ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകി. വിധിയിൽ ഗുരുതര പിഴവുണ്ടെന്നു സുപ്രീം കോടതിയിൽ നൽകിയ പുനഃപരിശോധന ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടി.

മരണത്തിൽ ഗോവിന്ദച്ചാമിക്കു പങ്കില്ലെന്നു പറയാനാകില്ല. കീഴ്‌ക്കോടതി വിധി ശരിവയ്ക്കണമെന്നും ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടു. ഐപിസി 300-ാം വകുപ്പിന്റെ സാധ്യത പരിഗണിച്ചില്ലെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് സർക്കാർ പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. ഐ.പി.സി 325-ാം വകുപ്പ് പരിഗണിക്കുന്ന കോടതി എന്തുകൊണ്ടാണ് 302-ാം വകുപ്പ് പരിഗണിക്കാത്തതെന്ന ചോദ്യമാണു ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. സർക്കാറിന്റെ ഹർജി ജഡ്ജിമാരുടെ ചേമ്പറിലായിരിക്കും പരിഗണിക്കുക.

കഴിഞ്ഞ ദിവസം സൗമ്യയുടെ അമ്മ കേസിൽ പുനഃപരിശോധന ഹർജി നൽകിയിരുന്നു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെയാണു സൗമ്യയുടെ അമ്മ സുമതി പുനഃപരിശോധനാ ഹർജി നൽകിയത്. കൊലക്കുറ്റം ചുമത്താൻ തെളിവുണ്ടായിട്ടും ഫലപ്രദമായി മുന്നോട്ടുവെക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു കാണിച്ചാണ് അഡ്വ. ആൽജോ ജോസഫ് മുഖേന സുമതി ഹർജി സമർപ്പിച്ചത്.

തുറന്ന കോടതിയിൽ കേസ് വാദം കേൾക്കണമെന്ന ആവശ്യം മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ഉന്നയിക്കും. കൊലക്കുറ്റം ചുമത്താൻ വേണ്ട തെളിവ് കേസിലുണ്ടായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് വിചാരണ കോടതിയും ഹൈക്കോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചത്. എന്നാൽ, ആ തെളിവുകളിൽ പലതും സുപ്രീംകോടതി പരിഗണിച്ചിട്ടില്ല, അതിനാൽ വീണ്ടും വാദം കേൾക്കണം. വിചാരണ കോടതിയിൽ താൻ സാക്ഷിയായിരുന്നു, ഹൈക്കോടതിയും തന്റെ വാദം കേട്ടിരുന്നു. എന്നാൽ, സുപ്രീംകോടതിയിൽ പ്രത്യേക ഹർജി നൽകിയിരുന്നില്ലെന്നും സുമതി പറഞ്ഞു.

സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ സൗമ്യയുടെ അമ്മ സുമതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. സൗമ്യ നാടിന്റെയാകെ മകളാണിന്നെന്നു പിണറായി പ്രതികരിച്ചിരുന്നു. സൗമ്യക്ക് നീതി ലഭിക്കാനായി ചെയ്യാൻ പറ്റുന്നതൊക്കെ സർക്കാർ ചെയ്യും. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൂടാ. ആ അമ്മയുടെ ദുഃഖവും ആശങ്കയും നാമെല്ലാവരും പങ്കിടുന്നതാണെന്നും പിണറായി വ്യക്തമാക്കിയിരുന്നു.