- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമ്മിൽ തമ്മിൽ നോക്കാതായപ്പോൾ കുമ്മനത്തിന്റെ വികാസ് യാത്രാപരിപാടി മുടങ്ങി; ആളെ കിട്ടാതായപ്പോൾ മധുവിന്റെ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധകൂട്ടായ്മയും വേണ്ടെന്നുവച്ചു; മണ്ഡലം ബിജെപി കമ്മിറ്റിയിൽ ആർഎസ്എസ് പിടിമുറുക്കിയപ്പോൾ ബിജെപി പ്രവർത്തകർ മുഖം തിരിച്ചതോടെ കോഴിക്കോട്ടെ പാർട്ടി ശക്തികേന്ദ്രമായ കുന്ദമംഗലത്ത് വെടിയും പുകയും ഒഴിയുന്നില്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ തന്നെ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് കുന്ദമംഗലം. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ഒരുവേള രണ്ടാം സ്ഥാനത്തേക്ക് വരെ ബിജെപിയെത്തുമെന്ന പ്രതീക്ഷകളുണ്ടായിരുന്ന മണ്ഡലമാണ് കുന്ദമംഗലം. ഇവിടെയാണ് പ്രവർത്തകരും നേതൃത്വവും തമ്മിലുള്ള തമ്മിൽ തല്ല് നേതൃത്വത്തിന് തലവേദനയാകുന്നത്. കോഴിക്കോട് ലോകസഭാ മണ്ഡലത്തിലും ബിജെപി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കുന്ദമംഗലം. കുന്ദമംഗലം മണ്ഡലം ബിജെപി കമ്മിറ്റിയിൽ ആർഎസ്എസ് പിടിമുറുക്കുന്നതിൽ പ്രവർത്തകർക്ക് നിരാശയും പ്രതിഷേധവുമുണ്ടെന്നാണ് അണിയറസംസാരം. പ്രവർത്തകരുടെ നിസ്സഹകരണം കാരണം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ച പല പരിപാടികളും ഇപ്പോൾ കുന്ദമംഗലത്ത് നടക്കുന്നില്ല. ഏറ്റവും ഒടുവിൽ, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ആഹ്വാനം ചെയ്ത സമരപരിപാടിയും ആളെകിട്ടാനില്ലാതെ ഉപേക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി വിവിധ പ്രതിഷേധ പരിപാട
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ തന്നെ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് കുന്ദമംഗലം. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ഒരുവേള രണ്ടാം സ്ഥാനത്തേക്ക് വരെ ബിജെപിയെത്തുമെന്ന പ്രതീക്ഷകളുണ്ടായിരുന്ന മണ്ഡലമാണ് കുന്ദമംഗലം. ഇവിടെയാണ് പ്രവർത്തകരും നേതൃത്വവും തമ്മിലുള്ള തമ്മിൽ തല്ല് നേതൃത്വത്തിന് തലവേദനയാകുന്നത്. കോഴിക്കോട് ലോകസഭാ മണ്ഡലത്തിലും ബിജെപി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കുന്ദമംഗലം.
കുന്ദമംഗലം മണ്ഡലം ബിജെപി കമ്മിറ്റിയിൽ ആർഎസ്എസ് പിടിമുറുക്കുന്നതിൽ പ്രവർത്തകർക്ക് നിരാശയും പ്രതിഷേധവുമുണ്ടെന്നാണ് അണിയറസംസാരം. പ്രവർത്തകരുടെ നിസ്സഹകരണം കാരണം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ച പല പരിപാടികളും ഇപ്പോൾ കുന്ദമംഗലത്ത് നടക്കുന്നില്ല. ഏറ്റവും ഒടുവിൽ, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ആഹ്വാനം ചെയ്ത സമരപരിപാടിയും ആളെകിട്ടാനില്ലാതെ ഉപേക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചപ്പോഴും കുന്ദമംഗലത്ത് ഒരുചെറുപ്രകടനം പോലും നടന്നിട്ടില്ല.
