അടിമാലി: ജോയ്‌സ് ജോർജ്ജ് എം പി യുടെ ഭൂമി റവന്യൂവകുപ്പ് പിടിച്ചെടുത്തതോടെ സി പി എം -സിപിഐ ബന്ധം കലങ്ങിമറിഞ്ഞ ഇടുക്കിയിൽ റവന്യൂഅധികൃതരും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളി പുറത്ത്്. കോയിക്കകുടി സിറ്റിക്ക് സമീപം മലമുകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന മണ്ണ് ഖനനമാണ് വിവാദത്തിലായിട്ടുള്ളത്.

സർക്കാർ ഭൂമിയിൽ നിന്നുമാണ് മണ്ണ് കടത്തുന്നതെന്നും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്് ഇന്ന് രാവിലെ നാട്ടുകാരിൽ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

ഇവരിൽ ചിലർ ദേവികുളം തഹസീൽദാർ പി കെ ഷാജിയെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പ്രതിഷേധക്കാരിൽ നിന്നും വിവരം ലഭിച്ചത് പ്രകാരം മറുനാടനും സംഭവത്തേക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി.

ആദ്യം തഹസീൽദാരിൽ നിന്നാണ് വിശദീകരണം തേടിയത്. തന്റെ നിർദ്ദേശപ്രകാരം മന്നാംങ്കണ്ടം വില്ലേജ് ഓഫീസിലെ ജീവനക്കാരൻ സ്ഥലത്തെത്തിയെന്നും പൊലീസിൽ വിവരമറിയിച്ച് ഹിറ്റാച്ചി പിടിച്ചെടുത്തെന്നും തിങ്കളാഴ്ച മേൽനടപടി സ്വീകരിക്കും എന്നും തഹസീൽദാർ മറുനാടനോട് വെളിപ്പെടുത്തി.

ഇത് വാസ്തവമാണോ എന്നറിയാൻ പ്രദേശവാസികളോട് വിവരങ്ങൾ ആരാഞ്ഞു. അപ്പോഴാണ് തഹസീൽദാരുടെ വെളിപ്പെടുത്തലിന്റെ പൊള്ളത്തരം കൃത്യമായി ബോദ്ധ്യമായത്. തഹസീൽദാർ പറഞ്ഞയച്ച വില്ലേജ് ഓഫീസ് ജീവനക്കാരൻ ബേസിൽ മണ്ണ് ഖനനം ചെയ്യുന്ന സ്ഥലത്ത് കൃത്യമായി എത്തിയിരുന്നു. എന്നാൽ അനധികൃത മണ്ണു ഖനനം ഇദ്ദേഹം കണ്ടു നിൽക്കുകയായിരുന്നു.

ഇദ്ദേഹത്തെ സാക്ഷിയാക്കിയായിരുന്നു തുടർന്നുള്ള അനധികൃത മണ്ണു ഖനനം. പൊലീസ് പിടിച്ചെടുത്തെന്ന് തഹസീൽദാർ വെളിപ്പെടുത്തിയ അതേ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുടർന്നും മണ്ണ് ഖനനം നടക്കുന്നുണ്ടെന്ന് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിടുന്നു

മണ്ണ് മാഫീയയും അധികൃതരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഈ നീക്കത്തിന് പിന്നിലെന്നും പൊലീസിലും ഉദ്യോഗസ്ഥ തലത്തിലും ഇക്കൂട്ടർക്കുള്ള സ്വാധീനത്തിന് ഒരുദാഹരണം മാത്രമാണ് ഈ സംഭവമെന്നുമാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്. അടിമാലിയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ കോയിക്കകുടി സിറ്റിക്ക് സമീപം മലമുകളിൽ നിന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൻതോതിൽ മണ്ണ് കടത്തിയിരുന്നത്.

റവന്യു വകുപ്പധികുതരിൽ ചിലരുടെ മൗനസമ്മത്തോടെയായായിരുന്നു മണ്ണ് കടത്തൽ എന്നാണ് നാട്ടുകാരുടെ ആരോപണം.മണ്ണ് കടത്തുന്നതായി വില്ലേജ് ഓഫീസറെ ഫോണിൽ അറിയിച്ചയുടൻ മണ്ണ് ഖനനം നടത്തിയിരുന്നവർ സ്ഥലത്തും നിന്നും വാഹനങ്ങളുമായി രക്ഷപെടുന്നതിന് കർമ്മപദ്ധതി ആവിഷ്‌കരിച്ചത് ഇത് വ്യക്തമാക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മലമുകളിൽ നിന്നും മാഫിയ സംഘം താഴെ എത്തിച്ച മണ്ണുമാന്തിയന്ത്രവും മറ്റും നാട്ടുകാർ തടഞ്ഞിട്ടിരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി, കാഴ്ചകൾ കണ്ട് മടങ്ങിയതല്ലാതെ ചെറുവിരൽ അനക്കാൻ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പൊലീസ് പോയ ഉടൻ ഹിറ്റാച്ചി വീണ്ടും മലമുകളിലെത്തിച്ച് മണ്ണിടിക്കൽ തുടരുകയായിരുന്നെന്നാണ് ദൃസാക്ഷികൾ മറുനാടനുമായി പങ്കുവച്ച വിവരം.

ഇടുക്കിയിലെ മണ്ണു കടത്തൽ. ദൃശ്യങ്ങൾ കാണാം