- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഇത് പാറയാണ്... ഉറച്ച പാറ; മഴപെയ്താലും കാറ്റൂതിയാലും വെള്ളം പൊങ്ങിയാലും ഒലിച്ചുപോകാത്ത കർത്താവിന്റെ സഭ; തലക്കു സ്ഥിരതയില്ലാത്ത ആരോ അർദ്ധരാത്രിയിൽ ഫേസ്‌ബുക്കിൽ തേച്ചിട്ടുപോയ അമേദ്യത്തിൽ നിന്നാണ് പ്രശ്‌നങ്ങളുടെ ആരംഭം; അങ്കമാലി രൂപത സ്ഥലക്കച്ചവടം നടത്തി എന്നതും അതിൽ ചില അബദ്ധങ്ങൾ സംഭവിച്ചു എന്നതും സത്യമാണ്; എന്നാൽ അത് കോടികളുടെ നഷ്ടത്തിലൊന്നും കലാശിച്ചിട്ടില്ല: സീറോ മലബാർ സഭയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കി നോബിൾ തോമസ് എഴുതുന്നു
സീറോ മലബാർ സഭയിലെ മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരിക്ക് എതിരെ സഭയിൽ ഒരു സംഘം ഗൂഢനീക്കം നടത്തുന്നതായും സഭയുടെ പേരിലുള്ള സ്ഥലംവിറ്റ സംഭവത്തിൽ കോടികൾ വെട്ടിക്കപ്പെട്ടുവെന്നും എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ആലഞ്ചേരി പിതാവ് അഴിമതിക്കാരനാണെന്ന് വരുത്താൻ ആയിരുന്നു ഗൂഢനീക്കമുണ്ടായതെന്ന് ഒരു വിഭാഗം പറയുന്നു. പിതാവിനെതിരെ ആരോപണം ഉയർത്തി അദ്ദേഹത്തെ പുകച്ചു പുറത്തുചാടിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം. സഭയുടെ സ്ഥലം വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് സഭാ തലവനെ കുരുക്കാൻ നീക്കമുണ്ടായെന്നും വ്യാജ അഴിമതി കഥ മെനഞ്ഞ് നടത്തിയ ചോദ്യംചെയ്യലിനെ തുടർന്ന് ഹൃദയാഘാതത്തെ തുടർന്ന് മാർ ആലഞ്ചേരി ആശുപത്രിയിലാണെന്നും ഉള്ള വിവരങ്ങളാണ് പുറത്തുവന്നത്. സീറോ മലബാർ സഭയുടെ ഡൽഹി (ഫരീദാബാദ്) രൂപതാദ്ധ്യക്ഷനായ മാർ എബ്രഹാം ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിലുള്ള ഒരുസംഘം മെത്രാന്മാരും ചില വൈദികരുമാണ് മാർ ആലഞ്ചേരിയെ സമ്മർദ്ദം ചെലുത്തി രാജിവയ്‌പ്പിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു ആക്ഷേപം.സമൂഹ മാധ്യമങ്ങൾ വഴി ഇത്തര
സീറോ മലബാർ സഭയിലെ മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരിക്ക് എതിരെ സഭയിൽ ഒരു സംഘം ഗൂഢനീക്കം നടത്തുന്നതായും സഭയുടെ പേരിലുള്ള സ്ഥലംവിറ്റ സംഭവത്തിൽ കോടികൾ വെട്ടിക്കപ്പെട്ടുവെന്നും എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ആലഞ്ചേരി പിതാവ് അഴിമതിക്കാരനാണെന്ന് വരുത്താൻ ആയിരുന്നു ഗൂഢനീക്കമുണ്ടായതെന്ന് ഒരു വിഭാഗം പറയുന്നു. പിതാവിനെതിരെ ആരോപണം ഉയർത്തി അദ്ദേഹത്തെ പുകച്ചു പുറത്തുചാടിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.
