കാസർഗോഡ്: സിപിഐ(എം)ന്റെ മോസ്‌കോയെന്ന് വിശേഷിപ്പിക്കുന്ന ഗ്രാമമാണ് കണ്ണൂർ ചീമേനി പഞ്ചായത്ത്. ജന്മി വാഴ്ചക്കും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരെ രക്തസാക്ഷിത്വം വരിച്ച് 'വീര കയ്യൂരെ'ന്ന് പാർട്ടി വിശേഷിപ്പിക്കുന്ന സ്ഥലം. അതുകൊണ്ടുതന്നെ ഈ ഗ്രാമത്തിൽ പാർട്ടിയെ ചോദ്യം ചെയ്യാൻ പാർട്ടിക്കകത്തോ പുറത്തോ ആരും തയ്യാറാകുന്നില്ല.

എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ പഞ്ചായത്തിൽ പാർട്ടിക്ക് പ്രതീക്ഷിക്കാത്തത് സംഭവിച്ചു. തങ്ങളുടെ പൊന്നാപുരം കോട്ടയിൽ ചരിത്രത്തിലാദ്യമായി പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടി വന്നു. ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും ജയിച്ചു കയറുന്ന തിമിരി വാർഡിൽ ചെങ്കൊടി താണു. പകരം ഉയർന്നത് ത്രിവർണപതാകയും. സിപിഐ.(എം.) ന്റെ കോട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത് ലോക്കൽ തലത്തിൽ മാത്രമല്ല പാർട്ടിയുടെ ജില്ലാ സംസ്ഥാന കേന്ദ്ര കമ്മിറ്റിയിൽ പോലും ഞെട്ടലുണ്ടാക്കി. പാർട്ടിയിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ല ഈ തകർച്ച നേരിട്ടത്. കത്തിപ്പുകയുന്ന വിഭാഗീയതാണ് കയ്യൂരിലെ പതനത്തിന് കാരണമായത്.

ചെങ്കൊടിയും അരിവാളും ചെഗുവേര ചിത്രങ്ങളും മാത്രം കണ്ടുവളർന്ന ജനം. ത്രിവർണ പതാകക്ക് പാർട്ടി വഴിമാറിക്കൊടുത്ത രംഗത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. അടുത്ത കാലത്ത് പാർട്ടിക്ക് കാസർഗോഡ് ജില്ലയിലെ കോട്ടകളിൽ വിള്ളൽ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നീലേശ്വരത്തെ വിഭാഗീയത അതേപോലെ തുടരുന്നു. ബേഡകത്ത് വിഭാഗീയത രൂക്ഷമാവുകയും നൂറിലേറെപ്പേർ പാർട്ടി വിട്ട് സിപിഐ.യിലേക്ക് ചേക്കേറുകയും ചെയ്തു. സമാനമായ സംഭവങ്ങൾ കയ്യൂരിലും അരങ്ങേറാനുള്ള സാധ്യതയും തെളിഞ്ഞിരിക്കയാണ്.

തിമിരിയിലെ പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്വം കാട്ടി ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ കമ്മിറ്റി അംഗവുമായ വി.പി. ജാനകിയെ തരം താഴ്‌ത്തിയിരിക്കയാണ്. 1984 മുതൽ 32 വർഷക്കാലം ജില്ലാ കമ്മിറ്റി പദവിയിലുണ്ടായ ജാനകിക്കെതിരെയുള്ള നടപടി പാർട്ടിയെ മറ്റൊരു വിഭാഗീയതയിലേക്ക് നീക്കുമെന്നാണ് അണികൾ കരുതുന്നത്. ജാനകിക്കൊപ്പം ഏരിയാ കമ്മിറ്റി അംഗം എം. അംബൂഞ്ഞിയേയും ഏരിയാ കമ്മിറ്റിയിൽനിന്നു പുറത്താക്കി. ചെറുവത്തൂർ ഏരിയാ സെക്രട്ടറി കെ.പി. വത്സലൻ, തിമിരി ലോക്കൽ സെക്രട്ടറി പി. കമലാക്ഷൻ എന്നിവരെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിമിരി വാർഡിലെ പാർട്ടി പരാജയത്തിന് കാരണക്കാർ ഇവരാണെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.

പാർട്ടി നിർത്തിയ സ്ഥാനാർത്ഥിക്കെതിരെ വിമത സ്ഥാനാർത്ഥി മത്സരിക്കുകയും പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പരസ്യമായി പോസ്റ്ററുകളും ലഘുലേഖകളും തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. അവരെ മാനസികമായി ഇപ്പോൾ നടപടിക്ക് വിധേയമാക്കപ്പെട്ടവർ സഹായിച്ചുവെന്നാണ് പാർട്ടിക്ക് ലഭിച്ച വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് വി.പി. ജാനകി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള നടപടി. എന്നാൽ ഇപ്പോൾ പാർട്ടിയെടുത്ത നടപടി സ്വജനപക്ഷപാതമാണെന്നും ചിലരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അണികൾ ആരോപിക്കുന്നു. നടപടി ഒരു വിഭാഗക്കാരിൽ മാത്രം ഒതുങ്ങിയെന്നും ആരോപണമുണ്ട്.

ബേഡകത്ത് പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ ക്ഷീണം മാറും മുമ്പ് തിമിരിയിലെ നടപടി കൂടുതൽ പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തുമെന്നാണ് ഒരു വിഭാഗം നേതാക്കൾ ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായപ്പെട്ടത്. ജാനകിയുൾപ്പെടെയുള്ളവർക്കെതിരെയുള്ള പാർട്ടി നടപടിയിൽ ബ്രാഞ്ച് കമ്മിറ്റികളുടെ കടുത്ത പ്രതിഷേധം നേതൃത്വത്തെ അറിയിക്കും. വരും ദിവസങ്ങളിൽ ചേരുന്ന ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിൽ പ്രതിഷേധം ശക്തമാവുമെന്നാണ് സൂചന. ബേഡകത്തെ പോലെ ഒരു വിഭാഗം പാർട്ടി വിരുദ്ധ നിലപാടിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്.