മുംബൈ: റിയ പിള്ളയുടെ ജീവിതത്തെ ദുരിതമയമാക്കുന്നത് ടെന്നീസ് താരം ലിയാൻഡർ പേസിന്റെ അവഗണന മാത്രമല്ല.ഇപ്പോൾ വിട്ടുപോയ ഒരു പൂജ്യവും അവരുടെ ഉറക്കം കെടുത്തുന്നു. ഗാർഹിക പീഡന പരാതിയുടെ ഭാഗമായി നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് 1 കോടിയുടെ ഒരു പൂജ്യം ഇടാൻ അഭിഭാഷകർ വിട്ടുപോയത്. ഇതോടെ നഷ്ടപരിഹാര തുക 10 ലക്ഷമായി ചുരുങ്ങി.

വിട്ടുപോയ പൂജ്യത്തിന്റെ പ്രശ്‌നം റിയ പിള്ളയുടെ അഭിഭാഷകർ ഇന്നലെ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയിൽ ഉന്നയിച്ചു.അഭിഭാഷകരായ ഗുജ്ജാൻ മംഗളയും അംന ഉസ്മാനും പിള്ള ആവശ്യപ്പെട്ട തുകയിൽ ഒരു പൂജ്യം എഴുതാൻ വിട്ടുപോയതായി ജഡ്ജി മഹേഷ് ജത് മലാനിയോട് ബോധിപ്പിച്ചു. എന്നാൽ നേരത്തെ നൽകിയ അസൽ ഹർജിയിൽ നഷ്ടപരിഹാരത്തുക 1 കോടിയായി രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട് റിയയ്ക്ക് തുക നഷ്ടമാകില്ലെന്നാണ് അഭിഭാഷകർ പറയുന്നത്.

2014ലാണ് റിയ പിള്ള പേസിനെതിരെ ഗാർഹിക പീഡന കേസ് ഫയൽ ചെയ്തത്. പിന്നീട് കേസിൽ ആറുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മുംബൈ കോടതിയോട് ഉത്തരവിടുകയായിരുന്നു.തനിക്കും മകൾക്കും പ്രതിമാസം 2.62 ലക്ഷം വീതം തരണമെന്നാണ് റിയ പിള്ളയുടെ ആവശ്യം. ടൊയോട്ട ഇന്നോവ, ടൊയോട്ട കൊറോള ആൾട്ടിസ്, ഹോണ്ട സിറ്റി നിലവാരത്തിലുള്ള ഒരു കാറും ഇവർ പേസിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്.മകളെ സ്‌നേഹിക്കുകയോ, സാമ്പത്തിക സഹായം നൽകുകയോ ചെയ്യാതെ അവഗണിച്ച പിതാവാണ് പേസെന്നാണ് ഭാര്യ ആരോപിച്ചിരിക്കുന്നത്. ആകെ 1.43 കോടി രൂപയാണ് റിയ പിള്ള പേസിൽ നിന്നും ആവശ്യപ്പെടുന്നത്.

ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയായ റിയ ആ ബന്ധം പരാജയമായതിനെ തുടർന്ന് പരസ്പര സമ്മതത്തോടെ വിവാഹമോചനം നടത്തിയതിന് ശേഷമാണ് പേസുമായുള്ള ബന്ധം ആരംഭിക്കുന്നത്. എന്നാൽ ഇതും പരാജയപ്പെടുകയായിരുന്നു.


മുൻ ഹോക്കി ചാമ്പ്യനായ പിതാവ് ഡോ. വീസ് പെയ്‌സിനൊപ്പമാണ് ലിയാണ്ടർ പേസ് ഇന്നലെ കോടതിയിൽ ഹാജരായത്.റിയയെ താൻ വിവാഹം ചെയ്തിട്ടില്ലെന്നും റിയ തന്റെ ഭാര്യയല്ലെന്നുമുള്ള പെയ്‌സിന്റെ വാദം നേരത്തെ കോടതി തള്ളിയിരുന്നു. വിവാഹം ചെയ്യാതെ ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു ഇരുവരും. ഇത് വിവാദ ബന്ധമായി പരിഗണിക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.