സഭയുടെ സ്ഥലം വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് സഭാ തലവനെ കുരുക്കാൻ നീക്കമുണ്ടായെന്നും വ്യാജ അഴിമതി കഥ മെനഞ്ഞ് നടത്തിയ ചോദ്യംചെയ്യലിനെ തുടർന്ന് ഹൃദയാഘാതത്തെ തുടർന്ന് മാർ ആലഞ്ചേരി ആശുപത്രിയിലാണെന്നും ഉള്ള വിവരങ്ങളാണ് പുറത്തുവന്നത്. സീറോ മലബാർ സഭയുടെ ഡൽഹി (ഫരീദാബാദ്) രൂപതാദ്ധ്യക്ഷനായ മാർ എബ്രഹാം ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിലുള്ള ഒരുസംഘം മെത്രാന്മാരും ചില വൈദികരുമാണ് മാർ ആലഞ്ചേരിയെ സമ്മർദ്ദം ചെലുത്തി രാജിവയ്‌പ്പിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു ആക്ഷേപം.
സമൂഹ മാധ്യമങ്ങൾ വഴി ഇത്തരത്തിൽ നടന്ന പ്രചരണങ്ങൾ തെറ്റാണെന്നും മേജർ ആർച്ചുബിഷപ്പിനെ അപമാനിക്കാൻ മനപ്പൂർവം സൃഷ്ടിച്ച കഥകളാണിതെന്നും വ്യക്തമാക്കി മൈ സീറോ മലബാർ ചർച്ച് എന്ന ഫേസ്‌ബുക്ക് പേജിൽ നോബിൾ തോമസ് പാറക്കൽ എഴുതിയ കുറിപ്പാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ശുദ്ധ അസംബന്ധമാണ് പലരും ബിഷപ്പിനെതിരെ പ്രചരിപ്പിക്കുന്നതെന്നും എല്ലാം കെട്ടിച്ചമച്ച കഥകളാണെന്നുമാണ് നോബിൾ തോമസ് കുറിപ്പിൽ പറയുന്നത്.
നോബിൾ തോമസ് പാറക്കലിന്റെ കുറിപ്പ്
സാമൂഹ്യമാധ്യമങ്ങൾ രണ്ടു ദിവസത്തോളമായി സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പിനെ ചെളിവാരിയെറിഞ്ഞും ചവിട്ടിത്തേച്ചും രസിക്കുകയാണ്. തലക്കു സ്ഥിരതയില്ലാത്തവിധം പൗരസ്ത്യപ്രേമം കേറിമൂത്ത ആരോ ഒരാൾ അവിടെയും ഇവിടെയും കേട്ടതെല്ലാം കൂട്ടിക്കെട്ടിയുണ്ടാക്കി അർദ്ധരാത്രിയിൽ ഫേസ്‌ബുക്കിൽ തേച്ചിട്ടുപോയ അമേദ്യത്തിൽ നിന്നാണ് പ്രശ്‌നങ്ങളുടെ ആരംഭം. മേജർ ആർച്ചുബിഷപ്പിനെ സംരക്ഷിക്കാനായി പടച്ചുവിട്ട കിംവദന്തി മഞ്ഞപ്പത്രങ്ങൾ ഏറ്റപിടിച്ചതോടെ ആരോപണവിധേയരായി എന്നു തോന്നലുണ്ടായ ചിലർ (ഇക്കാര്യത്തിൽ രൂപപ്പെട്ട ആഭ്യന്തരരാഷ്ട്രീയത്തിന് ചുക്കാൻ പിടിച്ചവർ) തങ്ങളുടെ ഭാഗം ന്യായീകരിക്കാനായി മേജർ ആർച്ചുബിഷപ്പിനെ പരസ്യമായി അധിക്ഷേപിച്ചും കുറ്റപ്പെടുത്തിയും രംഗത്തുവന്നു. അങ്ങനെ കുഞ്ഞാടുകളെ തമ്മിൽത്തല്ലിച്ച് ചോര നക്കാൻ കാത്തിരിന്ന ചെന്നായ്ക്കൾക്ക് അത് ഇരയായി മാറുകയും ചെയ്തു. എങ്കിലും എറണാകുളം അങ്കമാലി അതിരൂപതയിൽ നിന്നും കേരളത്തിൽ നിന്നു തന്നെയും കിലോമീറ്ററുകൾക്കിപ്പുറം നിന്ന് മഞ്ഞപ്പത്രങ്ങളുടെ റിപ്പോർട്ടുകൾ വായിച്ചപ്പോൾ ചില സംശയങ്ങളുണ്ടായി. എറണാകുളത്തും ബന്ധപ്പെട്ടവരോടുമെല്ലാം മണിക്കൂറുകൾ സംസാരിച്ചു. യാഥാർത്ഥ്യങ്ങൾ ഇങ്ങനെയാണെന്ന് മനസ്സിലായി.
