ബ്രിസ്റ്റോൾ: ഈസ്റ്ററിന് ഒരുക്കമായി ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തിൽ 18, 19 (വെള്ളി, ശനി) തീയതികളിൽ ധ്യാനം നടത്തുന്നു. വെള്ളി വൈകുന്നേരം നാലിന് ആരംഭിച്ച് രാത്രി ഒമ്പതിന് അവസാനിക്കുകയും ശനി രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെയുമാണ് ധ്യാനം. എറണാകുളം അതിരൂപതയിലെ പ്രശസ്ത വചന പ്രഘോഷകനും ആലുവയിലെ ചൂണ്ടി ഭാരത് മാതാ ആർട്‌സ് കോളജ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സ്റ്റെനി കുന്നേക്കാടൻ ആണു ധ്യാനം നയിക്കുന്നത്.

ഓശാന ഞായറിന്റെ തിരുക്കർമങ്ങൾ മാർച്ച് 20ന് ഉച്ചകഴിഞ്ഞ് 2.30ന് ഓല വെഞ്ചെരിപ്പോടെ ആരംഭിക്കും. തുടർന്നു ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും.

പെസഹാദിനമായ മാർച്ച് 24നു രാത്രി ഒമ്പതിനു കാലു കഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും ഡോ. ഷാജി മാണിക്കുളത്തിന്റെ വചന സന്ദേശവും തുടർന്നു പെസഹ അപ്പം മുറിക്കൽ ശുശ്രൂഷയും നടക്കും.

ദുഃഖവെള്ളിയാഴ്ചയിലെ ശുശ്രൂഷകൾ രാവിലെ 9.30ന് ആരംഭിക്കും. പീഡാനുഭവ വായന, വിശുദ്ധ കുർബാന സ്വീകരണം, കുരിശിന്റെ വഴി, തിരുസ്വരൂപം മുത്തൽ, കയ്പുനീർ കുടിക്കൽ, നേർച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും. ഫാ. സ്റ്റെനി കുന്നേക്കാടൻ പീഡാനുഭവ സന്ദേശം നൽകും.

ദുഃഖശനിയാഴ്ചയുടെ തിരുക്കർമങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. പുത്തൻ തീയും വെള്ളവും വെഞ്ചരിപ്പു ഉണ്ടായിരിക്കും.

ഉത്ഥിതന്റെ സമാധാനവും സന്തോഷവും നമ്മുടെ കുടുംബങ്ങളിൽ നിറയട്ടെയെന്ന് ആശംസിച്ച് ക്ലിഫ്ട്ടൻ രൂപതയിലെ എല്ലാ വിശ്വാസികളെയും ഫാ. പോൾ വെട്ടിക്കാട്ട് സ്വാഗതം ചെയ്തു.

വിലാസം: St. Joseph's Church, 232, Forest Road, Fishponds BS16 3QT.