നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. പ്രൊസിക്യൂഷൻ സാക്ഷികളായിരുന്ന ഇരുവരും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ, ഇന്നലെ കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടി രേവതി രം​ഗത്തെത്തി. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാ​ഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫേസ്‌ബുക്കിൽ കുറിച്ചു. ഇതുപോലുള്ള കഷ്ടപ്പാടുകൾക്കിടയിലും അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവർക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നൽകി എന്ന പേരിൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങൾ ആരും മനസിലാക്കുന്നില്ലെന്നും രേവതി കുറിക്കുന്നു.

രേവതിയുടെ കുറിപ്പ് ഇങ്ങനെ...

സിനിമ രംഗത്തുള്ള സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല സമയങ്ങൾ പങ്കുവെച്ചിട്ടും, കൂടെയുള്ള ഒരു 'സ്ത്രീ'യുടെ വിഷയം വന്നപ്പോൾ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലർ. ഏറെ പ്രശസ്തമായതും, എന്നാൽ ഇന്ന് ചർച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയിൽ മൊഴി മാറ്റിപറഞ്ഞതിൽ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ. എന്നാൽ ആ നടിയുടെ വിശ്വസ്‌തയായിരുന്ന ഭാമയും പൊലീസിന് നൽകിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു. ഇതുപോലുള്ള കഷ്ടപ്പാടുകൾക്കിടയിലും അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവർക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നൽകി എന്ന പേരിൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങൾ ആരും മനസിലാക്കുന്നില്ല.

 

It's sad that we can't trust our own colleagues in the film industry. So many years of work, so many projects, but when...

Posted by Revathy Asha Kelunni on Friday, September 18, 2020