ഒരാഴ്ച മുമ്പ് സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള വികാസ് യാത്രയോടനുബന്ധിച്ച പരിപാടി മണ്ഡലം നേതാക്കളും പ്രവർത്തകരും തമ്മിലുള്ള ഐക്യമില്ലായ്മയുടെ പേരിൽ നടക്കാതെ പോയിരുന്നു. അതേ സമയം വേണ്ട രീതിയിലുള്ള പിന്തുണ മണ്ഡലം നേതാക്കളിൽ നിന്ന് കിട്ടാത്തതിനാലാണ് പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്നതെന്ന് പ്രവർത്തകർ പറയുന്നു. ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധ പരിപാടികളുടെ ഫലമായുണ്ടാകുന്ന പൊലീസ് കേസുകളിൽ നിന്ന് പ്രവർത്തകരെ ജാമ്യത്തിലിറക്കാനോ കോടതിയിൽ പിഴയടയ്ക്കാനോ മണ്ഡലം കമ്മിറ്റിയിൽ നിന്ന് ഒരു തരത്തിലുമുള്ള സഹായമുണ്ടാകാറില്ലെന്നും പ്രവർത്തകർ പറയുന്നു. സംസ്ഥാന നേതൃത്വം പറയുന്ന പരിപാടികൾക്കപ്പുറം ആർ എസ് എസിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് മണ്ഡലം കമ്മിറ്റി പ്രവർത്തിക്കുന്നത്. നിലവിലെ മണ്ഡലം കമ്മറ്റിയിലുള്ളവർ ജില്ലയിലെയോ കുന്ദമംഗലത്തെയോ മുതിർന്ന ബിജെപി നേതാക്കൾക്ക് ഒരു തരത്തിലുമുള്ള പരിഗണനയും നൽകാറില്ലെന്നും പരാതിയുണ്ട്. ഇതിന്റെ ഫലമായാണ് കുമ്മനത്തിന്റെ വികാസ് യാത്രയുമായി ബന്ധപ്പെട്ട പരിപാടി ഒഴിവാക്കേണ്ടി വന്നത്.
നിലവിൽ കെ ജി വത്സരാജനാണ് ബിജെപി കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട്. ശിവദാസൻ നായരും, എം സുരേഷും മണ്ഡലം സെക്രട്ടറിമാരുമാണ്. ഇവരെല്ലാവരെയും തന്നെ ആർഎസ്എസ് നേതൃത്വം ഇടപെട്ടാണ് സ്ഥാനങ്ങളിലെത്തിച്ചത്. ഇത് തന്നെയാണ് സാധാരണ പ്രവർത്തകരെയും കുന്ദമംഗലത്തെ മുതിർന്ന ബിജെപി നേതാക്കളെയും ചൊടിപ്പിച്ചതും. ഇതിൽ തന്നെ സെക്രട്ടറിമാരിലൊരാളായ എം.സുരേഷ് കുന്ദമംഗലത്തിന് പുറത്ത് നിന്ന് വന്ന് ഇവിടെ താമസമാക്കിയ ആളാണ്. മണ്ഡലത്തിനകത്ത് തന്നെ കഴിവുള്ള നിരവധിയാളുകളുണ്ടായിട്ടും താമരശ്ശേരി ഈങ്ങാപ്പുഴയിലുള്ളയാളെ കുന്ദമംഗലത്തുകൊണ്ട് വന്ന് പ്രതിഷ്ഠിച്ചതും പ്രവർത്തകരെ നിരാശയിലാക്കി.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഈ തമ്മിൽ തല്ലും അനൈക്യവും കാരണം കുന്ദമംഗലം മണ്ഡലത്തിൽ അത്തരത്തിലുള്ള യാതൊരു പ്രവർത്തനവും ഇതുവരെ തുടങ്ങിയിട്ടില്ല. മണ്ഡലം നേതൃത്വത്തിന്റെ ഈ മനോഭാവം മാറാതെ യാതൊരും പ്രവർത്തനങ്ങൾക്കും സഹകരിക്കില്ലെന്ന തീരുമാനത്തിലാണ് കുന്ദമംഗലത്തെ ബിജെപി പ്രവർത്തകർ. ബിജെപി മുൻ കുന്ദമഗംലം നിയോജക മണ്ഡലം പ്രസിഡണ്ടായിരുന്ന തളത്തിൽ ചക്രായുധനെ കർഷക മോർച്ചയുടെ ജില്ലാ പ്രസിഡണ്ടായി പറഞ്ഞയച്ചത് കുന്ദമംഗലത്തെ ബിജെപിയുടെ പ്രവർത്തനത്തിന് കടുത്ത തിരിച്ചടിയായി. ജില്ലാ വൈസ്പ്രസിഡണ്ടായിരുന്ന ടിപി സുരേഷിനെ സംസ്ഥാന കമ്മറ്റി അംഗംമാക്കിയെങ്കിലും മണ്ഡലത്തിലെ പ്രവർത്തകരുമായി നല്ല നിലയിലുള്ള ബന്ധം പുലർത്തുകയും പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകുകയും ചെയ്ത ഇദ്ദേഹത്തിന് കോടഞ്ചേരി പഞ്ചായത്തിന്റെ ചുമതല നൽകി മാറ്റി നിർത്തിയതും കുന്ദമംഗലത്തെ ബിജെപിയുടെ വളർച്ചക്കും പ്രതീക്ഷകൾക്കും തിരിച്ചടിയായി.