- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ പദവിയിലിരിക്കുന്ന നേതാവിന്റെ പണം ഡോളറാക്കി വിദേശത്തേക്കു കടത്തി; കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായത് ദുബായിലുള്ള രണ്ട് മലയാളികളുടെ പങ്ക്; ഇരുവരെയും ചോദ്യം ചെയ്യാൻ ഒരുങ്ങി കേന്ദ്ര ഏജൻസി; ഈജിപ്ത് പൗരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ കേരളത്തിലെത്തിക്കാനും ശ്രമം തുടങ്ങി; റിവേഴ്സ് ഹവാലയിൽ അന്വേഷണം ദുബായിലേക്ക്
തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡോളർ വിദേശത്തേക്കു കടത്തിയ സംഭവത്തിലെ അന്വേഷണം ദുബായിലേക്ക് നീളുന്നു. സംസ്ഥാനത്തെ ഒരു പ്രമുഖ പദവിയിൽ ഇറിക്കുന്ന നേതാവിന്റെ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്ന് സ്വർണ്ണക്കടത്തിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ദുബായ് കേന്ദ്രീകരിച്ചു മുന്നേറുന്നത്. വിദേശത്തുള്ള കേസായതിനാൽ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേരളത്തിൽ നി്ന്നും കടത്തിയ പണം ദുബായിലുള്ള രണ്ട് മലയാളികളാണ് കൈപ്പറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി ദുബായിലെത്തിച്ച ഡോളർ ഏറ്റുവാങ്ങിയത് ഇവരാണെന്ന് ഏജൻസികൾ കണ്ടെത്തി. ഷാർജയിലും ദുബായിലും വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ നിക്ഷേപം നടത്താനുള്ള ഇടനിലക്കാർ ഇവരാണെന്നും വിവരം കിട്ടി. ബെംഗളൂരുവിലെ വിദ്യാഭ്യാസ സംരംഭങ്ങളിലും ഇവർക്കു പങ്കാളിത്തമുണ്ട്. ദുബായിലുള്ള ഇരുവരെയും ചോദ്യം ചെയ്യലിന് കേരളത്തിൽ എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
വിദേശകാര്യ വകുപ്പിൽ നിന്നും നടപടി താമസിച്ചാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ ദുബായിലേക്ക് പോകാനും നീക്കമുണ്ട്. കസ്റ്റംസിന്റെയും ഇഡിയുടെയും സംയുക്ത നീക്കവും ഈ അന്വേഷണത്തിലുണ്ട്. ഇവരുടെ പങ്കിനെപ്പറ്റി കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ പാസ്പോർട്ട് റദ്ദാക്കി കേരളത്തിലെത്തിക്കാനും ആലോചയുണ്ട്. അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ തുകയായ 3.15 കോടി രൂപയുമായി വിദേശത്തേക്കു പോയ യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ട്സ് ഓഫിസർ ഈജിപ്ത് പൗരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കോൺസുലേറ്റിലുണ്ടായിരുന്ന മറ്റു ചില ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തേടാൻ വിദേശകാര്യ വകുപ്പിന്റെ അനുമതിക്കും കസ്റ്റംസ് കത്തു നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇയും അറിയിച്ചിരുന്നു. ലൈഫ് മിഷനിലെ കമ്മിഷൻ തുക മാത്രമല്ല ഡോളറാക്കി കടത്തിയതെന്നു സ്വപ്നയുടെയും സരിത്തിന്റെയും വെളിപ്പെടുത്തലിൽ നിന്നാണ് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചത്. വൻതോതിൽ റിവേഴ്സ് ഹവാല ഇടപാടിലൂടെയും പ്രമുഖരുടെ പണം ഡോളറാക്കി ദുബായിലെത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിന്നു ലഭിച്ച ചില വിവരങ്ങൾ വച്ചാണു ചോദ്യം ചെയ്യുക. കേസിൽ രവീന്ദ്രനെ ഈമാസം ഇതുവരെ മൂന്നുതവണ ചോദ്യം ചെയ്തു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചപ്പോൾ ആരോഗ്യ കാര്യം ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഹാജരായിരുന്നില്ല.
കേസിൽ അന്തിമ കുറ്റപത്രം നൽകാൻ 6 മാസമെങ്കിലും കഴിയുമെന്നാണ് ഇഡി കരുതുന്നത്. ശിവശങ്കറിന്റെ സ്വത്തു വിവരങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായിട്ടില്ല. മറ്റു പ്രധാന പ്രതികളായ റബിൻസ്, കെ.ടി. റമീസ് തുടങ്ങിയവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. സ്വപ്ന സുരേഷ്, പി.എസ്. സരിത്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എന്നിവർക്കെതിരെ ഇതിനകം കുറ്റപത്രം സമർപ്പിച്ചു. അതേസമയം, സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയിലെ വിവരങ്ങൾ ഇഡിയുമായി പങ്കുവയ്ക്കാൻ കസ്റ്റംസ് വിസമ്മതിച്ചു. മൊഴിപ്പകർപ്പു നൽകേണ്ടതു കോടതിയാണെന്നാണു നിലപാട്.
മറുനാടന് മലയാളി ബ്യൂറോ