- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ അസർബൈജാനിലെ ബാക്കുവിൽ വിതരണം ചെയ്തു
അസർബൈജാൻ (ബാക്കു): 2021, 2022 വർഷങ്ങളിലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ അസർബൈജാനിലെ ബാക്കുവിൽ നടന്ന വ്യത്യസ്ത ചടങ്ങുകളിൽ വിതരണം ചെയ്തു. 16 - മത് ഗർഷോം രാജ്യാന്തര പുരസ്‌കാരദാന ചടങ്ങു ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നവംബർ 20 ന് നടന്ന ചടങ്ങിലും 17 - മത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ നവംബർ 22 ന് ലാൻഡ്മാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിലുമാണ് സമ്മാനിച്ചത്.
16 - മത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ (2021) മൊറോക്കോ അംബാസിഡർ മൊഹമ്മദ് ആദിൽ എമ്പാഷ്, ബാക്കുവിലെ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ എന്നിവർ ചേർന്ന് സമ്മാനിച്ചു. യു എ ഇ യിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, എഴുത്തുകാരനും ഡാർക്ക് ടൂറിസ്റ്റും ബഹറൈൻ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്‌നിക്കൽ അഡൈ്വസറുമായ സജി മാർക്കോസ്, ഗോവയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ സൂസൻ ജോസഫ്, നോർവേയിലെ അജിലിറ്റി സബ്സീ ഫാബ്രിക്കേഷൻ വൈസ് പ്രസിഡന്റ് എബ്ജിൻ ജോൺ എന്നിവർ 2021 ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
17 - മത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ (2022) അമേരിക്കയിലെ ഫൊക്കാനയുടെ മുൻ ചെയർമാനും ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിൻ പ്രസിഡന്റുമായ കെ ജി മന്മഥൻ നായർ, സൗദി അറേബ്യയയിലെ ടട്ര ഇൻഫർമേഷൻ ടെക്‌നോളജി സിഇഒ മൂസ കോയ, അസർബൈജാനിലെ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ ജേക്കബ് മാത്യു ഐക്കര എന്നിവർ ഏറ്റുവാങ്ങി. മികച്ച പ്രവാസി മലയാളി സാരംഭമായി തിരഞ്ഞെടുക്കപ്പെട്ട ബെംഗളൂരുവിലെ ടെൻടാക്കിൾ ഏയ്‌റോലോജിസ്റ്റിക്‌സിനുവേണ്ടി മാനേജിങ് ഡയറക്ടർ എൽദോ ഐപ്പ്, ഡയറക്ടർ ശ്രീജിത്ത് പത്മനാഭൻ എന്നിവരും മികച്ച പ്രവാസി മലയാളി സംഘടനയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാൻസിനുവേണ്ടി പ്രസിഡന്റ് ജിത്തു ജനാർദ്ദനനും ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. അസർബൈജാൻ പാർലമെന്റ് അംഗം റാസി നുറുല്ലയെവ്, ക്രൊയേഷ്യ അംബാസിഡർ ബ്രാങ്കോ സെബിക്, ബാക്കുവിലെ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ, മുൻ കർണാടക എം എൽ എ ഐവാൻ നിഗ്ലി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയർത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗ്ലൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ നൽകി വരുന്നത്. 23 രാജ്യങ്ങളിൽ നിന്നുള്ള 85 പ്രവാസി മലയാളികൾക്കും 12 മലയാളി സംഘടനകൾക്കും 3 പ്രവാസി മലയാളി സംരംഭങ്ങൾക്കും ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, യു എ ഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ മുൻ ഗർഷോം അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.