കൊച്ചി: കോടതി ഇടപെടൽ വന്നതോടെ നടൻ ജയസൂര്യക്കെതിരായ പരാതിയിൽ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ജയസൂര്യ കായൽ പുറമ്പോക്ക് കൈയേറിയതായ പരാതിയിലാണു റവന്യൂ വകുപ്പ് നടപടി.

ചിലവന്നൂരിൽ കായലിന് സമീപമുള്ള സ്ഥലത്ത് ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചതായാണു പരാതി. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിന്റെ ഭാഗമായാണു റവന്യൂ വകുപ്പ് അധികൃതർ പ്രദേശത്തെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നത്.

പരാതികൾ ഏറെ ഉയർന്നിട്ടും നടപടികൾ ആകാതിരുന്നതിനെ തുടർന്നു തൃശൂർ വിജിലൻസ് കോടതി ഇടപെട്ടിരുന്നു. കോടതി ഉത്തരവിനെത്തുടർന്നാണു അധികൃതർ ഇടപെട്ടത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ജനുവരി ആറിനകം ഹാജരാക്കാൻ കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് തൃശൂർ വിജിലൻസ് ജഡ്ജി എസ് എസ് വാസൻ നിർദേശിച്ചിരുന്നു. പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്.

കൊച്ചുകടവന്ത്ര ഭാഗത്ത് നടൻ ജയസൂര്യ സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടും നിർമ്മിച്ചതാണ് വിവാദത്തിന് കാരണം. ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടവും ലംഘിച്ചാണെന്നാണ് പരാതി. പൊതുപ്രവർത്തകൻ ഗിരീഷ് ബാബു കൊച്ചി കോർപ്പറേഷന് പരാതി നൽകിയിരുന്നു. പരിശോധനയിൽ കൈയേറ്റം നടന്നുവെന്ന ബിൽഡിങ് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്മേൽ 14 ദിവസത്തിനകം നിർമ്മാണം സ്വന്തം ചെലവിൽ പൊളിച്ച് മാറ്റണമെന്ന് 2014 ഫെബ്രുവരി 28 ന് നഗരസഭ ഉത്തരവിട്ടു.

എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പരാതിക്കാരൻ നഗരസഭയെ വീണ്ടും സമീപിച്ചു. കായൽ അളന്ന് തിട്ടപ്പെടുത്തുന്നതിന് ആ വർഷം ജൂൺ 30ന് കണയന്നൂർ താലൂക്ക് സർവെയറെ ചുമതലപ്പെടുത്തി. എന്നിട്ടും ബോട്ടുജെട്ടിയും ചുറ്റുമതിലും ജയസൂര്യ പൊളിച്ച് മാറ്റിയില്ല. ഇതേ തുടർന്നാണ് ഗിരീഷ് ബാബു തൃശൂർ വിജിലൻസ് കോടതിയെ സമീപിച്ചത്. ഇതിലാണ് കോടതി ഇടപെടൽ.

നടപടി സ്വീകരിക്കാതിരുന്നതിനു കൊച്ചി കോർപറേഷൻ സെക്രട്ടറിക്കെതിരെയും നേരത്തെ കോടതി നോട്ടീസയച്ചിരുന്നു. കോടതി അലക്ഷ്യത്തിന് കേസെടുക്കാതിരിക്കണമെങ്കിൽ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയുടെ നോട്ടീസ്. കൈയേറ്റത്തിനെതിരെ കോർപ്പറേഷൻ സ്വീകരിച്ച നടപടി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതിനാണിത്.