- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിഫ ദുബായിലേക്ക് പോയത് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച്; തിങ്കളാഴ്‌ച്ച രാത്രി മകന് വീഡിയോ കോളിൽ ചുംബനം നൽകി; രാവിലെ വീട്ടുകാർ കേട്ടത് നടുക്കുന്ന വാർത്തയും; വീട്ടുകാർക്ക് ലഭിച്ചത് വീണുമരിച്ചു എന്ന വിവരം; റിഫയുടെ മരണം വിശ്വസിക്കാനാവാതെ ഈന്താട് ഗ്രാമം

കോഴിക്കോട്: ദുബായിൽ മരിച്ച വ്‌ലോഗറും ആൽബം താരവുമായ പാവണ്ടൂർ ഈന്താട് റിഫ ഷെറിന്റെ (റിഫ മെഹ് നു) മരണം വിശ്വസിക്കാനാവാതെ ഈന്താട് ഗ്രാമവും ബന്ധുക്കളും. അമ്പലപ്പറമ്പിൽ റാഷിദ് - ഷെറീന ദമ്പതികളുടെ മകൾ റിഫ ഷെറിനെ ചൊവ്വാഴ്ചയാണ് മരിച്ചനിലയിൽ കണ്ടത്. വീണുമരിച്ചു എന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്ത വരാനുണ്ട്. എല്ലാവർക്കും പ്രിയങ്കരിയായിരുന്നു റിഫ. അങ്ങനെയുള്ള പെൺകുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന നടുക്കത്തിലാണ് നാട്ടുകാരും.
തിങ്കളാഴ്‌ച്ച രാത്രി ഒമ്പതിന് മാതാപിതാക്കളും മകൻ ഹസാൻ മെഹ്നുവുമായും വിഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഹസാന് ചുംബനം നൽകിയാണ് ഫോൺ വെച്ചത്. സന്തോഷത്തിന്റെ രാവ് പുലർന്നത് പക്ഷേ ദുഃഖ വാർത്തയുമായാണ്. ചൊവ്വാഴ്ച ദുബൈയിലുള്ള ബന്ധുക്കൾ മുഖേന വീട്ടുകാരെ തേടിയെത്തിയത് മരണ വാർത്ത. ഒരു മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് റിഫ ദുബായിലേക്ക് മടങ്ങിയത്. ഒട്ടേറെ സ്വപ്നങ്ങൾ റിഫയുടെ മനസ്സിലുണ്ടായിരുന്നു.
ബന്ധുവീട്ടിൽ കഴിയുന്ന ബാപ്പയുടെയും ഉമ്മയുടെയും അവസ്ഥക്ക് പരിഹാരം കണ്ടെത്തണമെന്ന് കുടുംബങ്ങളുമായി പങ്കുവെക്കുമായിരുന്നു. ദുബായിലെ കരാമയിൽ പർദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി. ഇതിനിടെ ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസിനെ പ്രണയിച്ച് വിവാഹത്തിലെത്തി. വിവാഹ ജീവിതം ആസ്വദിച്ചു തീരുന്നതിനു മുമ്പേയാണ് മടക്കം. പാവണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യുട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹത്തിനു ശേഷമാണ് വ്‌ലോഗിങ്ങിലേക്ക് തിരിഞ്ഞത്. മെഹനു ചാനൽ എന്ന പേരിലാണ് വ്‌ളോഗ് ചെയ്തിരുന്നത്.
ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌ക്കാരങ്ങൾ, യാത്ര എന്നിവയായിരുന്നു റിഫയുടെ ഇഷ്ടവിഷയങ്ങൾ. ഭർത്താവ് മെഹനാസും നിരവധി സംഗീത ആൽബം ചെയ്തിട്ടുണ്ട്. മരിക്കുന്നതിനു മണിക്കൂറുകൾ മുമ്പുവരെ റിഫ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. തിങ്കളാഴ്ച രാത്രി ബുർജ് ഖലീഫയിൽ എത്തിയതിന്റെ വിഡിയോ റിഫ ഇൻസ്റ്റ ഗ്രാമിൽ പങ്കുവെച്ചതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം റിഫയുടെ മരണവാർത്തക്കിടെയിലും അവഹേളന കമന്റുകൾ നിറയുകയാണ്. യുട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്‌സുള്ള കോഴിക്കോട് സ്വദേശിനിയായ വ്‌ളോഗറാണ് റിഫ, ഇരുപത് വയസ്സുകാരി, മുസ്ലിം പെൺകുട്ടി..സദാചാര വെട്ടുകിളി കൂട്ടങ്ങൾക്ക് അക്രമിക്കാൻ ഇത് ധാരാളമാണ്. മതം പറയുന്ന പിന്തിരിപ്പൻ ആശയങ്ങളിൽ അടിയുറച്ച് വിശ്വസിച്ച് കുടുംബത്ത് ഇരിക്കേണ്ട പെണ്ണ് യുട്യൂബ് ഇൻഫ്‌ളുവൻസറായാൽ ഇതിനപ്പുറവും സംഭവിക്കുമെന്നാണ് ചിലർ പറയുന്നത്.
'കൂടുതൽ റീച്ച് കിട്ടാൻ ചെയ്തതാവും, പബ്ലിക് ഫിഗർ ആയിട്ട് ആടുമ്പോൾ പെണ്ണാണെന്ന് ഓർക്കേണ്ടത് പെണ്ണു തന്നെയാണ്, ഇൻസ്റ്റയിൽ തുള്ളുന്ന സകല മുസ്ലിം പെണ്ണുങ്ങൾക്കും ഇതൊരു പാഠമാണ്, പക്വതയുമില്ലാതെ ഇൻസ്റ്റാ ജീവിതം നയിക്കുന്ന കുറേ എണ്ണം, അല്ലാഹുവിനെ ഭയമില്ലാതെ ജീവിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു മുസ്ലിങ്ങൾ, ഇൻസ്റ്റയിലെ രാജ്ഞിമാരുടെ സ്ഥിരം പരിപാടിയാണിത്, ആത്മഹത്യ ആയിരുന്നെങ്കിൽ കേരളത്തിൽ വന്ന് ചെയ്ത് കൂടായിരുന്നോ, ലൈക്ക് വർധനവ് കൊണ്ട് ജീവിതം സുന്ദരമാവില്ല,' തുടങ്ങിയ വിദ്വേഷ കമന്റുകളാണ് സൈബറിടത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


