ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രൽ ഇടവകയിലെ നോമ്പുകാല നവീകരണ ധ്യാനം മാർച്ച് 27, 28, 29 തീയതികളിൽ നടത്തപ്പെടുന്നു. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ.ഫാ. മാത്യു എലവുങ്കൽ  ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. 27-ന് വെള്ളിയാഴ്ച രാവിലെ 8.30-നുള്ള ദിവ്യബലിക്കുശേഷം ആരംഭിക്കുന്ന ധ്യാനം വൈകിട്ട് 6.30 വരേയും, തുടർന്ന് 7 മണിക്ക് ദിവ്യബലിയും കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതാണ്. 28-ന് ശനിയാഴ്ച രാവിലെ 8.30-നുള്ള ദിവ്യബലിക്കുശേഷം വൈകിട്ട് 5 മണി വരെ മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേകമായി ധ്യാനശുശ്രൂഷ നടക്കും.

മാർച്ച് 29-ന് ഓശാന ഞായറാഴ്ച രാവിലെ 10 മണിക്ക് പാരീഷ് ഹാളിൽ തിരുകർമ്മങ്ങൾ ആരംഭിക്കും. അന്നേദിവസം ധ്യാനം 1 മണി മുതൽ 5 മണി വരെയാണ്. രാവിലെ 8.30-നും വൈകിട്ട് 5.30നുമുള്ള ദിവ്യബലി സമയങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നതല്ല. കുടുംബവർഷമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈവർഷം വിശ്വാസികളേവരേയും ഈ ധ്യാനശുശ്രൂഷയിൽ പങ്കുചേരുന്നതിനായി ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലും, അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലും ക്ഷണിക്കുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.