ഫിലാഡൽഫിയ: കഴിഞ്ഞ 17 വർഷമായി അമേരിക്കൻ മലയാളികളുടെ ആത്മീയജീവിതത്തിന് പുത്തൻ ഉണർവും അഭിഷേകവും പകർന്നുകൊണ്ടിരിക്കുന്ന ക്യൂൻ മേരി മിനിസ്ട്രി ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ മൽവേൺ റിട്രീറ്റ് സെന്ററിൽ വച്ച് യുവജനങ്ങൾക്കുവേണ്ടി ഇംഗ്ലീഷിൽ താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നു. ലോകപ്രശസ്ത വചനപ്രഘോഷകരായ റവ.ഫാ. ഷാജി തുമ്പേചിറയിൽ, ബ്ര. സന്തോഷ് കരിമത്തറ, ബ്ര. മാത്യു ജോസഫ്, ബ്ര. ഡൊമിനിക് പി.ഡി എന്നിവർ ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതാണ്.

നാളെയുടെ വാഗ്ദാനമായ നമ്മുടെ യുവജനങ്ങളുടെ ശോഭനമായ ഭാവി ദൈവീക പദ്ധതിയനുസരിച്ച് രൂപപ്പെടുത്തുവാനും, ബാല്യം മുതൽ ആഴമായ ദൈവ സ്‌നേഹത്തിൽ വളരുന്നതിനും, വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറുപ്രായത്തിൽ തന്നെ നമ്മുടെ മക്കളിൽ രൂപപ്പെടുത്തിയെടുക്കുന്നതിനുമുള്ള പ്രത്യേക ധ്യാനമാണ് യുവജനങ്ങൾക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ യുവജനങ്ങൾ സ്‌കൂൾ, കോളജ് കാമ്പസുകളിൽ നേരിട്ടുകൊണ്ടിരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങളേയും, പാപ പ്രവർത്തനങ്ങളേയും എങ്ങനെ അതിജീവിക്കാൻ സാധിക്കുന്നു എന്നത് ഈ ധ്യാനത്തിലൂടെ ലഭ്യമാകുന്നതാണ്.

നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ യുവജനധ്യാനം ജൂലൈ മാസം ഒമ്പതാം തീയതി വ്യാഴാഴ്ച നാലുമണിക്ക് ആരംഭിച്ച് പന്ത്രണ്ടാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സമാപിക്കുന്നതാണ്. ഈ ധ്യാനത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ (സഭാ വ്യത്യാസമെന്യേ) എത്രയും വേഗം രജിസ്റ്റർ ചെയ്ത് സീറ്റ് കരസ്ഥമാക്കേണ്ടതാണ്. കരകവിഞ്ഞൊഴുകുന്ന ഈ സ്വർഗ്ഗീയ അനുഭവം സ്വന്തമാക്കുവാൻ എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: 215 971 3319, 215 934 5615.