ആലപ്പുഴ: ഇപ്പോൾ കിട്ടും കിട്ടുമെന്ന് പറഞ്ഞ് മോഹിപ്പിച്ചിട്ട് അവസാന നിമിഷം രാജ്യസഭാ എംപിയാക്കാതെ തുഷാറിനെ തഴഞ്ഞതോടെ ബിജെപിക്ക് എതിരെ ഒളിയമ്പുകളുമായി വെള്ളാപ്പള്ളി. ചെങ്ങന്നൂരിൽ ബിജെപിക്ക് വിജയസാധ്യത കുറവാണെന്ന തരത്തിൽ ഇരുവരും പ്രതികരിക്കുമ്പോൾ തുഷാറിനേക്കാൾ എംപിയാകാൻ യോഗ്യത മുരളീധരനുണ്ടെന്ന് കൂടി വെള്ളാപ്പള്ളി പറഞ്ഞുവച്ചതോടെ എൻഡിഎ പാളയത്തിൽ തന്നെ പിണക്കം നടിച്ച് ബിഡിജെഎസ് തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

അതേസമയം, രാജ്യസഭാ സീറ്റ് നൽകാമെന്ന നിലയിൽ തുഷാറിനെ പ്രലോഭിപ്പിച്ചെങ്കിലും ഇന്നലെ ലിസ്റ്റ് വന്നതോടെ അതിൽ തുഷാറിന് പകരംണ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ കയറിപ്പറ്റി. ഇതോടെ ബിജെപിക്ക് എതിരെ കടുത്ത നിലപാടിലേക്ക് ബിഡിജെഎസ് നീങ്ങുമോ എന്നതും ചർച്ചയാകുന്നുണ്ട്. എന്നാൽ ബിജെപി പാളയം വിട്ട് ഇടതു വലതു മുന്നണികളിൽ എത്താൻ തടസ്സം ഏറെയുള്ള സാഹചര്യത്തിൽ നിരാശരാണ് വെള്ളാപ്പള്ളിയും തുഷാറുമെന്നാണ് ഇന്നത്തെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

സംസ്ഥാനത്തെ ബിജെപിയിൽ സവർണാധിപത്യം തുടരുന്നുവെന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് പ്രതികരിച്ചത്. അതുകൊണ്ടാണ് അവർക്ക് കേരളത്തിൽ വളരാൻ സാധിക്കാത്തതെന്നും ബിഡിജെഎസിന്റെ സഹായമില്ലാതെ ചെങ്ങന്നൂരിൽ ബിജെപിക്കു കഴിഞ്ഞ തവണത്തെ മികവു പുലർത്താൻ കഴിയില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി പ്രഖ്യാപിക്കുന്നതു വെല്ലുവിളിയായി സ്വീകരിക്കണം. വി.മുരളീധരനു ലഭിച്ച എംപി സ്ഥാനം വൈകിക്കിട്ടിയ അംഗീകാരമാണ്. ബിജെപിയുമായി ഒരു ബന്ധവുമില്ലാത്ത പലർക്കും മുൻപേ സ്ഥാനം നൽകി. എംപി സ്ഥാനം മുരളീധരന് അർഹതപ്പെട്ടതാണെന്നും ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

അതേസമയം, രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടാണ് തുഷാർ സ്വീകരിച്ചത്. അതിനാൽ അതിൽ നിരാശയില്ല. പക്ഷേ, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ബിഡിജെഎസ് അധ്യക്ഷൻ പ്രതികരിച്ചു. എസ്എൻഡിപിയുടെ പിന്തുണ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടാവില്ലെന്ന് തുഷാറും വെള്ളാപ്പള്ളിയും പറയാതെ പറയുകയും ചെയ്യുന്നു. ബിജെപിയുടെ ന്ിലപാടുകളാണ് മുന്നണിയെ ശിഥിലമാക്കുന്നതെന്നും ബിജെപി നേതൃത്വം തുടർച്ചയായി ബിഡിജെഎസിനോട് അവഗണന തുടരുകയാണെന്നും ആണ് തഷാർ പ്രതികരിച്ചത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാൽ നിരാശയില്ലെന്നും ആവശ്യപ്പെട്ടതു ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ മാത്രമാണെന്നും തുഷാർ വിശദീകരിക്കുകയും ചെയ്തു.

