കൊച്ചി: മലയാള സിനിമാരംഗത്ത് 'റിവേഴ്സ് ഹവാല' പിടിമുറുക്കുന്നതായി അന്വേഷണ സംഘം. സാമ്പത്തിക ഇടപാടുകളെപ്പറ്റി കേന്ദ്ര ഏജൻസികൾ നടത്തിയ പ്രാഥമികാന്വേഷണമാണ് ഇത് വ്യക്തമാക്കുന്നത്.

വിദേശത്തുനിന്ന് പണം അനധികൃത മാർഗങ്ങളിലൂടെ ഇവിടെയെത്തിക്കുന്നതാണ് ഹവാല. റിവേഴ്സ് ഹവാലയിൽ പണത്തിന്റെ തിരിച്ചുപോക്കാണ് നടക്കുക. നാട്ടിൽ ക്രമവിരുദ്ധമായി സമ്പാദിക്കുന്ന പണം വിദേശത്തെത്തിക്കും. പലവിധ നിക്ഷേപങ്ങളായാണ് എത്തിക്കുക.

നിയമവിധേയമല്ലാത്ത വിധത്തിൽ സംസ്ഥാനത്ത് വൻ തോതിൽ സമ്പത്തുണ്ടാക്കിയ പലരും പണം ദുബായിയിലും മറ്റും എത്തിക്കും. സ്വർണത്തിന്റെ രൂപത്തിലാണ് പണം ഏറെയും തിരിച്ചെത്തുന്നത്, കുറച്ച് കുഴൽപ്പണമായും. ആദ്യകാലത്ത് റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു നിക്ഷേപം. അവിടെ സാധ്യതകൾക്ക് കുറഞ്ഞതോടെ കൂടുതൽ സുരക്ഷിതമായ ചലച്ചിത്രമേഖലയിലേക്ക് ശ്രദ്ധ തിരിഞ്ഞു.

പ്രതിസന്ധിയിലായിരുന്ന 'മോളിവുഡ്' പുത്തൻ പരീക്ഷണങ്ങളോടെ നില മെച്ചപ്പെടുത്തിയ കാലത്തായിരുന്നു പുതിയ സാമ്പത്തികശക്തിയുടെ കടന്നുവരവ്. സിനിമയുമായി പ്രത്യക്ഷ ബന്ധമില്ലാതിരുന്ന പലരും നിർമ്മാതാക്കളായെത്തി. ബോക്സോഫീസിൽ മികച്ച വിജയം കിട്ടിയിട്ടും ചിലർ രംഗത്തുനിന്ന് അപ്രത്യക്ഷമായി.

ചലച്ചിത്രപ്രവർത്തകരുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ചില സംഘടനകളുടെ മറപിടിച്ച് സംഭാവനകൾ വന്നതായും വിലയിരുത്തപ്പെടുന്നു. മുൻകാലത്ത് സ്ഥാനാർത്ഥിയായിരുന്നവർക്കും ഇത്തരത്തിൽ സംഭാവനകൾ വന്നിരുന്നോയെന്ന് പരിശോധിക്കും.