്സലില്ലായ്മയും പല കാര്യങ്ങളിലെ കണിശതയും ഒഴുക്കുനിലയ്ക്കാത്ത ഒരു സമൂഹത്തിൽ പല കാഴ്ചപ്പാടുകൾക്കും മാനദണ്ഡങ്ങൾക്കും അനുകൂലങ്ങളും പ്രതികൂലങ്ങളുമായ മാറ്റങ്ങളുണ്ടാവും. നഗ്‌നതയ്ക്കും അതുപോലെതന്നെ.

എന്നാലും എനിക്കുറപ്പുണ്ട്. തരുൺ സാഗർ തുണി ഉടുക്കുന്നില്ലാ എന്നതുകൊണ്ട് അരയ്ക്ക് മുകളിൽ വസ്ത്രം ധരിക്കാത്ത കഴിഞ്ഞ തലമുറ അമ്മൂമ്മമാരെയും മാറുമറയ്ക്കൽ സമരത്തിന്റെ സാമൂഹികമുന്നേറ്റത്തെയും ഇതുമായി കൂട്ടിക്കെട്ടേണ്ടുന്ന ഒരാവശ്യവുമില്ല. മാത്രമല്ല ദിഗംബര വിശ്വാസത്തെ മാറുമറയ്ക്കൽ ഇല്ലാത്തകാലത്തെ സമൂഹത്തിന്റെ നഗ്‌നതാ കാഴ്ചപ്പാടുമായി കൂട്ടിക്കെട്ടുന്നത് രാഷ്ട്രീയശരികേടുമാണ്.

പഴങ്കഥകളും സവർണകുടുംബവ്യവഹാരങ്ങളും തൽക്കാലം അട്ടത്തു തന്നെ ഇരിക്കട്ടെ.

ഇനി വിഷയത്തിലോട്ടു വരാം. മുരളി തുമ്മാരക്കുടി ഈ വിഷയത്തെ അക്കമിട്ട് അവതരിപ്പിച്ച് ഒഴിവാക്കിയെടുക്കുന്നതിങ്ങനെ

'1. ഒരു സ്വാമിജിയെ നിയമസഭയിൽ വിളിച്ചുവരുത്തിയത്.
2. സ്വാമിക്ക് സ്പീക്കറുടെ കസേര നൽകിയത് (ഞാൻ കണ്ടിടത്തോളം പ്രത്യേക സീറ്റ് ആണ് നൽകിയത്).
3. സ്വാമിജി നഗ്നനായിരുന്നത്.
4. സ്വാമിജി പറഞ്ഞ എന്തെങ്കിലും.

നാലാമത്തെ കാര്യം ആദ്യമേ വിടാം. അദ്ദേഹം പറഞ്ഞതിനെ പറ്റിയില്ല വിവാദം ഒന്നും. സ്വാമിജി പറഞ്ഞ കാര്യങ്ങളെ പറ്റി ചർച്ച നടന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു. '

ഇങ്ങനെ ചർച്ച ചെയ്യാതെ മനപ്പൂർവ്വം ഒഴിവാക്കിഎടുത്ത നാലാമത്തെ പോയന്റെടുക്കാം. അതിലാണ് നഗ്‌നതയാണു പ്രശ്‌നം എന്നു വരുത്തിത്തീർക്കാനായി തരുൺ സാഗർ പറഞ്ഞതാണു പ്രശ്‌നമെന്നതിനു സാമ്പിൾ സൈസില്ല എന്ന ഡിപ്ലൊമാറ്റ് ന്യായം വച്ച് നഗ്‌നതയിലോട്ട് ചർച്ച വഴിമാറ്റുന്നത്

എന്തുകൊണ്ടിതു പ്രശ്‌നമാണ് എന്നതിനു ഒരു ഉദാഹരണം പറയാം:- 

ഇവിടെ സ്ഥലം നിയമസഭയല്ല, ഒരു സ്‌കൂളാണ്. പ്രസംഗിക്കുന്നത് തരുൺദാസല്ല, നല്ല ശുഭ്രവസ്ത്രധാരിയായ യൂട്രസ് സ്ലിപ് സ്‌പെഷലിസ്റ്റ് ഡോ. രജത്കുമാർ ആണെന്നു കരുതുക. 'സമൂഹത്തിന്റെ വിവിധ മേഖലകളിൽ അറിവുള്ളവരെ വിളിച്ച് അവർക്ക് നമ്മുടെ' വിദ്യാർത്ഥികളുമായി 'സംവദിക്കാൻ അവസരമുണ്ടാക്കണം '. 'ആരെ വിളിക്കണമെന്നതോ അവരെ എവിടെ ഇരുത്തണം എന്നതോ തീരുമാനിക്കുന്നത്' വിദ്യാഭ്യാസവകുപ്പ് ആണ്.

