കൊച്ചി . കേരളത്തിലെ ആദ്യവാതരോഗ സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്‌സാ കേന്ദ്രം എറണാകുളം കച്ചേരിപടി ശ്രീ സുധീന്ദ്രാ മെഡിക്കൽ മിഷൻ ആശുപത്രിയിൽ   കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭാകർ പ്രഭു ഞായറാഴ്‌ച്ച രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും. ഡോ.പത്ഭനാഭ ഷേണായിയുടെ 'കെയറും' ശ്രീ സുധീന്ദ്രാ മെഡിക്കൽ മിഷൻ ആശുപത്രിയുടെയും സംയുക്ത സംരംഭമാണിത്.
ആശുപത്രി മുഖ്യരക്ഷാധികാരി  കാശീ മഠാധിപതി ശ്രീ സുധീന്ദ്ര തീർത്ഥസ്വാമിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി  90 നിർദ്ധനരായ രോഗികൾക്ക് സൗജന്യനിരക്കിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി നിർവ്വഹിക്കും. ആശുപത്രി ഓർത്തോപീഡിക് സർജനും മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. വിനോദ് പത്ഭനാഭന്റെയും റുമറ്റോളജിസ്റ്റ് ഡോ.പത്ഭനാഭ ഷേണായിയുടെയും നേത്യത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക.

വാതരോഗികൾക്ക് അത്യാധുനിക ചികിത്സ മിതമായ നിരക്കിൽ  ലഭ്യമാക്കുന്നതിന്റെ ഭാഗമായി നെട്ടൂരിൽ പ്രവർത്തിക്കുന്ന ഷേണായിസ് കെയറിൽ ഔട്ട് പേഷ്യന്റ് വിഭാഗവും, ലബോറട്ടറിയും  തുടർന്നും പ്രവർത്തിക്കുകയും, ശസ്ത്രക്രിയയും , കിടപ്പുരോഗികൾക്കായുള്ള സൗകര്യങ്ങളും ശ്രീ സുധീന്ദ്ര ആശുപത്രിയിലുമാണ് സജ്ജീകരിച്ചിക്കുന്നതെന്ന് ഡോ.പത്ഭനാഭ ഷേണായി പറഞ്ഞു.

സെന്റർ ഫോർ ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസത്തിന്റെ ഉദ്ഘാടനചടങ്ങിൽ കെ.വി.തോമസ് എംപി, ഹൈബി ഈഡൻ എംഎ‍ൽഎ, ഐ.എം.എ പ്രസിഡന്റ് ഡോ.സണ്ണി ഓരത്തേൽ ,സിപിഐ(എം) ജില്ലാ സെക്രട്ടറി പി.രാജീവ്, ബിജെപി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സുധീന്ദ്ര മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ.ജുനൈദ് റഹ്മാൻ, ബോർഡ് ജനറൽ സെക്രട്ടറി സുന്ദരേശ് ഗോപാല പൈ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.