യുഎഇ: പ്രണയിച്ചയാളെ വിവാഹം ചെയ്യാൻ വീട്ടുകാർ അനുവദിച്ചില്ല. ഇതിന് പകരമായി യുവതി ചെയ്ത ക്രൂരത കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. വീട്ടുകാരെ യുഎഇയിലേക്ക് വിളിച്ച് വരുത്തിയ ശേഷം കള്ളക്കേസിൽ കുടുക്കിയാണ് യുവതി പകരം വീട്ടിയത്. മാത്രമല്ല വിസ കാലാവധി കഴിഞ്ഞതിനാൽ പുറത്തിറങ്ങാനാവാതെ നാലു വർഷമായി ഒറ്റമുറി വീട്ടിൽ കഴിയുകയാണ് മൂന്നംഗ മലയാളി കുടുംബം. കൃത്യമായി ഒരു നേരം ഭക്ഷണം കഴിക്കാനുള്ള വക പോലും ഇവർക്ക് കണ്ടെത്താനാകുന്നില്ല. ഷാർജയിൽ ദുരിതമനുഭവിക്കുന്ന ഇവർ നാട്ടിലേക്ക് മടങ്ങാൻ അധികാരികളുടെ സഹായം തേടുകയാണ്.

തിരുവല്ല സ്വദേശി രശ്മി നായരും മാവേലിക്കരക്കാരൻ ബിജുകുട്ടനും 2009ലാണ് വിവാഹിതരായത്. ബിജുവിന് വേറെ ഭാര്യയും കുട്ടിയുമുള്ളതിനാൽ വീട്ടുകാരെ അറിയിക്കാതെ ആയിരുന്നു വിവാഹം. തുടർന്ന് മകളെ കാണാനില്ലെന്ന് രശ്മിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ബിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് പക തുടങ്ങുന്നത്.വർഷങ്ങൾക്ക് ശേഷം ക്ഷമാപണം നടത്തി രശ്മിയും ബിജുവും അച്ഛനമ്മമാരെയും സഹോദരിയേയും യുഎഇയിലേക്ക് കൊണ്ടുവന്നു.

റാസൽഖൈമയിലെ ഗോൾഡ് ഹോൾസെയിൽ കമ്പനിയുടെ പേരിൽ വിസയെടുത്ത ശേഷം ബിസിനസ് വിപുലീകരണത്തിനെന്ന പേരിൽ രശ്മിയുടെ അച്ഛൻ രവീന്ദ്രന്റെയും സഹോദരി രഞ്ജിനിയുടേയും പേരിൽ വിവിധ ബാങ്കുകളിൽ നിന്ന് ബിജു വായ്പയെടുത്തു. തുക കൈക്കലാക്കി അടിയന്തിരമായി നാട്ടിൽ പോയിവരാമെന്ന് പറഞ്ഞ് ബിജുവും രശ്മിയും മുങ്ങിയിട്ട് നാല് വർഷമായി. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ രശ്മിയുടെ പിതാവിനും സഹോദരിക്കുമെതിരെ കേസു നൽകി.

വിസ കാലാവധി അവസാനിച്ചതിനാൽ ഷാർജയിലെ ഒറ്റമുറിക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം. കേസ് തീർപ്പാക്കി നാട്ടിലേക്കു പോയ രവീന്ദ്രനെ രശ്മിയും ബിജുവും കള്ളക്കേസിൽ കുടുക്കി ജയിലിട്ടതായി ശ്രീദേവി പറയുന്നു. പൊലീസ് പാസ്‌പോർട്ട് പിടിച്ചുവച്ചതിനാൽ രവീന്ദ്രന് തിരിച്ച് ഗൾഫിലേക്ക് വരാനും പറ്റാത്ത അവസ്ഥയാണ്.