ഹൂസ്റ്റൺ: സെന്റ് മേരീസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ മൂന്നു നോമ്പിനോടനുബന്ധിച്ച് 2021 ജനുവരി 24, 25, 26 (ഞായർ,തിങ്കൾ, ചൊവ്വ ) തീയ്യതികളിൽ (St.Mary's Malankara Orthodox Church 9915 Belknap Rd, Sugar Land, TX 77498) വൈകിട്ട് 6 മാണി മുതൽ റിട്രീറ്റ് നടത്തപ്പെടുന്നു.

സൗത്ത് വെസ്റ്റ് അമേരിക്കൻ സഹായ മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം, ഓർത്തോഡോക്‌സ് വൈദീക സെമിനാരി പ്രൊഫസർ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പ്രശസ്ത കൺവൻഷൻ പ്രാസംഗികൻ ഫാ. ജോസഫ് ശാമുവേൽ കറുകയിൽ (തിരുവനന്തപുരം) എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.

സുറിയാനി സഭകൾ പിന്തുടരുന്ന അനന്യമായ പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മൂന്നു നോമ്പ് ആചരിക്കുക. ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി പേരുണ്ട്.

യോനാപ്രവാചകൻ ദൈവകൽപ്പന അനുസരിച്ച് നിനവേ നഗരത്തിൽ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയപ്പോൾ നിനവേയിലെ ജനം ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് 'നിനവേ നോമ്പ്' നൽകുന്ന സന്ദേശം. ലോകം മുഴുവൻ കൊറോണ ഭീഷണിയുടെ നടുവിൽ നിൽക്കുമ്പോൾ നോമ്പോടും പ്രാർത്ഥനയോടും ഉപവാസത്തോടും പ്രപഞ്ചസൃഷ്ടാവായ ദൈവത്തോട് കൂടുതൽ അടുക്കുവാനുള്ള അവസരമായി ഈ ദിനങ്ങൾ മാറ്റിവെക്കാം. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം ബുധനാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയോടുകൂടി സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
ഫാ ജോൺസൺ പുഞ്ചക്കോണം (വികാരി)770-310-9050
റിജോഷ് ജോൺ (ട്രസ്റ്റി)832-600-3415
ഷാജി പുളിമൂട്ടിൽ (സെക്രട്ടറി) 832-775-5366