1. എന്തുകൊണ്ട് എറണാകുളം അങ്കമാലി രൂപത പ്രതികരിക്കുന്നില്ല?
രൂപത ഏതാനും മഞ്ഞപ്പത്രങ്ങളുടെ താളത്തിനൊത്തു തുള്ളാനുള്ള സംവിധാനമല്ല. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിലും ഊഹാപോഹങ്ങളിലും സത്യത്തിന്റെ അംശം എന്നത് തീരക്കുറവാണ്. അസത്യത്തിന്റെ രാജ്സ്ഥാൻ മരുഭൂമികളുടെ ഹൈഡെഫനിഷൻ ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങൾ പോസ്റ്റുചെയ്യുന്നത്. ഇന്ന് ഇത്തരം നാലാംകിട വാർത്തകളോട് പ്രതികരിച്ചാൽ അതിനുമാത്രമേ സമയം കാണൂ. സഭാസംവിധാനങ്ങൾ ഔദ്യോഗികവും ആധികാരികവുമായ വാർത്തകളോട് മാത്രമേ പ്രതികരിക്കാറുള്ളുവത്രേ. . .
2. എന്താണ് പ്രശ്‌നം? കോടികൾ നഷ്ടം വന്നു, കള്ളപ്പണം വന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനമെന്താണ്?
എറണാകുളം - അങ്കമാലി രൂപത സ്ഥലക്കച്ചവടം നടത്തി എന്നതും അതിൽ ചില അബദ്ധങ്ങൾ സംഭവിച്ചു എന്നതും സത്യമാണ്. എന്നാൽ ഒരിക്കലും അത് കോടികളുടെ നഷ്ടത്തിലൊന്നും കലാശിച്ചിട്ടില്ല. സ്ഥലംവില്പന നടത്തിയത് ശരിയായ നടപടിക്രമങ്ങൾ പാലിച്ചുതന്നെയാണ്. എന്നാൽ ഇടനിലക്കാരനായി നിന്നയാൾ നടത്തിയ ചില ക്രമക്കേടുകൾ കാരണം പണം മുഴുവനായി കൈപ്പറ്റാൻ സാധിക്കാതെ വന്നു. അതിനു പകരം മറ്റ് രണ്ട് ഭൂമികൾ പക്ഷേ ഈടായി വാങ്ങിയിട്ടുമുണ്ട്. ഒരു രീതിയിലുമുള്ള സാന്പത്തികനഷ്ടം രൂപതയ്ക്കുണ്ടായിട്ടില്ല. പക്ഷേ ഇത്തരം ചില ഒത്തുതീർപ്പുകൾ (സിവിൽ നിയമത്തിന് വിരുദ്ധമായവയല്ല എന്ന് പ്രത്യേകം ഓർക്കണം) രൂപതയിൽ എല്ലാവരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നില്ല. ഇടപാടുകൾ തീരുന്‌പോൾ എല്ലാവരെയും അറിയിക്കാം എന്ന സദുദ്ദേശം മാത്രമായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്.
3. വൈദികർ പിതാവിനെ ഘൊരാവോ ചെയ്തു എന്ന വാർത്തയുടെ വാസ്തവം എന്താണ്?
മേൽപ്പറഞ്ഞ ഇടപാടുകൾ പൂർത്തിയാകുന്നതിനു മുന്പ് ഇതിനെക്കുറിച്ചറിഞ്ഞ വൈദികർ തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുവേണ്ടി മേജർ ആർച്ചുബിഷപ്പിനെ കാണാൻ അദ്ദേഹത്തിന്റെ അനുവാദത്തോടെതന്നെ അരമനയിലെത്തിയിരുന്നു. കാര്യങ്ങൾ വിശദീകരിച്ച് അവരെ തൃപ്തരാക്കിയാണ് വലിയ പിതാവ് പറഞ്ഞയച്ചത്. എന്നാൽ ഇക്കാര്യങ്ങളെ വളച്ചൊടിച്ച് വെടക്കാക്കാൻ ശ്രമിക്കുന്ന ചിലരെങ്കിലും ഈ പ്രശ്‌നങ്ങളുടെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നുവെന്ന് അതിരൂപത സംശയിക്കുന്നുമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വൈദികർ മെത്രാനെ കാണുന്നതും തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതും സഭയിൽ സാധാരണമാണ്. സഭയുടെ ആഭ്യന്തരകാര്യങ്ങളെ ചന്തയിൽ ചർച്ചയാക്കുന്‌പോൾ അതിന്റെ അർത്ഥതലങ്ങൾ വല്ലാതെ നഷ്ടപ്പെടുമെന്നത് തീർച്ച.
