പ്രവാസികൾക്കും ഗുണകരമാകുന്ന സേവനങ്ങളുമായി ആഭ്യന്തര മന്ത്രാലയംരംഗത്. ഇതിന്റെ ഭാഗമായി ആറുമാസത്തിലധികം രാജ്യത്തിന് പുറത്തു നിൽക്കുന്നവർക്ക് ഖത്തറിലേക്ക് തിരിച്ചത്തൊനാവശ്യമായ റിട്ടേൺ വിസക്കുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. ജനുവരി 17 മുതൽ നടപ്പിലാക്കിയ പുതിയ മൂന്ന് ഓൺലൈൻ സേവനങ്ങളിലാണ് ആഭ്യന്തര മന്ത്രാലയം ഈ സേവനം ഉൾപ്പെടുത്തിയത്.

മെട്രാഷ് ടു സംവിധാനം ഉപയോഗപ്പെടുത്തിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും റിട്ടേൺ വിസ സേവനം ലഭ്യമാവും. ഖത്തറിൽ റസിഡൻസ് പെർമിറ്റുള്ളവർ ആറ് മാസത്തിലധികം ഖത്തറിന് പുറത്താണെങ്കിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിസയാണ് റിട്ടേൺ വിസ. വിസ അനുവദിച്ച് കഴിഞ്ഞാൽ ഒരു മാസത്തിനകം രാജ്യത്തേക്ക് പ്രവേശിച്ചിരിക്കണം. 500 റിയാലാണ് വിസ ലഭിക്കാനുള്ള ഫീസ്. ഇതിന് മുമ്പ് റിട്ടേൺ വിസ ആഭ്യന്തര മന്ത്രാലയത്തിന്റെ സർവീസ് കേന്ദ്രങ്ങളിൽ നിന്നാണ് അനുവദിച്ചിരുന്നത്.

വിസക്ക് രണ്ടാഴ്ച മാത്രമെ കാലാവധി ഉണ്ടായിരുന്നുള്ളൂ. റിട്ടേൺ വിസ സേവനം ഓൺലൈനാക്കിയത് കുടുംബങ്ങളായി രാജ്യത്ത് കഴിയുന്നവർക്ക് ഏറെ പ്രയോജനകരമാകും. വ്യക്തിഗത സ്‌പോൺസർഷിപ്പിലുള്ള കുട്ടികളും മറ്റ് അംഗങ്ങളും പഠന ആവശ്യങ്ങൾക്കായും മറ്റ് കാരണങ്ങളാലും ആറ് മാസത്തിൽ കൂടുതൽ ഖത്തറിന് പുറത്തുനിൽക്കുമ്പോൾ റിട്ടേൺ വിസ ലഭിക്കാൻ സർവീസ് സെന്ററുകളെ ആശ്രയിക്കണമായിരുന്നു. പുതിയ രീതി നിലവിൽ വന്നതോടെ ഇത് ഏറെ എളുപ്പമാകും. .

ഇതിന് പുറമെ രാജ്യത്തെ പ്രവാസികൾക്ക് അവരുടെ വിസയിലുള്ള പാസ്‌പോർട്ട് വിവരങ്ങൾ പുതുതായി ചേർക്കുന്നതിനുള്ള സേവനവും ഇനി മുതൽ ഓൺലൈനിൽ ലഭ്യമാവും.