- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ബാബരി മസ്ജിദ് വിഷയത്തിൽ മസ്ജിദിനു അനുകൂലമായി വിധി വന്നാൽ ഇന്ത്യൻ തെരുവുകൾ കത്തിയേക്കും.. അപ്പോൾ നിങ്ങൾ ഏത് പക്ഷത്ത് നിൽക്കും? ആൾക്കൂട്ടത്തിന്റെ വൈകാരികതയുടെ പക്ഷത്തോ അതോ കോടതി വിധിയുടെ പക്ഷത്തോ? ഇന്ത്യയെ ഇന്ത്യയായി നിലനിർത്തിയ പുസ്തകമാണ് ഭരണഘടന: ലീഗ് പ്രവർത്തകരോട് ബഷീർ വള്ളിക്കുന്ന് ചോദിക്കുന്നു
ലീഗുകാരോടാണ്, എന്റെ പോസ്റ്റുകളിൽ ഈയിടെയായി ഏറ്റവും ബഹളമുണ്ടാക്കുന്നത് അവരാണ്. സുഹൃത്തുക്കളേ, അടിസ്ഥാനപരമായ ഒരു ഇഷ്യുവിനെവാണ് ഇന്ത്യൻ സമൂഹം ഇപ്പോൾ നേരിടുന്നത്. ഇന്ത്യൻ ഭരണഘടനയും അത് വിഭാവന ചെയ്യുന്ന സുപ്രിം കോടതി അടക്കമുള്ള സ്ഥാപനങ്ങളും വിജയിക്കണമോ അതോ ആൾകൂട്ടത്തിന്റെ വൈകാരികതയും ബലപ്രയോഗവും വിജയിക്കണമോ?
ഇതാണ് ആത്യന്തികമായ ചോദ്യം..
ഇതിൽ നിങ്ങൾ ഏത് പക്ഷത്താണ്?.. ആൾക്കൂട്ടത്തിന്റെ വൈകാരികത വിജയിക്കണമെന്ന പക്ഷത്താണെങ്കിൽ എനിക്ക് നിങ്ങളോട് കൂടുതലൊന്നും പറയാനില്ല. മറിച്ചാണെങ്കിൽ ചിലത് പറയാനുണ്ട്.
ശബരിമലയുടെ വിഷയത്തിൽ ഒരു സമൂഹത്തിന്റേയും വിശ്വാസങ്ങൾക്കോ ആചാരങ്ങൾക്കോ എതിരിലല്ല നമ്മുടെ നിലപാടുകൾ, ഇന്ത്യയെ ഇന്ത്യയായി നിലനിർത്തുന്ന അടിസ്ഥാനശിലകളുടെ സംരക്ഷണമാണ്.. അവ ഇളകാൻ അനുവദിക്കാതിരിക്കുക എന്നതാണ്.
അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ പറഞ്ഞത് നിങ്ങൾ കേട്ടിരുന്നില്ലേ, കോടതികൾ സമൂഹത്തിന്റെ വികാരങ്ങളെ മാനിച്ച് കൊണ്ട് വിധി പറയണമെന്ന്.. എന്താണ് അതിന്റെ പച്ചയായ അർത്ഥമെന്ന് ആലോചിച്ചിട്ടുണ്ടോ?. വിധി പറയുമ്പോൾ ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്ന ചട്ടക്കൂടിൽ നിന്നല്ല, ആൾക്കൂട്ടത്തിന്റെ വികാരങ്ങൾക്ക് ഒപ്പിച്ച് വേണം പറയാനെന്ന്.. അതല്ലാത്ത പക്ഷം ആ വിധി അനുസരിക്കില്ലെന്ന്.
ആ സന്ദേശം തന്നെയാണ് ബാബരി മസ്ജിദ് വിഷയത്തിലും കോടതികൾക്ക് അവർ നൽകിയിട്ടുള്ളത്.. ഭൂരിപക്ഷ സമൂഹത്തിന്റെ വൈകാരികതകൾക്ക് അനുസരിച്ച് വിധി പറയൂ, ഇന്ത്യൻ ഭരണഘടനയും നീതിയും മാറ്റി നിർത്തൂ എന്ന്.
ബാബരി മസ്ജിദ് വിഷയത്തിൽ മസ്ജിദിനു അനുകൂലമായി വിധി വന്നാൽ ഇന്ത്യൻ തെരുവുകൾ കത്തിയേക്കും.. അപ്പോൾ നിങ്ങൾ ഏത് പക്ഷത്ത് നിൽക്കും?.. ആൾക്കൂട്ടത്തിന്റെ വൈകാരികതയുടെ പക്ഷത്തോ അതോ കോടതി വിധിയുടെ പക്ഷത്തോ?
പറയണം.. നിങ്ങൾ ഏത് പക്ഷത്താണ്..?
ഒരു കാര്യം മനസ്സിലാക്കുക. ഏഴ് പതിറ്റാണ്ട് ഇന്ത്യയെ ഇന്ത്യയായി നിലനിർത്തിയത് ആ ഒരു പുസ്തകമാണ്.. ഇന്ത്യൻ ഭരണഘടന.
അതാണ് ഇന്ത്യയുടെ ഖുർആൻ..
ലീഗിന്റെ പഴയകാല ദേശീയ നേതാക്കളടക്കം പങ്കെടുത്ത ഒരു നിയമനിർമ്മാണ സഭ പാതിരാത്രികളിൽ പോലും ഉറക്കമൊഴിച്ച് ചർച്ച ചെയ്ത് മാസങ്ങളുടെ പ്രയത്നത്തിലൂടെ നിർമ്മിച്ചെടുത്ത ഇന്ത്യയുടെ വിശുദ്ധഗ്രന്ഥം. ആ ഗ്രന്ഥം എന്ന് വലിച്ചെറിയപ്പെടുന്നുവോ അന്ന് തീരും എല്ലാ ന്യൂനപക്ഷങ്ങളുടേയും മതേതര സമൂഹങ്ങളുടെയും നിലനിൽപ്പ്.. അതോടെ തീരും ഈ മണ്ണിലെ സമാധാനജീവിതം..
ഏത് വിഷയത്തിലും നിലപാടുകൾ എടുക്കുമ്പോൾ നമ്മുടെ നിലപാടുകൾ എവിടെച്ചെന്ന് അവസാനിക്കും എന്നതിനെക്കുറിച്ച് ചെറിയൊരു ബോധം വേണം, വലിയൊരു ബോധ്യവും വേണം..
വല്ലതും മനസ്സിലായോ ആവോ?