- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് മാത്രമല്ല, അതിമാരക ലഹരിമരുന്നുകളും ഉപയോഗിച്ചു; സുശാന്ത് അഭിനയിച്ച സെറ്റിൽ വെച്ചും പല പാർട്ടികളിലും മയക്കു മരുന്നു ഉപയോഗിച്ചു; റിയ ചക്രവർത്തിയുടെ കുറ്റസമ്മതം പൊട്ടിക്കരഞ്ഞു കൊണ്ട്; നടിയുടെ മൊഴിയിൽ കുരുക്കിലായത് 25 ബോളിവുഡ് താരങ്ങൾ; ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത പ്രമുഖരെ ചോദ്യം ചെയ്യാൻ എൻസിബി; സുശാന്ത് സിംഗിന്റെ ദുരൂഹ മരണക്കേസ് ബോളിവുഡിനെ മുഴുവൻ പിടിച്ചു കുലുക്കുന്നു
മുംബൈ: ബോളിവുഡ് സിനിമാ ലോകം റിയ ചക്രവർത്തിയുടെ മൊഴിക്കുരുക്കിൽ. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തുന്ന അന്വേഷണം കൂടുതൽ ബോളിവുഡ് പ്രമുഖരിലേക്ക് നീങ്ങുകയാണ്. 25ലേറെ ബോളിവുഡ് സെലബ്രിറ്റികൾ തനിക്കൊപ്പം മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് റിയ ചക്രവർത്തി വെളിപ്പെടുത്തിയതോടെ അന്വേഷണം ആ വഴിക്കാണ് നീങ്ങുന്നത്. മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം തന്നെ നടി സമ്മതിച്ചിരുന്നെങ്കിലും താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നില്ല. സുശാന്തിന് വേണ്ടി സഹോദരൻ മുഖേന മയക്കുമരുന്ന് എത്തിച്ചുനൽകിയെന്നായിരുന്നു ആദ്യദിവസത്തെ മൊഴി. എന്നാൽ സഹോദരനൊപ്പം ചോദ്യംചെയ്തതോടെ റിയ എല്ലാം തുറന്നുപറയുകയായിരുന്നു.
കഞ്ചാവ് മാത്രമല്ല, അതിമാരക ലഹരിമരുന്നുകളും താൻ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സുശാന്ത് അഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽവെച്ചും പല പാർട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് റിയ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്നപ്പോൾ താൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു റിയയുടെ പ്രതികരണം. പല ടി.വി. അഭിമുഖങ്ങളിലും ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. പക്ഷേ, വാട്സ്ആപ്പ് ചാറ്റുകളടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നതോടെ എല്ലാ കള്ളത്തരങ്ങളും പൊളിയുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് എൻ.സി.ബി. റിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ വൈദ്യപരിശോധനയും കോവിഡ് പരിശോധനയും നടത്തി. റിയയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനായിരിക്കും എൻ.സി.ബി. ആവശ്യപ്പെടുക. ജാമ്യാപേക്ഷയെ എതിർക്കുമെന്നും എൻ.സി.ബി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
സുശാന്തിനൊപ്പം 25 ബോളിവുഡ് താരങ്ങൾ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുത്തുവെന്നാണ് റിയയും കസ്റ്റഡിയിലുള്ള സഹോദരൻ ഷോവിക്കും മൊഴിനൽകിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ താരങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നോട്ടീസ് നൽകും. ബോളിവുഡിലെ കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് എൻസിബി അറിയിക്കുന്നത്.
സുശാന്തിന്റെ സഹോദരിമാർക്കെതിരെ റിയയുടെ പരാതിയിൽ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയായിരുന്നു നടിയുടെ അറസ്റ്റ്. നാർകോട്ടിക് ഡ്രഗ്സ് & സൈക്കോട്രോപിക് സബസ്റ്റൻസസ് നിയമത്തിലെ സെക്ഷൻ 8, 20 (ബി), 27(എ), 29 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിക്കൽ, കൈവശംവെക്കൽ, വിൽപ്പന, ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുക, കുറ്റകരമായി ഗൂഢാലോചന. ലഹരിമരുന്ന് കടത്തൽ എന്നിവയാണ് കുറ്റങ്ങൾ. പത്ത് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. അതേസമയം, ലഹരിക്ക് അടിമയായ ഒരാളെ പ്രണയിച്ചതാണ് റിയ ചെയ്ത കുറ്റമെന്നാണ്് നടിയുടെ അഭിഭാഷകന്റെ പ്രതികരണം.
അതേസമയം ബോളിവുഡ് നെപ്പോട്ടിസത്തിൽ തുടങ്ങിയ കേസാണ് ഇപ്പോൾ ഈ നിലയിൽ എത്തിയിരിക്കുന്നത്. റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു സുശാന്തിന്റെ പിതാവ് ബിഹാർ പൊലീസിനു പരാതി നൽകിയതു മുതലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ബോളിവുഡിലെ കിടമത്സരവും ലോബികളുടെ കൈകടത്തലും സ്വജനപക്ഷപാതവും നടന്റെ വിഷാദരോഗവും ആത്മഹത്യയിലേക്കു നയിച്ചെന്ന നിഗമനത്തിൽ മുംബൈ പൊലീസിന്റെ അന്വേഷണം നീങ്ങവെ റിയ തന്നെയാണ് സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ട് കത്തെഴുതിയത്. എന്നാൽ സുശാന്തിന്റെ മാതാപിതാക്കളുടെ പരാതി കേസിൽ വീണ്ടും വഴിത്തിരിവായി.