കുറച്ചു വർഷം മുമ്പ് അങ്ങനെ വിളിച്ച ഒരു വെള്ളത്താടി മനുഷ്യൻ ഒരു സ്‌കൂളിൽ പ്രസംഗിച്ചത് മാദ്ധ്യമചർച്ചയായി . അന്ന് പ്രസംഗം കേട്ടിരുന്ന ഒരു പാടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി (ശ്രദ്ധിക്കുക : സാമ്പിൾ സൈസ് വളരെ മോശം ) കൂവിയതു കൊണ്ടുമാത്രം 'യൂട്രസ് സ്ലിപ്പാവൽ' ഇത്തിരി ചർച്ചയൊക്കെ ആയി . സോഷ്യൽ മീഡിയയിൽ അയാളെ വെള്ളത്താടി വെള്ളത്താടി എന്ന് വിളിച്ച് കൊറെ ചർച്ചയും നടന്നു . ഇതിലെ യഥാർത്ഥ പ്രശ്‌നം വെള്ളത്താടിയുള്ളവരെ സ്‌കൂളുകളിൽ വിളിക്കാമോ എന്നതല്ലേ ? 'അപ്പോൾ ബാക്കി കിടക്കുന്നത് ' യൂട്രസ്സില്ലാതിരുന്നിട്ടും ഈ വെള്ളത്താടി ജീവിതത്തിൽ ഒരിക്കൽ പോലും ആരോടെങ്കിലും അപമര്യാദയായി പെരുമാറിയെന്ന് കേട്ടിട്ടുപോലുമില്ല. 'ഡ്രസ്സ്‌കോഡ് ഒക്കെ വേണ്ടേ' വെള്ളത്താടി വച്ച് സ്‌കൂളിൽ പോകാമോ. അപ്പോൾ വിദ്യാഭ്യാസത്തിന്റെ ശ്രീകോവിൽ ആയ സരസ്വതീക്ഷേത്രത്തിൽ (സ്‌കൂളുതന്നെ) ഒരു കോഡ് ഉണ്ടാവുന്നതിൽ തെറ്റൊന്നും ഇല്ല. നാളെ ഫാഷന്റെ പേരിൽ സ്ത്രീകൾ താടി വച്ചു വന്നാൽ സ്‌കൂൾ അസ്സംബ്ലിയിൽ കയറ്റമോ?

പ്രത്യക്ഷത്തിൽ തരുൺ സാഗറിന്റെ പ്രസംഗവും ഡോ. രജത്കുമാറിന്റെ പ്രസംഗവും ചർച്ചയാക്കാതെ അവരുടെ സാമൂഹ്യമതിപ്പിനെപ്പറ്റിയും വിളിക്കുന്നതിന്റെ നടപടിക്രമം പാലിച്ചോ എന്നും ചർച്ചചെയ്യുന്നവർ 'പ്രത്യക്ഷത്തിൽ എതിർപ്പിലാണെങ്കിലും അവരുടെ ഇടയിലുള്ള അന്തർധാര സജീവമാണ്'. അവർ രാശിയുള്ള കമ്പനിയിൽ ആണ്. അന്ന് രജത് കുമാറിനെ കൂകിയിരുത്താൻ ഒരു പെൺകുട്ടി ഉണ്ടായി എന്നതിന്റെ ന്യൂസ്വാല്യു പോലെ ഇവിടെ കൂവാനൊരു എംഎൽ.എ ഉണ്ടായില്ല എന്നതാണ് ഇത്തരം 'അമ്മൂമ്മയുടെ മുല' എന്ന പോലുള്ള വഴി തിരിച്ചു വിടുന്ന ലേഖനങ്ങളുണ്ടാവാനുള്ള കാരണം.

'അതായതുത്തമാ' , 50% സ്ത്രീ സംവരണം നിയമസഭ പോലുള്ള ശ്രീകോവിലുകളിൽ ഉണ്ടാവാത്ത പ്രശ്‌നം ആണ് ഇമ്മാതിരി സ്ത്രീവിരുദ്ധത പ്രസംഗിക്കുന്നവർക്ക് നിയമസഭയിൽ ക്ഷണം കിട്ടാൻ കാരണമെന്നതു മറക്കാം നമുക്കിനിയും സ്പീക്കറുടെ പരമാധികാരത്തെക്കുറിച്ചും ഫ്യൂഡൽ അമ്മൂമ്മമാർക്ക് കോലോത്തേയ്ക്ക് മേൽവസ്ത്രമിട്ട് ആക്‌സസ് സാധ്യമായതുപോലെ ഈ ശ്രീകോവിലിൽ മുലമറയ്ക്കാത്ത അമ്മൂമ്മമാർക്ക് കേറാമോ എന്നും ചർച്ചിക്കാം .