ബാങ്കോക്ക്: ലോകത്തെയാകെ ധർമ്മത്തിന്റെ പാതയിൽ സംഘടിപ്പിക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഹിന്ദുക്കൾ സംഘടിക്കണം. ശേഷം അതേ പാതയിൽ ലോകത്തെ സംഘടിപ്പിക്കണം. ജയം എന്ന പദത്തിന് ഭാരതം നല്കുന്ന അർത്ഥം ധർമ്മ വിജയം എന്നതാണ്. അതിന്റെ അടിസ്ഥാനം സത്യവും അഹിംസയുമാണ്. അതിലൂടെ മാത്രമേ ലോകം ഒരുമിക്കുകയുള്ളൂ. ലോകത്തെ ഇങ്ങനെ ഒരുമിപ്പിക്കുക എന്നതാണ് നമ്മുടെ കർത്തവ്യം , മോഹൻ ഭാഗവത് പറഞ്ഞു. ബാങ്കോക്കിൽ വേൾഡ് ഹിന്ദു കോൺഗ്രസ് ഉദ്ഘാടനസഭയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക് .

ജയസ്യ ആയതനം ധർമ്മ എന്നതാണ് ഈ സമ്മേളനത്തിന്റെ മുദ്രാവാക്യം. ജയം എന്നതിൽ നമുക്ക് വിജയിയും പരാജിതനുമില്ല. കീഴടക്കലും കീഴടങ്ങലുമില്ല. എല്ലാവരെയും ഒരുമിപ്പിക്കുന്നതിന്റെ ആനന്ദമാണ് നമുക്ക് ജയം. മൂന്ന് തരം വിജയമുണ്ട്. ഒന്ന് രാക്ഷസ വിജയം. വിനാശം മാത്രമാകും അതിന്റെ ഫലം. പരസ്പരം ആധിപത്യം കൊതിക്കുന്ന ധന വിജയമാണ് രണ്ടാമത്തേത് . ചില അവസരങ്ങളിൽ നല്ലതെന്ന് തോന്നാമെങ്കിലും അതിന്റെ താത്പര്യം നന്മയല്ല. മൂന്നാമത്തേത് ഭാരതം മുന്നോട്ട് വയ്ക്കുന്ന ധർമ്മ വിജയമാണ്. പോരാട്ടത്തിന്റെ വഴിയും ലക്ഷ്യവും അതിൽ ധർമ്മമാണ്. ലോകത്തെ ഒരു കുടുംബമായി ഒരുമിപ്പിക്കുകയും ശ്രേഷ്ഠതയിലേക്ക് നയിക്കുകയുമാണ് അതിന്റെ ലക്ഷ്യം.

രണ്ടായിരത്തിലേറെ വർഷമായി സുഖം തേടി ലോകം പുറത്ത് അലയുകയായിരുന്നു. നിരവധി പരീക്ഷണങ്ങൾ നടത്തി. ഭൗതികവാദവും കമ്യൂണിസവും മുതലാളിത്തവും നിരവധി മതങ്ങളും വന്നു. പക്ഷേ സുഖം കിട്ടിയില്ല. ഭൗതി പുരോഗതിയുണ്ടായി. പക്ഷേ അസ്വസ്ഥതയ്ക്കും അക്രമങ്ങൾക്കും കുറവുണ്ടായില്ല. ഭാരതം ലോകത്തിന് വഴി കാട്ടി. സുഖം പുറത്തല്ല ഉള്ളിൽ തെരയണമെന്ന് കാട്ടിക്കൊടുത്തു. ആദ്യം അവഗണിച്ചവർ ഇപ്പോൾ കാര്യങ്ങൾ തിരിച്ചറിയുന്നു, മോഹൻ ഭാഗവത് പറഞ്ഞു.

ജയമംഗളദായിനിയായ ഭാരതം ഉണരുകയാണ്. ലോകം അത് തിരിച്ചറിയുന്നു. സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ ഭാരതം വേണമെന്ന് ലോക രാജ്യങ്ങൾ മനസിലാക്കുന്നു. എല്ലാ ജനങ്ങളിലും ഭാരതം ഉണരുന്നതിന്റെ ലക്ഷ്യം എത്തണം. അതിന് ഒരു മനസോടെ ലക്ഷ്യത്തിലേക്ക് നടക്കണം. ആയിരം പേർ നിരത്തിൽ ഒരേ സമയം നടക്കുന്നുണ്ടാവും. എന്നാൽ അവരിൽ ഒന്ന് എന്ന ഭാവമില്ല. ഒരേ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് മുന്നറാൻ മനസ് ഒന്നാകണം. ദേഷ്യം, വെറുപ്പ്, നിരാശ, ശാപ വാക്കുകൾ, അസൂയ, അഹങ്കാരം എന്നിവ ഉപേക്ഷിച്ചാൽ ഒന്നാകാമെന്ന് തിരുക്കുറൾ പറയുന്നു. നമുക്ക് ഹൃദയങ്ങളെ ജയിക്കണം. രാജ്യങ്ങളെയല്ല. എല്ലാവരിലെയും ഗുണങ്ങളെ എല്ലാവരും പരസ്പരം നേടണം. വിജയത്തിന്റെ ആധാരവും വികാസവും ധർമ്മമാണെന്ന സന്ദേശത്തിലൂന്നി ലോക ജനതയെ ഒരുമിപ്പിക്കണം , സർസംഘചാലക് പറഞ്ഞു.

മാതാ അമൃതാനന്ദമയി ദേവി, വിശ്വ ഹിന്ദുപരിഷത്ത് ദേശീയ സെക്രട്ടറി ജനറൽ മിലിന്ദ് പരന്തെ, സ്വാമി പൂർണാത്മാനന്ദ് മഹാരാജ്, ബോധിനാഥ വെയ്ലെസ്വാമി, വേൾഡ് ഹിന്ദു ഫൗണ്ടേഷൻ ചെയർമാൻ സ്വാമി വിഗ്യാനന്ദ്, ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബൊളെ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനം 26 ന് സമാപിക്കും. 26 ന് രാവിലെ നടക്കുന്ന സമാപനസമ്മേളനത്തിൽ മാതാ അമൃതാനന്ദമയി ദേവി സദസ്സിനെ അഭിസംബോധന ചെയ്യും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ആത്മീയ ആചാര്യന്മാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും പണ്ഡിതരും പങ്കെടുക്കുന്നുണ്ട്.]