തിരുവനന്തപുരം: വി.എ.ശ്രീകുമാര മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ഒടിയൻ' റിലീസായപ്പോൾ മുതൽ വിമർശനങ്ങളുടെ പെരുമഴയായിരുന്നു. ചിത്രം ആരാധകരെ തൃപ്തിപ്പെടുത്തുന്നതല്ലെന്നും പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നുമായിരുന്നു മുഖ്യആക്ഷേപം. പലരും സോഷ്യൽ മീഡിയയിൽ ചിത്രത്തെ കടിച്ചുകീറി. എന്നാൽ കുടുംബ പ്രേക്ഷകർ കാണെനെത്തിയതോടെ ചിത്രത്തെ കുറിച്ച് മറിച്ചൊരു അഭിപ്രായമുയരുകയും ചെയ്തു. പല പ്രമുഖരും ചിത്രം കണ്ട് എന്തിനാണ് ഈ നല്ല ചിത്രത്തിനെതിരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞതെന്നാണ് ഇപ്പോൾ ചോദിക്കുന്നത്. അക്കൂട്ടത്തിൽ ജി.സുധാകരനെ പോലുള്ള രാഷ്ട്രീയ പ്രമുഖരുണ്ട്. മധുപാലിനെ പോലെ നല്ല സിനിമയെ സ്‌നേഹിക്കുന്ന ചലച്ചിത്ര സംവിധായകരുമുണ്ട്. ഇരുവരുടെയും ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇങ്ങനെ:

ജി.സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

'ഡിസംബർ 14 ന്റെ കേരള ഹർത്താലിനെ അതീജിവിച്ചാണ് മലയാളി പ്രേക്ഷകർ കാത്തിരുന്ന ഒടിയൻ എന്ന സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. പക്ഷേ പെട്ടെന്ന് തന്നെ ചിത്രത്തിന് എതിരെ കുപ്രചരണ വാർത്തകൾ കേട്ടു. അതുകൊണ്ട് സിനിമ ഒന്ന് കാണണമെന്ന് തോന്നി. ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

കെ.ഹരികൃഷ്ണൻ വ്യത്യസ്തമായ കഥയൊരുക്കി വി.എ.ശ്രീകുമാർ മേനോൻ അതിമനോഹരമായി സംവിധാനം ചെയ്ത്, അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹൻലാലും മഞ്ജുവാരിയരും പ്രകാശ് രാജും ഉൾപ്പെടെയുള്ള കലാകാരന്മാർ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രം. എം.ജയചന്ദ്രന്റെ മികച്ച സംഗീതവും, പ്രഭാവർമ്മയുടെ ഗാനവും, ഷാജി കുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്.

ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാർദ്ധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നതിൽ മോഹൻലാൽ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിൽ മോഹൻലാലിന്റെ കണ്ണുകളിൽ വരെ അഭിനയം തുളുമ്പിയിട്ടുണ്ട് എന്ന് മറുചിന്തയില്ലാതെ വിശേഷിപ്പിക്കാം. മഞ്ജുവാരിയരുടെതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെ. സിനിമയിലാകെ വളരെ സന്ദർഭോചിതമായി സംഭാഷണം ഉൾക്കൊള്ളിക്കാൻ കഴിഞ്ഞത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വർത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥ നീങ്ങുന്നത്. മൂല്യബോധമുള്ള സിനിമയാണ്.

മധുപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഒടിയൻ കണ്ടു. ആളുകൾ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല. കാഴ്ചകൾ കാണുന്നത് കണ്ണുകൊണ്ടല്ല മനസ്സ് അറിഞ്ഞാണെന്ന് ഈ സിനിമ പറയുന്നുണ്ട്. സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവർക്ക് സ്‌നേഹം. തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയന്റെ മായക്കാഴ്ചകളിൽ, ജീവിച്ചിരിക്കുന്ന നന്മയുള്ളവർക്ക് വേണ്ടിയുള്ള ത്യാഗത്തിന്റെ വെളിച്ചമുണ്ട്. ഇരുളിൽ നിന്നും പ്രകാശത്തിലേക്കുള്ള ജാഗ്രതയുണ്ട്. വീണ്ടും കാണുമ്പോൾ പുതിയ കാഴ്ചകളുണ്ടാവും സത്യമുള്ള ബന്ധങ്ങളുണ്ടാവും കഥ പറയുന്നത് ആസ്വദിക്കുവാനാണെന്ന ബോധമുണ്ടാവും. പ്രിയപ്പെട്ടവർക്ക് നന്ദി. സ്‌നേഹം