മാതൃഭൂമി ന്യൂസിലെ മാധ്യമ പ്രവർത്തകനെതിരെ വനിത മാധ്യമ പ്രവർത്തകയുടെ പീഡന പരാതി കണ്ടു. ഈ ഒരു അവസരത്തിൽ കുറച്ചു കാര്യങ്ങൾ പറയാതെ വയ്യ. പകൽ മുഴുവൻ സമൂഹത്തെ ഉദ്ധരിക്കാൻ നടന്നിട്ട് രാത്രി സമയങ്ങളിൽ തനിനിറം പുറത്തെടുക്കുന്ന ചില മാധ്യമ പ്രവർത്തകരെ അറിയാം. മാധ്യമ പ്രവർത്തകയായി ജോലി ചെയ്തിരുന്നതിനാൽ ഫ്രണ്ട് ലിസ്റ്റിൽ കൂടുതലും മാധ്യമ മേഖലയുമായി ബന്ധം ഉള്ളവരാണ്. പല മുതിർന്ന മാധ്യമ പ്രവർത്തകരുടേ പെരുമാറ്റോം സംസാരോം കേട്ടാൽ ഞെട്ടും.

ഫ്രണ്ട് ലിസ്റ്റിൽ ആഡ് ചെയ്ത് ഒരു ദിവസം തികയുന്നതിനു മുമ്പ് രാത്രിയിൽ ഇൻബോക്‌സിൽ ഒരു മെസേജ. മൊബൈൽ നമ്പർ താ പ്ലീസ് ഞാനൊന്നു വിളിക്കട്ടെ ശബ്ദം ഒന്നു കേൾക്കാനാ... പ്ലീസ് ഡാ എന്ന്. അന്ന് അവനു നല്ല മറുപടി കൊടുത്തിട്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നു. അവന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഏഷ്യാനെറ്റിൽ ഉയർന്ന നിലയിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ്. ഈ അടുത്ത സമയത്ത് ആദിവാസി മേഖലയിലെ റിപ്പോർട്ടിങ്ങിനു അവനു കിട്ടിയ അവാർഡ് വാർത്തയും ഫോട്ടോയും കണ്ടപ്പോൾ കാർക്കിച്ച് തുപ്പാനാ തോന്നിയത്.ആ അവാർഡ് ഇതുവരെ കിട്ടിയിട്ടില്ല അതു തടഞ്ഞ് ഇട്ടേക്കുവാണെന്ന് അറിഞ്ഞു. ഒന്നു അന്വേഷിച്ചാൽ നിങ്ങൾക്കു എല്ലാവർക്കും മനസിലാകും എന്തുകൊണ്ട് ആ അവാർഡ് തടഞ്ഞ് വെച്ചിരിക്കുന്നു എന്ന്. ഞെട്ടിക്കുന്ന പിന്നാമ്പുറം ഉണ്ട് അതിൽ. അത്രയ്ക്കായിരുന്നു ആ മഹാന്റെ ആദിവാസി സേവനം.

ഏഷ്യാനെറ്റിൽ മാത്രം ഒതുങ്ങുന്നില്ല ഇത്തരം മാന്യന്മാർ മംഗളം,മാതൃഭൂമി എല്ലാത്തിലും ഉണ്ട്.ഏറ്റവും രസകരമായി തോന്നിയത് മാതൃഭൂമിയിലെ ന്യൂസ് എഡിറ്ററാണ് ചക്കരേ മുത്തേ എന്നൊക്കെ വിളിച്ച് എല്ലാവരേം കൈയിലെടുത്തിട്ട് പാതിരാത്രിക്കു രണ്ടെണ്ണം അടിച്ചിട്ട് ആത്മഹത്യ ഭീഷണി മുഴക്കും .എന്നെ സ്‌നേഹിക്കാൻ ആരും ഇല്ല ഞാൻ പോകുന്നു എന്ന് പറഞ്ഞ് ടെൻഷൻ കൊണ്ട് നമ്മൾ തിരിച്ച് വിളിച്ചാൽ ഫോൺ എടുക്കില്ല.

