- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എ.പി.അനിൽകുമാർ മലപ്പുറത്തെ കോൺഗ്രസിന്റെ അന്തകനോ, തിരിച്ചറിയുക'; മലപ്പുറം ഡിസിസി ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ; നിയമസഭാസീറ്റിനു പകരം നൽകിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനവും തട്ടിപ്പറിച്ചു; ആര്യാടൻ ഷൗക്കത്തിനെ വെട്ടിനിരത്തിയാൽ മലപ്പുറം കോൺഗ്രസിൽ കലാപക്കൊടി
മലപ്പുറം: മലപ്പുറം ജില്ലയിൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടിനിരത്തി വി എസ് ജോയിയെ ഡി.സി.സി പ്രസിഡന്റാക്കാനുള്ള കോൺഗ്രസ് സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും എ.പി അനിൽകുമാർ എംഎൽഎയുടെയും നീക്കം മലപ്പുറത്തെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുന്നു. വി എസ് ജോയിയെ ഡി.സി.സി പ്രസിഡന്റായി അംഗീകരിക്കാനാവില്ലെന്നു കാണിച്ച് മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം എ, ഐ ഗ്രൂപ്പ് ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുൽഗാന്ധിക്കും പരാതി നൽകിയിട്ടുണ്ട്.
അതേ സമയം അനിൽകുമാറിനെതിരെ മലപ്പുറം ഡിസിസി ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എ.പി.അനിൽകഒമാർ മലപ്പുറത്തെ കോൺഗ്രസിന്റെ അന്തകനോ, തിരിച്ചറിയുക, സ്വന്തം നിലനിൽപ് മാത്രമാണ് അദ്ദേഹത്തിന്റെ കാര്യമെന്നും ഉൾപ്പെടെയാണ് പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടത്.
കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ ഗ്രൂപ്പിന്റെ നോമിനിയായ വി എസ് ജോയിയെ എ ഗ്രൂപ്പിന്റെ അക്കൗണ്ടിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കാനാവില്ലെന്ന കടുത്ത നിലപാടിലേക്കാണ് മലപ്പുറത്തെ എ ഗ്രൂപ്പ് നേതൃത്വം നീങ്ങുന്നത്. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് നേതൃത്വവും അവസാന നിമിഷം ആര്യാടൻ ഷൗക്കത്തിനെ പിന്തുണക്കുകയാണ്.
എ ഗ്രൂപ്പ് നേതൃത്വത്തിന്റെ തീരുമാനപ്രകാരം ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കും വി എസ് ജോയിയെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുമാണ് ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചത്.
എന്നാൽ ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കാനാവില്ലെന്ന കടുംപിടുത്തത്തിലായിരുന്നു കെ.സി വേണുഗോപാലും അനിൽകുമാറും. അനിൽകുമാർ ഡി.സി.സി പ്രസിഡന്റാക്കാൻ ഡൽഹിയിൽ പോയി കരുനീക്കം നടത്തിയെങ്കിലും എംഎൽഎമാരെ ഡി.സി.സി പ്രസിഡന്റാക്കേണ്ടെന്ന പൊതുഫോർമുലയിൽതട്ടി ആ നീക്കം പൊളിഞ്ഞു. താൽക്കാലിക ഡി.സി.സി പ്രസിഡന്റായ ഇ. മുഹമ്മദ്കുഞ്ഞിയെ നിലനിർത്താനുള്ള നീക്കവും പാളിയതോടെയാണ് വി എസ് ജോയിയെ പിന്തുണക്കാൻ കെ.സി വേണുഗോപാൽ തീരുമാനിച്ചത്.
വയനാട് സീറ്റ് കിട്ടാൻ ഉമ്മൻ ചാണ്ടിയെ കൈവിട്ട് കെ.സി വേണുഗോപാലിനൊപ്പം ചേർന്ന ടി.സിദ്ദിഖിന്റെ പാതയിൽ വി എസ് ജോയിയും ഇപ്പോൾ കെ.സി വേണുഗോപാൽ ഗ്രൂപ്പിനൊപ്പമാണെന്ന വികാരമാണ് മലപ്പുറത്ത് എ ഗ്രൂപ്പിനുള്ളത്. നിലമ്പൂർ മണ്ഡലത്തിൽ സ്്ഥാനാർത്ഥിത്വത്തിനായി ആര്യാടൻ ഷൗക്കത്തും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശുമായിരുന്നു അവസാനഘട്ടം വരെയുണ്ടായിരുന്നത്.
നിയോജകമണ്ഡലത്തിലെ രണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും ഏഴു മണ്ഡലം കമ്മിറ്റികളിൽ അഞ്ച് മണ്ഡലം കമ്മിറ്റികളും പി.വി അൻവറിനെ തോൽപ്പിക്കാൻ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്. കെ.എസ്.യു യൂത്ത് കോൺഗ്രസ് കമ്മിറ്റികളും ഷൗക്കത്തിനൊപ്പമായിരുന്നു. പ്രകാശ് പ്രസിഡന്റായ മലപ്പുറം ഡി.സി.സിയുടെ റിപ്പോർട്ടും രണ്ടു മണ്ഡലം കമ്മിറ്റികളുമായിരുന്നു പ്രകാശിനൊപ്പം നിന്നത്. എ.ഐ.സി.സി രണ്ടു ഘട്ടങ്ങളിലായി നടത്തിയ സർവെയിലും സാമുദായിക സമവാക്യങ്ങളും അഞ്ചു വർഷത്തെ പ്രവർത്തനങ്ങളടക്കം പരിഗണിച്ച് ഷൗക്കത്തിനായിരുന്നു മേൽക്കൈ.
