തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ അദാനി ഗ്രൂപ്പുമായി ഒപ്പിട്ട വിഴിഞ്ഞം കരാർ പൊളിച്ചെഴുതുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ്. അച്യുതാനന്ദൻ. കരാർ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് നിയമസഭയിൽ സബ്മിഷനായി വിഷയം ഉന്നയിച്ച് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ സർക്കാരിന്റെ തുടർച്ച എന്ന നിലയിൽ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ല എന്നാണ് വി എസ് ആവശ്യപ്പെട്ടത്. വിഴിഞ്ഞം പദ്ധതി അദാനിയുടെ കാൽക്കീഴിൽ കൊണ്ടുചെന്നു വയ്ക്കുന്നതാണ് യുഡിഎഫ് സർക്കാർ ഒപ്പിട്ട കരാറെന്നും വി എസ് ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ രൂപം നല്കിയ കരാറിൽ അഴിമതിയുണ്ട്. അതിൽ അഴിമതിക്കുള്ള പഴുതുണ്ട്. അദാനി ഗ്രൂപ്പ് കരാർ ലംഘിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ തലത്തിൽ ആലോചിച്ച് ശേഷം മറുപടി പറയാം എന്നാണ് വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സബ്മിഷന് നൽകിയ മറുപടി.

കഴിഞ്ഞ സർക്കാരിന്റെ തുടർച്ച എന്ന നിലയിൽ കരാറുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്ന് വി എസ് ചൂണ്ടിക്കാട്ടി. കരാറിനായി എൽഡിഎഫ് സർക്കാർ നടത്തിവന്ന നീക്കങ്ങൾ അട്ടിമറിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ അദാനി ഗ്രൂപ്പുമായി കരാറുണ്ടാക്കിയത്. ആകെ 7522 കോടിയുടെ പദ്ധതിയിൽ 5273 കോടി രൂപയും സംസ്ഥാന സർക്കാർ നൽകണമെന്ന രീതിയിലാണ് കരാർ.

മാത്രമല്ല, ഏതാണ്ട് ഒരു മനുഷ്യായുസ് മുഴുവൻ തുറമുഖവും അനുബന്ധ പദ്ധതികളും അദാനിയുടെയും കുടുംബത്തിന്റെയും നിയന്ത്രണത്തിലുമായിരിക്കും. പദ്ധതിക്കു നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പ് കരാറിൽ മാറ്റം വരുത്തുന്നുണ്ടെന്നും വി എസ് ആരോപിച്ചു. ഈ സാഹചര്യത്തിൽ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് സർക്കാർ ധവളപത്രമിറക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.