4. ഈ കച്ചവടത്തിലെ കള്ളപ്പണത്തെക്കുറിച്ചുള്ള ആരോപണം? ഒപ്പം തന്നെ കോടികൾ നഷ്ടം വന്നുവെന്ന ആക്ഷേപം - വാസ്തവമെന്താണ്?
ഈ ഭൂമിയിടപാടിൽ കള്ളപ്പണം കൈപ്പറ്റിയെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. അതേസമയം ഇടപാടിൽ കോടികൾ നഷ്ടം വന്നുവെന്ന ആരോപണത്തിൽ അല്പം കഴന്പുമുണ്ട്. നാട്ടിൽ നടക്കുന്ന എല്ലാ സ്ഥലമിടപാടുകളിലും വലിയ തുകകൾ കള്ളപ്പണമായിട്ടാണ് കൈമാറുന്നതും സ്വീകരിക്കുന്നതും. വലിയപിതാവിന്റെ അറിവോടു കൂടി നടന്ന ഈ ഇടപാടുകളിൽ കള്ളപ്പണം സ്വീകരിക്കാൻ അതിരൂപത തയ്യാറാകാതിരുന്നതിനാൽ വൈറ്റ്മണി മാത്രം സ്വീകരിച്ച് കച്ചവടം നടത്തേണ്ടതായി വരികയും ബ്ലാക്ക് മണി ഉൾപ്പെടുന്ന കച്ചവടത്തിൽ ലഭിക്കേണ്ടിയിരുന്നത്ര തുക ലഭിക്കാതെ പോവുകയും ചെയ്തു. ഇത്തരത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചു എന്ന് ആക്ഷേപിക്കുന്നതിൽ ചില കാര്യങ്ങളുണ്ട്. ബ്ലാക്ക് മണി വേണ്ടാ എന്നു വച്ചതിലൂടെ അതിരൂപതയ്ക്ക് പക്ഷേ സാന്പത്തികമായ ബാദ്ധ്യതകൾ യാതൊന്നും തന്നെയുണ്ടാവുകയില്ല എന്ന് രൂപതാധികൃതർക്ക് ഉറപ്പുണ്ടായിരുന്നു.
5. വലിയ പിതാവിന്റെ അസുഖം എന്തായിരുന്നു? അദ്ദേഹത്തിന് ഹൃദയാഘാതം വന്നിരുന്നുവോ?
ഒരിക്കലുമില്ല. വലിയപിതാവ് വിദേശയാത്ര കഴിഞ്ഞുവന്നതിനുശേഷം അവിടുത്തെ കാലാവസ്ഥയുടെ പ്രശ്‌നങ്ങൾ കാരണം ചെറിയ പനിയും അസ്വസ്ഥതകളുമായിട്ടാണ് ലിസ്സി ഹോസ്പിറ്റലിൽ ചെന്നത്. അവിടെ പിതാവിന്റെ പ്രായം പരിഗണിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ഹൃദയവാൽവുകളിൽ രണ്ട് ബ്ലോക്ക് കണ്ടെത്തുകയും അഞ്ചിയോപ്ലാസ്റ്റി ചെയ്യുകയും ചെയ്തത്. അതിനുശേഷം ആവശ്യമായ വിശ്രമം ആശുപത്രിയിൽത്തന്നെ തുടർന്നതിനുശേഷം ഇപ്പോൾ പിതാവ് ആരോഗ്യവാനായി മടങ്ങിയെത്തിയിട്ടുണ്ട്.
