ക്രൈസ്റ്റ് ചർച്ച്: ടെസ്റ്റ് ക്രിക്കറ്റിന് ടീം ഇന്ത്യ ജീവൻ തിരിച്ചുനൽകിയെന്ന് ഇതിഹാസ ന്യൂസിലൻഡ് പേസ് ഓൾറൗണ്ടർ റിച്ചാർഡ് ഹാഡ്ലി. ഇന്ത്യയെ കൂടാതെ ലോക ക്രിക്കറ്റിനെ സങ്കൽപിക്കുക അസാധ്യമെന്നും മുൻതാരം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ക്രിക്കറ്റിൽ നിന്ന് ടീം ഇന്ത്യ ഏറെ വരുമാനമുണ്ടാക്കുന്നു എന്നതിൽ സംശയമില്ല. ഇന്ത്യയില്ലാത്ത ലോക ക്രിക്കറ്റിനെ സങ്കൽപിക്കുക വളരെ പ്രയാസമാണ്. കാരണം, ക്രിക്കറ്റിന് ഇന്ത്യയെ ആവശ്യമാണ്. എല്ലാ ഫോർമാറ്റുകളിലേയും പോലെ ടെസ്റ്റ് ക്രിക്കറ്റിലും വിസ്മയകരമായ സംഭാവനകൾ ഇന്ത്യ നൽകിയിട്ടുണ്ട്. 36 റൺസിന് പുറത്തായത് ഒഴിച്ചുനിർത്തിയാൽ ഓസ്ട്രേലിയയിലെ പ്രകടനം അവിസ്മരണീയമാണ്. ഇന്ത്യ ശക്തമായി തിരിച്ചെത്തിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റ് ജീവൻ വീണ്ടെടുത്തു. ഏറെ യുവതാരങ്ങൾ ടീമിന്റെ ഭാഗമാവുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നു. എല്ലാ ഫോർമാറ്റിലും താരനിബിഢമായ ഇന്ത്യൻ ടീമിനെ ഇത് കാട്ടുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏതെങ്കിലും ഒരു ടീമിന് കൂടുതൽ മുൻതൂക്കമുണ്ട് എന്ന് തോന്നുന്നില്ല. നിഷ്പക്ഷ വേദിയിലാണ് മത്സരങ്ങൾ, ഹോം മുൻതൂക്കമില്ല. ഏത് ടീം മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ നടത്തി, വേഗത്തിൽ ഇംഗ്ലീഷ് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം.

കാലാവസ്ഥയും നിർണായകമാകും. തണുപ്പാണെങ്കിൽ ന്യൂസിലൻഡിന് അനുകൂലമാകും. ഡ്യൂക്ക് ബോൾ ഇരു ടീമിലേയും പേസർമാർക്ക് അനുയോജ്യമാണ്. പ്രത്യേകിച്ച് സ്വിങ് ബൗളർമാർക്ക്. സൗത്തിയും ബോൾട്ടും ജാമീസണുമുള്ള കിവികൾ അക്കാര്യത്തിൽ കേമന്മാരാണ്. പന്ത് പിച്ചിൽ കറങ്ങിനടന്നാൽ ഇരു ടീമിലേയും ബാറ്റ്‌സ്മാന്മാർക്ക് വെല്ലുവിളിയാവും. മത്സരത്തിലെ വിജയിയെ ഇപ്പോൾ പ്രവചിക്കുക അസാധ്യമാണ്' എന്നും റിച്ചാർഡ് ഹാഡ്ലി കൂട്ടിച്ചേർത്തു.