നിലമ്പൂരിൽ തർക്കം മുറുകിയപ്പോൾ ടി. സിദ്ദിഖിനെ സമവായ സ്ഥാനാർത്ഥിയാക്കാനും ശ്രമമുണ്ടായി. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിഭീഷണി മുഴക്കിയാണ് പ്രകാശ് ഈ നീക്കത്തെ പ്രതിരോധിച്ചത്. തർക്കം മുറുകിയപ്പോൾ സ്ഥാനാർത്ഥി നിർണയം കേരളത്തിൽ നടത്താൻ ആവശ്യപ്പെട്ട് ഹൈക്കമാന്റ് ലിസ്റ്റ് മടക്കി. ഇതോടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇരുവരെയും തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തി ചർച്ച നടത്തി.
രണ്ടാം തവണയും സീറ്റില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലെന്ന വൈകാരിക നിലപാടാണ് പ്രകാശ് മുന്നോട്ടുവെച്ചത്. പകരം സീറ്റായി നിർദ്ദേശിച്ച പട്ടാമ്പി വേണ്ടെന്നും മത്സരിക്കുന്നെങ്കിൽ അഞ്ചു വർഷം സജീവമായ നിലമ്പൂർ മതിയെന്നും ഷൗക്കത്തും നിലപാടെടുത്തു. ഇതിനിടെ മുസ്ലിം ലീഗ് നേതൃത്വം നിലമ്പൂരിൽ പ്രകാശ് മതിയെന്ന നിലപാടെടുത്തു. ഇതുകൂടി പരിഗണിച്ചാണ് പ്രകാശിന് നിലമ്പൂർ സീറ്റും ഷൗക്കത്തിന് ഡി.സി.സി അധ്യക്ഷ സ്ഥാനവുമെന്ന ഫോർമുലയുമുണ്ടായത്. സ്ഥാനാർത്ഥി നിർണയത്തോടൊപ്പം ഡി.സി.സി പ്രസിഡന്റ് സ്ഥാന പ്രഖ്യാപനവും ഉണ്ടാകുമെന്നറിയിച്ചെങ്കിലും അതുണ്ടായില്ല.
ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയാൽ ലീഗിന് വഴങ്ങില്ലെന്ന ആശങ്കയിൽ ലീഗ് നേതൃത്വം ഈ തീരുമാനത്തിൽ അതൃപ്തിയുമായി രംഗത്തെത്തുകയായിരുന്നു. മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് രണ്ടാം ആര്യാടൻ വളരുന്നതിന് വഴിയൊരുക്കേണ്ട എന്ന നിലപാടായിരുന്നു ലീഗ് നേതൃത്വത്തിന്. ഒടുവിൽ എ.കെ ആന്റണി ഇടപെട്ടതോടെയാണ് ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയത്.
എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് കേവലം 20 ദിവസംമാത്രമിരുന്ന ആര്യാടൻ ഷൗക്കത്തിനെ മാറ്റി പകരം വി.വി പ്രകാശ് ഡി.സി.സി പ്രസിഡന്റായി. ഫലപ്രഖ്യാപനത്തിനു മുമ്പ് ഹൃദയാഘാതംമൂലം വി.വി പ്രകാശ് മരണപ്പെടുകയും ചെയ്തതോടെ മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റില്ലാത്ത അവസ്ഥയായി. തെരഞ്ഞെടുപ്പിൽ പ്രകാശ് പരാജയപ്പെടുകയും പി.വി അൻവർ 2700 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയായിരുന്നു. ഈ അവസരത്തിലും ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെകൊണ്ടുവരാൻ കെ.സി വേണുഗോപാൽ സമ്മതിച്ചില്ല. ഒടുവിൽ കെപിസിസി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞിക്ക് ഡി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകുകയായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ മകനായ ആര്യാടൻ ഷൗക്കത്തിനെ വെട്ടിനിരത്തുന്നത് ആര്യാടനെ അവഹേളിക്കുന്ന നിലപാടാണെന്ന വൈകാരിക സമീപനമാണ് എ ഗ്രൂപ്പിനുള്ളത്. എ.കെ ആന്റണിയും കെ.കരുണാകരന്റെ നോമിനിയായി വലയാർ രവിയും 1992ൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ആന്റണിക്കൊപ്പം അടിയുറച്ച് നിന്ന ജില്ലയാണ് മലപ്പുറം. കോട്ടയം കഴിഞ്ഞാൽ എ വിഭാഗത്തിന് ശക്തമായ അടിത്തറയുള്ള മലപ്പുറത്ത് ലീഗിനെതിരെ പോർമുഖം തുറന്നാണ് കോൺഗ്രസ് വളർന്നത്. ആര്യാടനുമായി വ്യക്തിപരമായി അടുപ്പമുള്ളവരാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ. മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്താണ് മലപ്പുറത്ത് ആര്യാടൻ കോൺഗ്രസിനെ കെട്ടിപ്പടുത്തത്.
