ന്യൂഡൽഹി: എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് ഏർപ്പടുത്തിയ നിയന്ത്രണം ഡിസംബർ 30ന് ശേഷവും തുടർന്നേക്കും. ബാങ്കുകൾക്ക് ആവശ്യമായ പുതിയ നോട്ടുകൾ എത്തിക്കാൻ പ്രിന്റിങ്ങ് പ്രസ്സുകൾക്കും റിസർവ് ബാങ്കിനും ഇതുവരെ സാധിക്കാത്ത സാഹചര്യത്തിലാണിത്.

അമ്പത് ദിവസം കഴിഞ്ഞാൽ നോട്ടുദുരിത്തിന് അറുതിയുണ്ടാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്. പ്രധാനമന്ത്രി പറഞ്ഞ അമ്പത് ദിവസ പരിധിക്ക് ഇനി ദിനങ്ങൾ മാത്രമേയുള്ളൂ. ബാങ്കുകളിൽ നിന്നും ഇപ്പോൾ പ്രതിവാരം പിൻവലിക്കാവുന്ന കുറഞ്ഞ തുക 24,000 രൂപയാണ്. ഈ തുക വിതരണം ചെയ്യാൻ പോലും ബാങ്കുകൾക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പൻവലിക്കൽ നിയന്ത്രണം തുടരാനാണ് സാധ്യതയെന്ന് ബാങ്കിങ്ങ് അധികൃതർ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ പണം പിൻവലിക്കൽ പരിധി പൂർണ്ണമായും എടുത്തുകളയുമെന്ന് കരുതുന്നില്ല. ആവശ്യത്തിന് കറൻസികൾ ലഭ്യമാകുന്നതിന് അനുസരിച്ച് നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും.
പൊതുമേഖലാ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥൻ എക്കണോമിക് ടൈംസിനോട്

വ്യക്തിഗത ഉപഭോക്താക്കൾക്ക് ആവശ്യമായ പണം പോലും നൽകാൻ കഴിയാതെ ബാങ്കുകൾ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ പിൻവലിക്കൽ നിയന്ത്രണത്തിൽ പടിപടിയായി ഇളവ് കൊണ്ടുവരുക മാത്രമാണ് പ്രായോഗികമായ കാര്യമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ബാങ്കുകളിൽ ആവശ്യത്തിന് പണമെത്തിക്കാതെ പിൻവലിക്കൽ പരിധിയിലെ നിയന്ത്രണം എടുത്ത് കളയാൻ സാധിക്കില്ലെന്ന് അടുത്തിടെ എസ്‌ബിഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കൽ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷമാണ് പിൻവലിക്കൽ പരിധി 24,000 രൂപയായി കേന്ദ്രം നിജപ്പെടുത്തിയത്. എടിഎമ്മുകളിൽ നിന്നും പിൻവലിക്കാവുന്ന പരിധി പ്രതിദിനം 2500 രൂപയും.

പണം പിൻവലിക്കൽ പരിധി എന്ന് പിൻവലിക്കുമെന്ന് കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡിസംബർ 30ന് ശേഷം നിയന്ത്രണം അവലോകനം ചെയ്യുമെന്നാണ് ധനകാര്യ സെക്രട്ടറി അശോക് ലാവസയുടെ പ്രതികരണം. നിയന്ത്രണം ഒറ്റയടിക്ക് എടുത്തു കളയാനാകില്ലെന്ന അഭിപ്രായമാണ് ബാങ്ക് യൂണിയനുകൾക്കുമുള്ളത്.

15.4 ലക്ഷം കോടി രൂപയാണ് അസാധുവായ നോട്ടുകളുടെ മൂല്യം. ഇതിനു പകരമായി 5.92 ലക്ഷം കോടി മൂല്യമുള്ള നോട്ടുകൾ തിരിച്ചെത്തിക്കാനേ റിസർവ് ബാങ്കിന് സാധിച്ചിട്ടുള്ളൂ. ഡിസംബർ 19 വരെയുള്ള കണക്കാണിത്. ഡിസംബർ പത്ത് വരെ 12.4 ലക്ഷം അസാധുവായ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപമായി തിരിച്ചെത്തി.