- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് മാനദണ്ഡത്തിൽ അയവു പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ നഴ്‌സിങ് ബോർഡ്; രണ്ടു തവണ എഴുതി 7 ബാൻഡ് വാങ്ങിയാലും ഐഇഎൽടിഎസ് വിജയിച്ചതായി പ്രഖ്യാപിക്കും; മലയാളികൾക്ക് ആവേശമായ വാർത്ത
ഓസ്‌ട്രേലിയയിലേക്ക് നഴ്‌സായി പോകാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് നേരിയ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ നഴ്‌സിങ് ബോർഡ്. നിലവിൽ നഴ്‌സാകാൻ അടിസ്ഥാന യോഗ്യതയായി കരുതുന്ന എല്ലാ വിഷയങ്ങൾക്കും 7 എന്ന സ്‌കോർ പുതിയ സംവിധാനത്തിലും നിലനിൽക്കുമെങ്കിലും അതു രണ്ടു തവണയായി നേടാൻ അനുമതി നൽകുന്നു എന്നതാണ് പ്രധാനം. എന്നു വച്ചാൽ ഒരു തവണ ഏതെങ
ഓസ്‌ട്രേലിയയിലേക്ക് നഴ്‌സായി പോകാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് നേരിയ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ നഴ്‌സിങ് ബോർഡ്. നിലവിൽ നഴ്‌സാകാൻ അടിസ്ഥാന യോഗ്യതയായി കരുതുന്ന എല്ലാ വിഷയങ്ങൾക്കും 7 എന്ന സ്‌കോർ പുതിയ സംവിധാനത്തിലും നിലനിൽക്കുമെങ്കിലും അതു രണ്ടു തവണയായി നേടാൻ അനുമതി നൽകുന്നു എന്നതാണ് പ്രധാനം. എന്നു വച്ചാൽ ഒരു തവണ ഏതെങ്കിലും വിഷയങ്ങളിൽ 6.5 ആയി സ്‌കോർ കുറഞ്ഞുപോയവർക്ക് അടുത്ത തവണ ആ വിഷയങ്ങളിൽ മാത്രം 7 സ്‌കോർ നേടിയാൽ മതിയാകുമെന്നർഥം. രണ്ട് ഐഇഎൽടിഎസ് സർട്ടിഫിക്കറ്റുകളും കണക്കിലെടുത്താണ് ഇനി ഓസ്‌ട്രേലിയൻ നഴ്‌സിങ് ബോർഡിൽ നിയമനം ലഭിക്കുക.
എന്നാൽ ഈ ഇളവിന് ചില നിബന്ധനകൾ ബാധകമാണ്. രണ്ടു പരീക്ഷയും ആറു മാസത്തെ ഇടവേളകൾക്കുള്ളിൽ സംഭവിച്ചിരിക്കണം എന്നതും തോറ്റു പോകുന്ന വിഷയത്തിന് കുറഞ്ഞത് 6.5 മാർക്ക് നേടണം എന്നതും ഇതിൽ പ്രധാന നിബന്ധനയാണ്. എന്നു വച്ചാൽ ഏതെങ്കിലും കുറച്ചു വിഷയം മാത്രം പഠിച്ചെഴുതിയാൽ രണ്ടാം പരീക്ഷയിൽ ബാക്കി പഠിക്കാം എന്നു കരുതിയാൽ നടക്കില്ല. എന്നാൽ ആദ്യം കിട്ടാതെ പോകുന്ന വിഷത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇതു അവസരം ഉണ്ടാക്കും. വിദേശ ജോലി സ്വപ്‌നം കാണുന്ന നഴ്‌സുമാർക്ക് ഇതു വലിയ അനുഗ്രഹമാണ്.