റിയയിൽ നിന്നു ഭീഷണിയുണ്ടെന്നു ഭയപ്പെട്ടിരുന്നതായും ഇക്കാര്യം കുടുംബാംഗങ്ങൾ ഫെബ്രുവരിയിൽ ബാന്ദ്ര പൊലീസിനെ അറിയിച്ചിരുന്നതായും സുശാന്തിന്റെ അച്ഛന്റെ അഭിഭാഷകനും വെളിപ്പെടുത്തി. റിയ ചക്രവർത്തി തന്നെ സമ്മർദത്തിലാക്കുന്നതായി സുശാന്ത് സിങ് രാജ്പുത്ത് പറഞ്ഞിട്ടുണ്ടെന്ന സൂചനകൾ നടന്റെ മുൻ കാമുകി അങ്കിത ലോഖണ്ഡെയും പുറത്തുവിട്ടതോടെ റിയക്കെതിരെ കുരുക്ക് മുറുകി. പിന്നാലെ സുശാന്തിന്റെ ബാങ്ക് അക്കൗണ്ട്, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചു ബിഹാർ പൊലീസ് അന്വേഷണം തുടങ്ങി. അക്കൗണ്ടിൽ നിന്ന് 15 കോടിയോളം രൂപ റിയ തട്ടിയെടുത്തെന്നായിരുന്നു മാതാപിതാക്കളുടെ പരാതി.
എന്നാൽ ഇതിനു തെളിവില്ലെന്നു മുംബൈ പൊലീസ് പറഞ്ഞു. സുശാന്തിന്റെ അറിവോടെ 5 ലക്ഷം രൂപ വിമാനയാത്രാച്ചെലവിനായി റിയ ഉപയോഗിച്ചതല്ലാതെ മറ്റു കൈമാറ്റങ്ങളില്ലെന്നും ബാങ്ക് രേഖകൾ കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കാമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ഈശ്വരനിലും നിയമത്തിലും വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നുമുള്ള വിഡിയോ സന്ദേശവുമായി റിയയും രംഗത്തെത്തി. ഇതോടെ സംഭവം മഹാരാഷ്ട്ര, ബിഹാർ സർക്കാരുകൾ തമ്മിലുള്ള ഉരസലിനും കാരണമായി.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബിഹാറിൽ നിന്നുള്ള നാലംഗ പൊലീസ് സംഘം മുംബൈയിലെത്തിയതെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ ആരോപണം. സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പട്നയിലുള്ള എഫ്ഐആർ മുംബൈയിലേക്കു മാറ്റണണമെന്ന് ആവശ്യപ്പെട്ട് റിയയും സുപ്രീം കോടതിയെ സമീപിച്ചു. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യം സുശാന്തിന്റെ അച്ഛൻ കെ.െക. സിങ് സുപ്രീം കോടതിയിൽ ഉന്നയിച്ചു.
സുശാന്ത് സിങ്ങിന്റെ മരണത്തിൽ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ, അന്വേഷണത്തിനു പട്നയിൽ നിന്നെത്തിയ പൊലീസുമായി സഹകരിക്കുകയോ ചെയ്തില്ലെന്ന് ബിഹാർ സർക്കാർ സത്യവാങ്മൂലം നൽകി. മുംബൈ പൊലീസ് രാഷ്ട്രീയ സമ്മർദത്തിന് അടിപ്പെട്ടിരിക്കുകയാണെന്നു കുറ്റപ്പെടുത്തിയ അവർ സിബിഐ അന്വേഷണം അനിവാര്യമാണെന്നും വ്യക്തമാക്കി. സിബിഐ അന്വേഷണം ആദ്യം ആവശ്യപ്പെട്ട റിയ, പിന്നീട് അതിൽ നിന്നു പിന്മാറിയത് സംശയമുനകൾ ശക്തമാകാൻ കാരണമായി. ഒടുവിൽ ഓഗസ്റ്റ് 19ന് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടു സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
റിയയ്ക്കെതിരെയുള്ള സാമ്പത്തിക കുറ്റകൃത്യക്കേസ് അന്വേഷിക്കവെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) ലഹരി ഇടപാടു സംശയങ്ങൾ സിബിഐയെയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയെയും അറിയിച്ചത്. ഇതാണ് ഇപ്പോൾ അറസ്റ്റിലേക്ക് വരെ എത്തിച്ചത്. റിയയുടെ വാട്സാപ് ചാറ്റിൽ നിന്ന് ലഹരി ഉപയോഗം, കടത്ത് എന്നിവയെക്കുറിച്ച് സൂചന ലഭിച്ചതോടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കേസെടുത്തു. മുംബൈ ഫിലിം സിറ്റി ഉൾപ്പെടെ വിവിധയിടങ്ങളിൽ എൻസിബി റെയ്ഡ് നടത്തി. ലഹരി മരുന്ന് ഇടപാടുകാരൻ സഈദ് വിലാത്ര, ബാസിത് പരിഹാർ എന്നിവർ അറസ്റ്റിലായതോടെ റിയയുടെ സഹോദരൻ ഷോവിക്കിലേക്ക് അന്വേഷണമെത്തി.
മറുനാടന് ഡെസ്ക്