6. എറണാകുളം അങ്കമാലി അതിരൂപതയുടെ സാന്പത്തികാടിസ്ഥാനം ആലഞ്ചേരി പിതാവ് തകർത്തു എന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു?
ശുദ്ധ അസംബന്ധം. ഈ ഭൂമിയിടപാടുകളിൽ മാത്രമല്ല രൂപതയുടെ സാന്പത്തികാടിസ്ഥാനം എന്നത് രൂപതയെപ്പറ്റി സാമാന്യം അറിവുള്ളവർക്ക് വ്യക്തമാണല്ലോ.
ഇത്രയും കാര്യങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയിലെ വേണ്ടപ്പെട്ടവരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ മനസ്സിലായെങ്കിലും മഞ്ഞപ്പത്രങ്ങൾ നിരത്തിയ ചില വാദഗതികളിലെ തമാശകൾ കൂടി ചൂണ്ടിക്കാട്ടാതിരുന്നാൽ അതീ പ്രതികരണത്തിന്റെ വളർച്ചക്കുറവായിപ്പോകും. മഞ്ഞപ്പത്രങ്ങൾ ആരോപിക്കുന്ന തലക്കെട്ടുകളിലെ ചില നാറ്റംബോംബുകളെക്കുറിച്ച് . . .
1. സീറോ മലബാർ സഭയിൽ വൻ പൊട്ടിത്തെറി
(തീപിടിച്ചത് അണക്കുവാൻ ഫയർഫോഴ്‌സ് എന്നെഴുതാത്തത് ഭാഗ്യം)
ഈ തലക്കെട്ടെഴുതിയ മാധ്യമപ്രവർത്തകൻ ഈ പൊട്ടിത്തെറിയുടെ ഒച്ച എവിടെ നിന്നാണാവോ കേട്ടിട്ടുണ്ടാവുക. വൈദികരും സന്ന്യസ്തരും അല്മായരുമൊക്കെയടങ്ങുന്ന ലക്ഷക്കണക്കിന് സീറോ-മലബാർ വിശ്വാസികളാരും തന്നെ ഈ പൊട്ടിത്തെറിയുടെ ഒച്ച കേട്ടില്ല. എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികർക്ക് രൂപതയുടെ സാന്പത്തികക്രമീകരണങ്ങളെക്കുറിച്ച് സംശയമുണ്ടായത് എങ്ങനെയാണ് സീറോ-മലബാർ സഭയിലെ പൊട്ടിത്തെറിയാവുക??? ന്യായമായ ചില സംശയങ്ങളാണേ???
2. മേജർ ആർച്ചുബിഷപ്പ് രാജി വെക്കുമെന്ന വ്യാജറിപ്പോർട്ടുകൾ
ഇത്തരം റിപ്പോർട്ടുകളുടെ ഒരു പകർപ്പോ മഞ്ഞപ്പത്രങ്ങളല്ലാതെ വേറെവിടെങ്കിലും ഇതിനൊരടിസ്ഥാനമോ കാണിച്ചുതരാൻ ആർക്കാണ് കഴിയുക. ലോകം മുഴുവനിലുമായി വളർന്നുപന്തലിക്കുന്ന അതിതീക്ഷ്ണമായ മിഷനറി ചൈതന്യമുള്ള സീറോ മലബാർ സഭയുടെ പിതാവും തലവനുമായി മാർ ജോർജ്ജ് ആലഞ്ചേരി മെത്രാപ്പൊലീത്ത രാജിവെക്കാൻ പോകുന്നുവെന്നൊക്കെ പറയുന്ന തരംതാണ പുളുവടികൾ മലയാളത്തിലായത് മഞ്ഞപ്പത്രങ്ങളുടെ ഭാഗ്യം എന്നല്ലാതെന്തു പറയാൻ. ഇതിലും വലിയ പ്രതിസന്ധികളെ മുഖത്തോടുമുഖം നേരിട്ട മെത്രാന്മാരും വൈദികരും സഭാതനയരും ഇപ്പോഴും ഇതിലേ പുല്ലുപോലെ നടക്കുന്നുണ്ട്. ഐ.എസ്. ഭീകരരുടെ തോക്കിൻതുന്പിൽ നിന്ന് ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോന്ന ടോമച്ചനൊക്കെ ഈ സഭയിൽ ഇങ്ങനെ നിക്കുന്‌പോൾ എവിടെയോ പൊട്ടിയ ബീഡിപ്പടക്കത്തിന്റെ ഒച്ചകേട്ട് ഞങ്ങളുടെ മേജർ ആർച്ചുബിഷപ്പ് രാജിവെക്കുമന്നൊക്കെപ്പറയാൻ നാണമില്ലേ . . . . . (മഞ്ഞയെഴുത്തുകാരുടെ പേരുകൾ വച്ചു പൂരിപ്പിക്കുക)
