ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കൾക്കുള്ള ഇടമാണ് ലോക്‌സഭയെങ്കിൽ രാജ്യസഭ അങ്ങനെയല്ല. അവിടെ രാഷ്ട്രീയക്കാർക്കുപുറമെ മറ്റുമേഖലകളിൽനിന്നുള്ള പ്രമുഖരുമെത്തും. ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറും ബോളിവുഡ് താരം ജയ ബച്ചനുമൊക്കെ രാജ്യസഭയിലംഗങ്ങളാണ്. വേറെയും പ്രമുഖർ അവിടെയുണ്ട്. ചിലരെ രാജ്യസഭാംഗങ്ങളാക്കുന്നത് സമൂഹത്തിലെ അവരുടെ പ്രാമുഖ്യമാണെങ്കിൽ മറ്റുചിലർക്ക് പണമാണ് വഴികാട്ടി. ഇന്ത്യയിലെ ബാങ്കുകളെ ശതകോടികൾ പറ്റിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയും ഒരുഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു.

അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടനുസരിച്ച് ബീഹാറിൽനിന്നുള്ള മഹേന്ദ്ര പ്രസാദാണ് രാജ്യസഭയിലെ ഏറ്റവും ധനാഢ്യനായ എംപി. ജനതാദൾ (യു) അംഗമായ മഹേന്ദ്ര പ്രസാദിന് 4078.40 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ച സത്യവാങ്മൂലം സൂചിപ്പിക്കുന്നു.

ഉത്തർപ്രദേശിൽനിന്ന് സമാജ് വാദി പാർട്ടി ടിക്കറ്റിൽ വീണ്ടും രാജ്യസഭയിലെത്തിയ മുൻ ബോളിവുഡ് താരം ജയ ബച്ചന് 1001.63 കോടി രൂപയുടെ സ്വത്തുണ്ട്. അമിതാഭ് ബച്ചന്റെ ഭാര്യയും അഭിഷേകിന്റെ അമ്മയും ഐശ്വര്യ റായിയുടെ അമ്മായിയമ്മയുമായ ജയ ബച്ചൻ, പാർലമെന്റിലെ ഏറ്റവും ധനാഢ്യയായ വനിതകൂടിയാണ്.

ബിഹാറിൽനിന്നുള്ള ബിജെപി അംഗം രവീന്ദ്ര കിഷോർ സർമയുടെ ആസ്തി 857.11 കോടി രൂപയാണ്. കോൺഗ്രസ് വക്താവ് കൂടിയായ അഭിഷേക് മനു സിങ്‌വി ഇക്കുറി രാജ്യസഭയിലെത്തിയത് തൃണമൂൽ കോൺഗ്രസ്സിന്റെകൂടി പിന്തുണയിലാണ്. 649.80 കോടി രൂപയാണ് ഈ കോൺഗ്രസ് നേതാവിന്റെ ആസ്തി.

കർണാടകയിൽനിന്നുള്ള ജനതാദൾ എസ് അംഗം ഡി.കുപേന്ദ്ര റെഡ്ഡിയാണ് അഞ്ചാം സ്ഥാനത്ത്. ആസ്തി 322.79 കോടി രൂപ. മഹഹാരാഷ്ട്രയിൽനിന്നുള്ള സ്വതന്ത്ര അംഗം സഞ്ജയ് ദത്താത്രേയ കക്കാഡെ 425.65 കോടിയുമായി ആറാം സ്ഥാനത്തുനിൽക്കുന്നു. ആന്ദ്രാപ്രദേശിൽനിന്നുള്ള കോൺഗ്രസ് നേതാവ് ടി. സുബ്ബരാമി റെഡ്ഡി 422.44 കോടിയുമായി ഏഴാമതുണ്ട്.

ആന്ധ്രയിൽനിന്നുതന്നെയുള്ള തെലുഗുദേശം പാർട്ടി നേതാവ് സി.എം. രമേഷിന് 258 കോടി രൂപയുടെ ആസ്തിയുണ്ട്. മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിൽനിന്നുള്ള എൻസിപി നേതാവുമായ പ്രഫുൽ പട്ടേലിന് 252 കോടിരൂപയാണ് സ്വത്തായുള്ളത്. ആന്ധ്രാപ്രദേശിൽനിന്നുള്ള വൈഎസ്ആർ കോൺഗ്രസ് നേതാവ് വെമിറെഡ്ഡി പ്രഭാകർ റെഡ്ഡി 230.26 കോടി രൂപയുടെ സ്വത്തുമായി പത്താം സ്ഥാനത്തുനിൽക്കുന്നു.