മലപ്പുറം ജില്ലാ രൂപീകരണത്തോടെ 1969തിൽ ആദ്യ ഡി.സി.സി പ്രസിഡന്റായത് ആര്യാടൻ മുഹമ്മദായിരുന്നു. രാഷ്ട്രീയത്തിനൊപ്പം സിനിമാരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചാണ് ആര്യാടൻ ഷൗക്കത്ത് വളർന്ന് വന്നത്. നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയർമാനുമായി മികച്ച പ്രവർത്തനം നടത്തി നിലമ്പൂരിനെ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയത് ഷൗക്കത്താണ്. സിനിമാതിരക്കഥാകൃത്തെന്ന നിലയിൽ പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ മൂന്ന് സിനിമകൾക്ക് സംസ്ഥാന ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ആര്യാടൻ മുഹമ്മദിനെപ്പോലെ മതതീവ്രവാദത്തിനും വർഗീയതക്കുമെതിരെ ശക്തമായ നിലപാടാണ് ആര്യാടൻ ഷൗക്കത്ത് ഉയർത്തിപ്പിടിച്ചത്.
കോൺഗ്രസിന്റെ സാംസ്കാരിക വിഭാഗമായ സംസ്ക്കാര സാഹിതി ചെയർമാനെന്നനിലയിൽ മൂന്നു വർഷം കൊണ്ട് സംസ്ഥാന വ്യാപകമായി തെരുവുനാടകങ്ങളുമായി 5 കലാജാഥകൾ നടത്തിയ ആര്യാടൻ ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റായാൽ മലപ്പുറത്തെ കോൺഗ്രസിൽ തനിക്ക് പ്രാമുഖ്യം ലഭിക്കില്ലെന്ന ഭയാശങ്കയാണ് എ.പി അനിൽകുമാറിനുള്ളത്.
16 നിയോജകമണ്ഡലങ്ങളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ സംഘടനാശേഷിയും കഴിവും പരിഗണിച്ചാലും ജോയിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് എ, ഐ ഗ്രൂപ്പുകൾക്കുള്ളത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായ വി എസ് ജോയി 2016ൽ മലമ്പുഴയിൽ വി,എസ് അച്യുതാനന്ദനോട് മത്സരിച്ച് ബിജെപിക്കും പിറകിൽ മൂന്നാം സ്ഥാനത്തായത് കോൺഗ്രസിന് നാണക്കേടായിരുന്നു. സതീശൻപാച്ചേനി കെ.എസ്.യു പ്രസിന്റായിരിക്കെ മലമ്പുഴയിൽ വി എസ് അച്യുതാനന്ദൻ കേവലം 4073 വോട്ടിനാണ് വിജയിച്ചത്.
സതീശൻപാച്ചേനി 44.33 ശതമാനം വോട്ടുപിടിച്ചിടത്ത് വി എസ് ജോയിക്ക് 22.12 ശതമാനം വോട്ടുമായി ബിജെപിക്കും പിറകിലായി കനത്തപരാജയം ഏറ്റുവാങ്ങിയത് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു. അതേസമയം 2016ൽ നിലമ്പൂരിൽ 11500 വോട്ടിന് പരാജയപ്പെട്ട ആര്യാടൻ ഷൗക്കത്ത് അഞ്ച് വർഷവും പി.വി അൻവറിന്റൈ നിയമവിരുദ്ധപ്രവർത്തനങ്ങൾക്കെതിരായ സമരങ്ങൾക്ക് നേതൃത്വം നൽകിയും സേവനപ്രവർത്തനങ്ങളിലൂടെയും നടത്തിയ ശക്തമായ ഇടപെടലാണ് ഇത്തവണ അൻവറിന്റെ ഭൂരിപക്ഷം 2700 വോട്ടായി കുറക്കാൻ വഴിയൊരുക്കിയത്.
മത്സരിക്കാൻ സീറ്റ് നിഷേധിക്കപ്പെട്ടിട്ടും പാലംവലിക്കാതെ വി.വി പ്രകാശിനുവേണ്ടി പ്രചരണരംഗത്ത് ആദ്യാവസാനം സജീവമായിരുന്നു ആര്യാടൻ ഷൗക്കത്ത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായ വി എസ് ജോയി യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാതെയാണ് കെപിസിസി ജനറൽ സെക്രട്ടറിയായത്. ആര്യാടൻ മുഹമ്മദാണ് ജോയിയെ മലപ്പുറത്തു നിന്നും കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നത്. നിർണായക ഘട്ടത്തിൽ ആര്യാടനെയും കൈവിട്ടാണ് വി എസ് ജോയി കെ.സി വേണുഗോപാൽ ഗ്രൂപ്പിലേക്ക് ചേക്കേറിയത്.