കൊച്ചി: വാതരോഗത്തിനു മാത്രമായുള്ള കേരളത്തിലെ ആദ്യസൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാകേന്ദ്രം എറണാകുളം കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ കേന്ദ്ര റെയിവെ മന്ത്രി സുരേഷ് പ്രഭാകർ പ്രഭു ഉദ്ഘാടനം ചെയ്തു. ആശുപത്രി മുഖ്യ രക്ഷാധികാരി കാശീ മഠാധിപതി ശ്രീ സുധീന്ദ്ര തീർത്ഥ സ്വാമിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി നിർദ്ധനരായ 90 രോഗികൾക്ക് സൗജന്യനിരക്കിൽ കാൽമുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന്റെയും ഉദ്ഘാടനം കേന്ദ്ര മന്ത്രി നിർവ്വഹിച്ചു.

ആർക്കും താങ്ങാവുന്ന നിരക്കിൽ അത്യാധുനിക ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്ന ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷന്റെ പ്രവർത്തനം ശ്ലാഘനീയവും, രാജ്യത്തിന് മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ.പത്ഭനാഭ ഷേണായിയുടെ 'ഷേണായിസ്‌കെയറന്റെയും 'ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷന്റെ സംയുക്ത സംരംഭമാണിത്.

ചടങ്ങിൽ  ആശുപത്രി ബോർഡ് പ്രസിഡന്റ് രത്‌നാകര ഷേണായി, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ.ജുനൈദ് റഹ്മാൻ,ഹൈബി ഈഡൻ എംഎ‍ൽഎ, ഐ.എം.എ പ്രസിഡന്റ് ഡോ.സണ്ണി ഓരത്തേൽ, സിപിഐ(എം).ജില്ലാ സെക്രട്ടറി പി.രാജീവ് ,കെ.വി.തോമസ് എംപി, വാർഡ് കൗൺസിലർ സൂധാ ദിലീപ്, ഡോ.പത്ഭനാഭ ഷേണായി,ബോർഡ് സെക്രട്ടറി സൂന്ദരേഷ് ജി പൈ എന്നിവർ പ്രസംഗിച്ചു.