പല ആവർത്തി ആയപ്പോൾ മറ്റു സുഹൃത്തുക്കൾ പറഞ്ഞു ഇതവന്റെ സ്ഥിരം നമ്പരാണെന്ന്. പതിവായപ്പോൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വം ഇവർക്കൊക്കെ ഉണ്ട്. സഹപ്രവർത്തകർക്കും അറിയാം ഇവരുടെ ലീലാവിലാസങ്ങൾ.

എന്നാൽ ഇതു പുറത്തുകൊണ്ടുവരാനോ പ്രതികരിക്കാനോ ആരും തയ്യാറാകുന്നില്ല. പ്രൊഫഷണൽ ജലസി കൊണ്ട് പറയുന്നതാണെന്ന് എന്നു വരുത്തി തീർക്കും എന്നറിയാവുന്നതുകൊണ്ട് ആരും പ്രതികരിക്കാറില്ല. ഇത്തരക്കാരെ സപ്പോർട്ട് ചെയ്ത് നിന്നിട്ടുള്ള മാധ്യമ സ്ഥാപനങ്ങളും ഉണ്ട്. പുറത്തറിഞ്ഞാൽ സ്ഥാപനവും നാറും എന്നുള്ളതുകൊണ്ട് തന്നെ ഒതുക്കി തീർക്കും.

സ്‌ക്രീൻ ഷോട്ട് എടുത്തിട്ട് എന്തിനാ ഒരു കുടുംബം തകർക്കുന്നേ പിന്നെ കേസായി പുലിവാലായി അതിന്റെ പിന്നാലെ നടക്കാൻ സമയം ഇല്ലാത്തതുകൊണ്ടും ആരും പ്രതികരിക്കാറില്ല (ഞാനുൾപ്പടെ)... സമൂഹത്തിൽ അറിയപ്പെടുന്ന മുതിർന്ന ചില മാധ്യമ പ്രവർത്തകരാണ് കൂടുതലും ഇത്തരം പരിപാടികൾക്ക് മുന്നിൽ നിൽക്കുന്നത്. വല്ല്യ വല്ല്യ അവാർഡ്കൾ ഒക്കെ വാങ്ങി തല ഉയർത്തി പിടിച്ച് ഹർഷപുളകിതരായി നിൽക്കുന്ന ഇവരുടെ ഒക്കെ ഫോട്ടോ പത്രത്തിൽ കാണുമ്പോൾ മുകളിൽ പറഞ്ഞ പോലെ കാർക്കിച്ച് ഒന്ന് തുപ്പാൻ തോന്നും.. മെസഞ്ചർ എന്ന സംഭവം ഇൻസ്റ്റാൾ ചെയ്ത് വെക്കാൻ കഴിയാത്ത ഗതികേടിലാ.. ഇത്തരക്കാരെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുകയേ നിർവാഹമുള്ളു..

മാതൃഭൂമിയിൽ നിന്നും ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന പീഡന ആരോപണത്തിൽ സത്യം വെളിച്ചത്തു തന്നെ വരണം. സമൂഹത്തെ ഉദ്ധരിക്കാൻ നടക്കുന്ന പലരും സ്വയം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ വ്യക്തിഹത്യയും പാര പണിയും നടക്കുന്ന തൊഴിലിടമാണ് നമ്മുടേത് എല്ലാവരും ഇതേപോലെ ആണെന്ന് പറയില്ല. എങ്കിലും ചിലരെയെങ്കിലും തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(മാതൃഭൂമി ന്യൂസിലെ അമൽ വിഷ്ണുദാസ് സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തക ശ്രീവിദ്യ ശ്രീകുമാർ ഫെയ്‌സ് ബുക്കിൽ നൽകിയ കുറിപ്പ്)