ലോസ്ആഞ്ചലസ്: സെന്റ് അൽഫോൻസാ ദേവാലയത്തിൽ നോമ്പുകാല നവീകരണ ധ്യാനം 'പെസഹാ' ഫെബ്രുവരി 24 മുതൽ മാർച്ച് ഒന്നുവരെ നടന്നു. റവ.ഫാ.കുര്യൻ കാരിക്കലിന്റെ നേതൃത്വത്തിൽ റെജി കൊട്ടാരം, വി.ഡി. രാജു, പീറ്റർ ചേരാനല്ലൂർ എന്നിവർ അടങ്ങുന്ന ടീമാണ് ആത്മീയാനുഭവം നിറഞ്ഞ ധ്യാനം നയിച്ചത്.

ജീവിതസാഹചര്യങ്ങൾ മാത്രം നേരേയാക്കുന്നതിൽ ശ്രദ്ധിക്കാതെ ജീവിതമാണ് നേരേയാക്കേണ്ടതെന്ന് കാരിക്കൽ അച്ചൻ ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. യേശുവിന്റെ മനോഭാവം സ്വന്തമാക്കുമ്പോൾ നാം വിശുദ്ധിയിൽ വളരുമെന്ന് അച്ചൻ പഠിപ്പിച്ചു. യേശു ദർശനം എങ്ങനെ പ്രാപിക്കാം, യേശുവിനെ ജീവിതത്തിൽ എങ്ങനെ പകർത്തണം, ദൈവീകജ്ഞാനം എങ്ങനെ പ്രാപിക്കാം എന്നും, ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം എന്തായിരിക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചു.

ക്രിസ്തുവാകുന്ന സ്‌നേഹത്തിന്റെ ആഴമറിയാൻ ദൈവീകജ്ഞാനത്തെ തിരിച്ചറിയണമെന്നും, അതിനായി ഏകാഗ്രതയോടെ പരിശ്രമിക്കണമെന്നും ദൈവ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് റെജി കൊട്ടാരം ഊന്നിപ്പറഞ്ഞു. ദൈവത്തിന്റെ ദാനമായ പീറ്റർ ചേരാനല്ലൂരും, വി.ഡി. രാജുവും ചേർന്ന് നടത്തിയ ഗാനശുശ്രൂഷകൾ ധ്യാനത്തിൽ പങ്കെടുത്ത എല്ലാവരേയും ആത്മീയ ഉണർവിലേക്ക് നയിച്ചു. പ്രീതാ പുതിയാകുന്നേൽ അറിയിച്ചതാണിത്.