- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുക അടയാളപ്പെടുത്തുമ്പോൾ പിഴവ് വന്നത് റവന്യു വകുപ്പിന്; കെട്ടിട ഉടമയക്ക് ബാധ്യത വന്നത് ഒരു ലക്ഷത്തിന് മേലെ; രണ്ടു തവണ അടച്ചിട്ടും പിന്നെയും നോട്ടീസ്; ഇനി അടയ്ക്കില്ലെന്ന് ഉടമ; അടയ്ക്കാതെ വിടില്ലെന്ന് വകുപ്പും
ചേർത്തല: റവന്യു വകുപ്പ് വരുത്തിയ പിഴവിന് പിഴ ചുമക്കേണ്ടി വന്നത് കെട്ടിടമുടമ. ആദ്യം രണ്ട് തവണ പിഴ അടച്ചെങ്കിലും റവന്യുവകുപ്പ് ഇത് പതിവാക്കിയതോടെ ഇനി അടക്കില്ലെന്നാണ് ഉടമയുടെ നിലപാട്.എന്നാൽ അടക്കാതെ തരമില്ലെന്നും അടച്ചില്ലേൽ അനന്തര നടപടികൾ ഉണ്ടാകുമെന്നുമാണ് വകുപ്പിന്റെ മുന്നറിയിപ്പ്.ചേർത്തല സ്വദേശി വിജയകുമാറിനാണ് ഇത്തരത്തിൽ ഒരു ദുരവസ്ഥ.
സംഭവം ഇങ്ങനെ; കെട്ടിടനികുതിയായി 69,000 അടയ്ക്കണമെന്ന് കാണിച്ചാണ് വിജയകുമാറിന് അറിയിപ്പ് ലഭിക്കുന്നത്.ഒട്ടും താമസം വരുത്താതെ തന്നെ വിജയകുമാർ നികുതിയടക്കുകയും ചെയ്തു.മൂന്നുവർഷം കഴിഞ്ഞപ്പോൾ റവന്യൂവകുപ്പ് പറഞ്ഞു, തെറ്റിപ്പോയതാണ്; 1,69,000 ആണ് അടയ്ക്കേണ്ടത്. 'ഒന്നു' വിട്ടുപോയതാണ്! ബാക്കിയുള്ള ഒരു ലക്ഷംകൂടി അടയ്ക്കണം. ശരി ഭാവിയിൽ ഒരു പ്രശനമാകേണ്ടെന്ന് കരുതി ഒന്നും പറയാതെ വിജയകുമാർ ആ തുകയുമടച്ചു.ഇവിടെക്കൊണ്ടും സംഭവം തീർന്നില്ല രണ്ടു വർഷം കഴിഞ്ഞപ്പോൾ അതാ വരുന്നു വകുപ്പ് വീണ്ടും ഇത്തവണ ആവശ്യപ്പെട്ടത് ഒരു ലക്ഷത്തിന്റെ പലിശയായി 45,242 രൂപ അടക്കണമെന്ന്.
വൈകിയടച്ച ഒരു ലക്ഷം രൂപയുടെ പലിശ എന്ന ഇനത്തിലാണ് ഇത്തവണ ചോദിച്ചത്.വകുപ്പ് ഈ പ്രവണത പതിവാക്കിയപ്പോൾ ഇനി തനിക്ക് തുക അടക്കാൻ കഴിയില്ലെന്നാണ് വിജയകുമാറിന്റെ നിലപാട്.റവന്യൂവകുപ്പിന്റെ കൈത്തെറ്റിന് എന്തിന് താൻ പലിശയടയ്ക്കണമെന്നാണ് വിജയകുമാർ ചോദിക്കുന്നത്.പിഴ അടക്കാതെ പറ്റില്ലെന്നാണ് വകുപ്പ് പറയുന്നത്.ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തപ്പോഴുണ്ടായ പിഴവാണു സംഭവിച്ചതെന്നും നിയമപരമായി തുക അടയ്ക്കേണ്ടതാണെന്നും റവന്യൂവകുപ്പധികൃതർ പറയുന്നു. തങ്ങളുടേത് വലിയ പിഴവല്ല, പലിശ കിട്ടിയേ പറ്റൂ എന്നാണ് മട്ട്.
എന്നാൽ, പലിശയടയ്ക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിജയകുമാർ. ഇതോടെ സംഭവം തുറന്ന പോരിലേക്ക് എത്തുകയാണ്.പി.വി. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള, ചേർത്തല കോടതിക്കവലയ്ക്കുസമീപമുള്ള കെട്ടിടത്തിന് നികുതി നിശ്ചയിച്ചതിലാണ് പിഴവുണ്ടായത്. 2016-ൽ 69,000 നികുതി നിശ്ചയിച്ചു. 2019 നവംബറിൽ ലാൻഡ് റവന്യൂ കമ്മിഷണർ താലൂക്ക് ഓഫീസിൽ നടത്തിയ പരിശോധനയിൽ പിഴവുകണ്ടെത്തി. ഒരുലക്ഷംകൂടി അടപ്പിച്ചു. ഇപ്പോൾ റവന്യൂ വകുപ്പിന്റെ ആവശ്യം 2017 മുതൽ ഒരു ലക്ഷത്തിനുള്ള പലിശ വേണമെന്നാണ്.
മറുനാടന് മലയാളി ബ്യൂറോ