തുഷാർ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന വാർത്തകൾക്കു വിരാമമിട്ട്, ബിജെപി മുൻ അധ്യക്ഷൻ വി.മുരളീധരനാണു പാർട്ടി നേതൃത്വം സീറ്റു നൽകിയത്. മഹാരാഷ്ട്രയിൽനിന്നായിരിക്കും മുരളീധരൻ മത്സരിക്കുക. തുഷാർ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റ് നൽകുന്നതിനെതിരെ ബിജെപി സംസ്ഥാന ഘടകത്തിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ പോലും അവഗണിച്ചു പദവികൾ വീതംവയ്ക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ കേന്ദ്രനേതൃത്വത്തിനു പരാതിയും നൽകി. ഇതോടെയാണ് തുഷാറിന് സീറ്റ് നൽകുന്നതിൽ ബിജെപി കേന്ദ്രനേതൃത്വത്തിൽ പുനർചിന്തനം ഉണ്ടായത്.

സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന കേന്ദ്രസർക്കാർ പദവികളിലേക്ക് നോട്ടമിടുന്ന നിരവധി ബിജെപി നേതാക്കന്മാരുണ്ട്. ഇവരെ തഴഞ്ഞ് പകരം ബിഡിജെഎസിന് ഈ സ്ഥാനങ്ങൾ നൽകരുതെന്ന ആവശ്യമാണ് സംസ്ഥാനത്തിന്റെ അഭിപ്രായമായി അറിയിച്ചത്. നാളികേര വികസന ബോർഡിലേക്കു മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി.ശ്രീശന്റെ പേരും റബർ ബോർഡിലേക്കു മുൻ അധ്യക്ഷൻ സി.കെ.പത്മനാഭന്റെ പേരും പാർട്ടി നിർദ്ദേശിച്ചിരുന്നു. ഇതോടെ ഇവ ബിഡിജെഎസിന് നൽകരുതെന്ന ആവശ്യവും ഉയർന്നു. സ്‌പൈസസ് ബോർഡ് ചെയർമാൻ പദവിയും ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇവയിൽ ഇനി നിയമനം നടക്കുമോ എന്നും ഇതിൽ ഏതെങ്കിലും ബിഡിജെഎസിന് നൽകുമോ എന്നുമുള്ള കാര്യവും ചർച്ചയായിട്ടുണ്ട്.

ഏതായാലും 14ന് ബിഡിജെഎസിന്റെ സംസ്ഥാന നേതൃയോഗം നടക്കുന്നുണ്ട്. ഇതിന് മുമ്പ് കേന്ദ്രത്തിൽ നിന്ന് ഉറപ്പൊന്നും കിട്ടിയില്ലെങ്കിൽ ഏതു നിലപാട് സ്വീകരിക്കണമെന്ന ആലോചനയിലാണ് ബിഡിജെഎസ്. അതേസമയം, ചെങ്ങന്നൂരിൽ ബിഡിജെഎസ് പിന്തുണ നൽകിയില്ലെങ്കിൽ എങ്ങനെ നേരിടാം വിഷയത്തെ എന്ന ചിന്തയിലാണ് ബിജെപിയും. നേതൃയോഗത്തിൽ മുന്നണി ബന്ധം പുനഃപരിശോധിക്കുമെന്നു ബിഡിജെഎസ് അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റു മുന്നണികളിലേക്ക് ചേക്കേറാനുള്ള സാഹചര്യം ഇപ്പോൾ ഇല്ലെന്നാണ് വിലയിരുത്തൽ. അതിനാൽ ക എൻഡിഎ വിടുകയെന്ന കടുത്ത തീരുമാനം ബിഡിജെഎസ് ഉടൻ കൈക്കൊണ്ടേക്കില്ലെന്നാണ് സൂചന.