സ്വിറ്റ്‌സർലണ്ടിൽ വച്ച് നടന്ന ഷൂട്ടിംഗിനിടെയുണ്ടായ കാറപടകത്തിൽ പരുക്കേറ്റ മുൻ ടോപ് ഗിയർ പ്രസന്റർ റിച്ചാർഡ് ഹാമണ്ടിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റിച്ചാർഡിനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. മണിക്കൂറിൽ 288 മൈൽ വേഗതയിൽ പറപറന്ന റോക്കറ്റ് കാർ കീഴ്‌മേൽ മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് 2006ൽ താരത്തിന് മസ്തിഷ്‌കത്തിന് പരുക്കേറ്റിട്ടുണ്ട്. അതിൽ നിന്നും പൂർണമായും കരകയറുന്നതിന് മുമ്പെയാണ് രണ്ടാമതും അപകടം അദ്ദേഹത്തെ വേട്ടയാടിയിരിക്കുന്നത്.

രണ്ട് മില്യൺ പൗണ്ട് വിലയുള്ള ഇലക്ട്രിക് സൂപ്പർകാർ മറിഞ്ഞാണ് ഇപ്രാവശ്യം അദ്ദേഹം അപകടത്തിൽ പെട്ടിരിക്കുന്നത്. 47കാരനായ ഹാമണ്ടിന്റെ പുതിയ ആമസോൺ ഷോ ആയ ദി ഗ്രാൻഡ് ടൂറിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്. പരുക്കേറ്റെങ്കിലും അപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ നിന്നും ഹാമണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സെന്റ് ഗാലെനിലെ റോഡരികിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഇതിന്റെ ഭീതിദമായ ചിത്രങ്ങൾ പുറത്ത് വരുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് തീയണക്കാൻ ഫയർഫൈറ്റർമാർ കുതിച്ചെത്തിയിരുന്നു.

അപകടത്തിൽ പെട്ട കാറിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ ദി ഗ്രാന്റ് ടൂർ പ്രൊഡ്യൂസർ ആമസോൺ പിന്നീട് പുറത്ത് വിട്ടിരുന്നു. ഹാമണ്ട് ഗുരുതരമായ കാറപകടത്തിൽ പെട്ടുവെന്ന് ദി ഗ്രാന്റ് ടൂർ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രീകരണത്തിന്റെ ഭാഗമായി സ്വിറ്റ്‌സർലണ്ടിലെ ഹെംബർഗ് ഹിൽ കയറി പൂർത്തിയാക്കിയതിന് ശേഷമാണ് ഹാമണ്ട് അപകടത്തിൽ പെട്ടതെന്നും വക്താവ് വെളിപ്പെടുത്തുന്നു. അപകടത്തിന് ശേഷം അദ്ദേഹം പുറത്തിറങ്ങിയെന്നും സംസാരിച്ചുവെന്നും വക്താവ് പറയുന്നുവെങ്കിലും നില ഗുരുതരമാണെന്നാണ് മറ്റ് ചില ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. ഹാമണ്ടിന്റെ കാൽമുട്ടിന് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

സെന്റ് ഗാലെനിലെ ആശുപത്രിയിലാണ് ഹാമണ്ട് കഴിയുന്നത്. അദ്ദേഹത്തെ കൂടാതെ മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല. സംഭവസ്ഥലത്തെത്തി പാരാമെഡിക്‌സ് സമയോചിതമായി പ്രവർത്തിച്ചിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും ദി ഗ്രാന്റ് ടൂർ വക്താവ് പറയുന്നു. താനിത് വരെ കണ്ടതിൽ വച്ചേറ്റവും ഗുരുതരമായ അപകടമാണിതെന്നാണ് ഗ്രാന്റ് ടൂർ സഹനടനായ ജെറമി ക്ലാർക്ക്‌സൻ വെളിപ്പെടുത്തുന്നത്. ക്രൊയേഷ്യയിൽ നിർമ്മിച്ച കാറാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. തങ്ങളുടെ പ്രിയതാരത്തിന് അപകടം പറ്റിയതറിഞ്ഞ് നിരവധി ആരാധകരാണ് ഉത്കണ്ഠ രേഖപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. 2006ൽ ബിബിസി ഷോക്ക് വേണ്ടിയുള്ള ചിത്രീകരണത്തിനിടയിൽ നടന്ന കാറപടകത്തിൽ ഹാമണ്ട് മരണത്തിന്റെ വക്കിലെത്തിയിരുന്നു. തുടർന്ന് ദീർഘകാലം അബോധാവസ്ഥയിലുമായിരുന്നു. യോർക്കിനടുത്തുള്ള എൽവിൻഗ്ടൺ എയർഫീൽഡിൽ വച്ചായിരുന്നു അന്ന് അദ്ദേഹം അപകടത്തിൽ പെട്ടത്.