3. വടക്ക്-തെക്ക് തിരിഞ്ഞുള്ള സഭാതർക്കം എന്ന ആക്ഷേപം
അല്പമായ ചരിത്രബോധത്തിന്റെ വിവരണമാണ് ഇത്. സീറോ മലബാർ സഭയിൽ ആരാധനാക്രമത്തേക്കുറിച്ച് നിലനില്ക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ എങ്ങനെയാണ് സഭാതർക്കം എന്നു വിശേഷിപ്പിക്കുന്നത്. ഇത് സഭാതർക്കമല്ല. ആരാധനാക്രമകാര്യങ്ങളിൽ വ്യത്യസ്ത ശൈലികൾ പിന്തുടർന്നിരുന്ന രൂപതകൾ അവയുടെ ഏകീകരണത്തിലേക്കു വന്നപ്പോൾ പ്രായോഗികബുദ്ധിമുട്ടുകൾ കാരണം പലരീതികളിലേക്ക് വഴിമാറുകയുണ്ടായി. അതിനെത്തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങളെല്ലാം നീങ്ങി ഇന്ന് സഭ ഈ വിഷയത്തിൽ പൊതുവായ ധാരണകളിലാണ് മുന്‌പോട്ടു പോകുന്നത്. ആരാധനാക്രമം ഒരുപോലെയാകും എന്ന ശുഭപ്രതീക്ഷയിലാണ് സഭാമക്കളെല്ലാവരും. അതിനിടയിൽ വീണ്ടു കുത്തിത്തിരിപ്പുണ്ടാക്കാനുള്ള സഹജസ്വഭാവമാണ് പത്രാധിപരും സംഘവും അവരുടെ റിപ്പോർട്ടുകളിലൂടെ പുറത്തുകൊണ്ടുവരുന്നത്.
4. അടിയേ തകർന്ന് സീറോ മലബാർ സഭ - സഭയുടെ സ്ഥാവരജംഗമ വസ്തുക്കൾ വിറ്റുതുലച്ചു
(സീറോ മലബാർ സഭ എന്തോ പെട്ടിക്കടയാണെന്ന് മുതലാളിമാർ ധരിച്ചവെന്ന് സാരം)
എറണാകുളം അങ്കമാലി അതിരൂപതയുടെ സാന്പത്തികക്രമീകരണങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ ചർച്ച ചെയ്യുന്‌പോൾ (സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച തന്നെ അനാവശ്യമാണ്. രൂപതയുടെ ആഭ്യന്തരപ്രശ്‌നങ്ങൾ അവിടെ തീരേണ്ടതാണ്) അത് സീറോ-മലബാർ സഭയുടെ അടിത്തറ മാന്തിയെന്നാരോപിക്കുന്നതിലെ വൃത്തികെട്ട യുക്തി സാമാന്യസഭാജ്ഞാനമുള്ളവർക്ക് മനസ്സിലാവില്ല. ഭാരതം മുഴുവനിലും യൂറോപ്പിലും അമേരിക്കയിലും ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ സഭയ്ക്ക് 34 രൂപതകളും, കാനഡായിലെ എക്‌സാർക്കേറ്റും, യൂറോപ്പിലും ന്യൂസിലന്റിലും അപ്പസ്റ്റോലിക് വിസിറ്റേഷനുകളുമുണ്ട്. അമ്പതുലക്ഷത്തോളം വിശ്വാസികളും, 62 മെത്രാന്മാരും ഒൻപതിനായിരത്തോളം വൈദികരും, ഇരുനൂറോളം സന്യാസ സഹോദരന്മാരും, മുപ്പത്താറായിരത്തോളം സന്യാസിനികളുമടങ്ങിയ ഈ സഭയുടെ മേജർ ആർച്ചുബിഷപ്പ് സഭയുടെ പാരന്പര്യപ്രകാരം എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രനായിരിക്കും എന്നതാണ് സത്യം. മാർപാപ്പ റോം രൂപതയുടെ മെത്രാനായിരിക്കുന്നതുപോലെ. റോം രൂപതയിൽ സാന്പത്തികപ്രശ്‌നമുണ്ടായാൽ അത് ആഗോളകത്തോലിക്കാസഭയെ തകർക്കും എന്നുപറയുംപോലുള്ള മണ്ടത്തരമാണ് അറിവുകേടുകളുടെ വെളിച്ചത്തിൽ മഞ്ഞപ്പത്രങ്ങൾ പടച്ചുവിടുന്നത്.