ഐഇഎൽടിഎസ് (അക്കാദമിക് മൊഡ്യൂൾ) ഓവറോൾ സ്‌കോർ ഏഴും ഓരോ വിഷയങ്ങൾക്കും (ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ്) മിനിമം സ്‌കോർ ഏഴും വേണമെന്നതു തന്നെയാണ് പുതിയ നിബന്ധനയിൽ ഉൾപ്പെടുത്തിയതെങ്കിലും ഇത് ഒറ്റത്തവണ എഴുതിയെടുക്കുകയോ അല്ലെങ്കിൽ ആറു മാസത്തിനുള്ളിൽ നടത്തുന്ന രണ്ട് ടെസ്റ്റുകളിലായി എഴുതിയെടുക്കുകയോ ചെയ്യാം. അതേസമയം ആറു മാസത്തിനുള്ളിൽ എഴുതുന്ന രണ്ടു ടെസ്റ്റുകളിലായാണ് ഈ മിനിമം സ്‌കോറുകൾ നേടുന്നതെങ്കിൽ താഴെപ്പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണം.
1. രണ്ടു തവണയും ഓവറോൾ സ്‌കോർ മിനിമം ഏഴ് നേടിയിരിക്കണം.
2. ഓരോ വിഷയങ്ങൾക്കും രണ്ടു തവണയായി മിനിമം സ്‌കോറായ ഏഴ് എഴുതിയെടുക്കാം. ആദ്യത്തെ തവണ ഒരു വിഷയത്തിന് സ്‌കോർ ഏഴിൽ കുറഞ്ഞുപോയാൽ അടുത്ത തവണ ഇതു മാത്രമായി എഴുതിയെടുക്കാം.
3. എന്നാൽ, രണ്ടു പരീക്ഷകളിലും ഒരു വിഷയത്തിനും 6.5 എന്ന സ്‌കോറിൽ താഴെ പോകാൻ പാടില്ല.
ഈ മൂന്നു നിബന്ധനകൾ പാലിച്ചാൽ മാത്രമേ ആറു മാസത്തിനുള്ളിൽ രണ്ടു ഐഇഎൽടിഎസ് പരീക്ഷയെഴുതി ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് യോഗ്യത നേടാൻ സാധിക്കുകയുള്ളൂ എന്നാണ് എൻഎംബിഎ അനുശാസിക്കുന്നത്. നഴ്‌സുമാർക്കും മിഡ് വൈഫുമാർക്കുമുള്ള നിബന്ധനകളാണ് എൻഎംബിഎ ഇംഗ്ലീഷ് ലാംഗ്വേജ് സ്‌കിൽസ് രജിസ്‌ട്രേഷൻ മാനദണ്ഡങ്ങൾ അനുശാസിക്കുന്നതെങ്കിലും മറ്റു പ്രൊഫഷനിലുള്ളവർക്കുമുള്ള മാനദണ്ഡങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും അറിയിപ്പുണ്ട്.
നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയ (എൻഎംബിഎ) പുറത്തിറക്കിയ ഈ മാനദണ്ഡങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പബ്ലിക് കൺസൾട്ടേഷൻ പോലെയുള്ള നടപടികൾ സ്വീകരിച്ച ശേഷമാണ് എൻഎംബിഎ നിലവിലുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ രജിസ്‌ട്രേഷൻ മാനദണ്ഡത്തിൽ പരിഷ്‌ക്കാരങ്ങൾ വരുത്തിയിട്ടുള്ളത്.
ഈ മാറ്റം പ്രത്യക്ഷത്തിൽ ചെറുതാണെങ്കിലും അനേകം മലയാളി നഴ്‌സുമാർക്ക് സഹായകമാകുമെന്നാണ് സൂചന. ഒട്ടേറെ മലയാളികൾ ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം 7 നേടാൻ കഴിയാത്തതുകൊണ്ട് പരാജയപ്പെടുന്നവരാണ്. ഇവർ അടുത്ത തവണ എഴുതുമ്പോൾ ആ വിഷയത്തിൽ നേടിയാലും വേറൊരു വിഷയത്തിൽ കുറയുന്നു. ഇത്തരക്കാരെ സംബന്ധിച്ച് രണ്ടു പരീക്ഷകൾ ഒരുമിച്ച് പരിഗണിക്കുന്നു എന്നത് ആശ്വാസകരമായ വാർത്തയാണ്.