- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാൻകുത്തിമേട്ടിൽ 50 ഏക്കറോളം റവന്യൂ ഭൂമി കൈയേറാൻ ശ്രമം; കൈയേറ്റം നടക്കുന്നത് വോട്ടെണ്ണലും കോവിഡ് മൂലമുണ്ടായ ലോക്ഡൗണും മറയാക്കി; റവന്യൂ സംഘം നടപടി തുടങ്ങി
നെടുങ്കണ്ടം: വോട്ടെണ്ണലും കോവിഡ് മൂലമുണ്ടായ ലോക്ഡൗണും മറയാക്കി ആനക്കല്ലിന് സമീപം മാൻകുത്തിമേട്ടിൽ 50 ഏക്കറോളം റവന്യൂ ഭൂമി കൈയേറാൻ ശ്രമം. പുറമ്പോക്ക് ഭൂമിയിൽ ഏലം കൃഷി ആരംഭിച്ചതായും റവന്യൂ പാറപ്പുറമ്പോക്ക് ഭൂമിയിലേക്ക് അനുമതിയില്ലാതെ റോഡ് നിർമ്മിച്ചതായും റവന്യൂ സംഘം കണ്ടെത്തി. സംഭവത്തിൽ ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം സന്ദർശിച്ച് നടപടികൾ ആരംഭിച്ചു.
കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള റവന്യൂ ഭൂമി കൈയേറി സ്വകാര്യ വ്യക്തി റോഡ് നിർമ്മിച്ചിരുന്നു. പിന്നാലെ, പ്രദേശത്തെ വിവിധയിടങ്ങളിൽ വേലി കെട്ടാനായി ഭാഗങ്ങൾ അടയാളപ്പെടുത്തി തിരിച്ചതായും റവന്യൂ സംഘം കണ്ടെത്തി. സ്ഥലത്തിന്റെ കൃത്യമായ കണക്കുകളും അനുബന്ധ രേഖകളും റവന്യൂ സംഘം പരിശോധിച്ചുവരുകയാണ്. പാറത്തോട് വില്ലേജിലെ ബ്ലോക്ക് 49-ൽപ്പെട്ട ഭൂമിയും ചതുരംഗപ്പാറ വില്ലേജിലെ ബ്ലോക്ക് 18-ലെ പാറപ്പുറമ്പോക്കും ഉൾപ്പെട്ട ഭൂമിയാണ് ഇത്.
തുടർ നടപടികൾക്കായി ഉടുമ്പൻചോല തഹസിൽദാർ പാറത്തോട്, ചതുരംഗപ്പാറ വില്ലേജ് ഓഫീസർമാരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുമാസം മുമ്പ് ഇതേ സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥർ ചമഞ്ഞ് ഒരു സംഘം ആളുകൾ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ എത്തിയിരുന്നു. ഇവിടെ സർക്കാരിന്റെ കാറ്റാടി പദ്ധതി കൊണ്ടുവരുകയാണെന്നും ഇതിനായാണ് ഭൂമി അളക്കുന്നതെന്നും ഇവർ പറഞ്ഞിരുന്നു.
ഇക്കാര്യം പ്രദേശത്തെ പഞ്ചായത്തംഗം തഹസിൽദാരെ അറിയിച്ചതിനെത്തുടർന്ന് ഭൂമി അളക്കാനുള്ള നീക്കം തടഞ്ഞിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് വീണ്ടും കൈയേറ്റശ്രമം നടന്നത്. പ്രദേശത്തുനിന്ന് പാറഖനനം നടത്താൻ ലക്ഷ്യമിട്ടാണ് റവന്യൂ ഭൂമിയിലൂടെ റോഡ് നിർമ്മിച്ചതെന്നാണ് റവന്യൂ സംഘത്തിന്റെ വിലിയിരുത്തൽ.
പ്രദേശത്ത് കൈയേറ്റ മാഫിയ ശക്തമാണെന്നും സർക്കാർ ഭൂമി സംരക്ഷിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ഭൂസംരക്ഷണസമിതി രൂപവത്കരിക്കുമെന്നും വാർഡ് മെമ്പർ ഡി.ജയകുമാർ പറഞ്ഞു. വില്ലേജ് ഓഫീസർമാരുടെ റിപ്പോർട്ട് ലഭിച്ചാലുടൻ റവന്യൂഭൂമി തിരികെപ്പിടിക്കാനുള്ള നടപടികൾ തുടങ്ങുമെന്നും കൈയേറ്റം നടത്തിയവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