5. ഐ.എസ്. ഇടപെടൽ എന്ന ബാലരമക്കഥ
അക്ഷരാഭ്യാസമുള്ള മലയാളി ഇതൊക്കെ വായിച്ചാൽ എന്തുചിന്തിക്കുമെന്നാണ് ആദ്യം ഞാൻ ആലോചിച്ചത്. സൂത്രന്റെയും ഷേരുവിന്റെയും മായാവിയുടെയുമൊക്കെ കഥകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഭാവനയാണ് ഈ ആരോപണത്തിനുംപിന്നിലുള്ളത് എന്ന് സുവ്യക്തം. ഇതിനെ വിശദീകരിച്ച് കൈയിൽ ചെളിയാക്കാൻ ഞാൻ മുതിരുന്നില്ല.
സമാപനം
അതിമഹത്തായ മാർത്തോമ്മാനസ്രാണിസഭയുടെ പിതാവും തലവനുമായ വന്ദ്യപിതാവ് ജോർജ്ജ് ആലഞ്ചേരി മെത്രാപ്പൊലീത്ത മഞ്ഞപ്പത്രങ്ങൾ ആരോപിക്കുന്നതുപോലുള്ള നെറികെട്ട ഇടപാടുകൾ നടത്തി എന്നത് അരിഭക്ഷണം കഴിക്കുന്ന വിശ്വാസികൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. രൂപതാകേന്ദ്രങ്ങൾ എല്ലാ തെറിവിളികളോടും പ്രതികരിക്കാത്തത് മൗനം കുറ്റസമ്മതമായിക്കാണുന്ന നാലാംതരം മാധ്യമപ്രവർത്തനത്തിന്റെ ഗുണനിലവാരമില്ലാത്ത മാന്യതയും സഭ്യതയുമല്ല പരിശുദ്ധ കത്തോലിക്കാസഭയുടേത്. എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രശ്‌നങ്ങൾ അവിടെയുള്ള സഭാസംവിധാനങ്ങൾ പരിഹരിക്കും. സാന്പത്തികകാര്യങ്ങളിലെന്നല്ല, സാങ്കേതികമായ ഒരു വിഷയത്തിലും സഭയുടെ അടിവേര് തകർക്കുക പോയിട്ട് തലമുടിനാരിൽ വിള്ളൽവീഴ്‌ത്താൻ ഇവിടാരും വിചാരിച്ചിട്ട് കാര്യമില്ല.
ഇത് പാറയാണ്. ഉറച്ച പാറ. മഴപെയ്താലും കാറ്റൂതിയാലും വെള്ളം പൊങ്ങിയാലും ഒലിച്ചുപോകാത്ത കർത്താവിന്റെ സഭ . . . നരകവാതിലുകൾ എതിരേ പ്രബലപ്പെടാത്ത അപ്പസ്‌തോലികസഭ . . . ദുരാരോപണങ്ങളിലൂടെ നാരകീയശക്തികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്‌പോൾ കർത്താവിന്റെ കുരിശിലെ രക്തത്തിൽ നിന്ന് ജീവൻപ്രാപിച്ച് നിരന്തരമായി ഉയർത്തെഴുന്നേൽക്കുന്ന രക്തസാക്ഷികളുടെ സഭ . . . സത്യം മാത്രമേ എന്നേക്കും നിലനില്ക്കുകയും ആത്യന്തികമായി വിജയിക്കുകയും ചെയ്യുകയുള്ളു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് . . .