- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ സാമ്പാർ മുന്നണികൾക്കു പുളിച്ചുതുടങ്ങി; തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ സിപിഐഎം കൂട്ടുപിടിച്ച ചെറുകക്ഷികളുടെ ജനകീയ മുന്നണികൾ തല്ലിപ്പിരിയുന്നു; കുഞ്ഞാലിക്കുട്ടിയുടെ ജയത്തിനു പിന്നാലെ പിണക്കം പറഞ്ഞുതീർത്ത് ലീഗും കോൺഗ്രസും വീണ്ടും ഭായ് ഭായ്
മലപ്പുറം: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ സാമ്പാർ മുന്നണികൾ ഏറെ ശ്രദ്ധേയമായിരുന്നു. ലീഗിന്റെ ആധിപത്യം തകർക്കുന്നതിനായി ഇടതു മുന്നണി ചെറുകക്ഷികളെയെല്ലാം കൂട്ടി രൂപപ്പെടുത്തിയതായിരുന്നു ജനകീയ മുന്നണികൾ. ചിലയിടത്ത് ലീഗിന്റെയും ചില പ്രദേശങ്ങളിൽ കോൺഗ്രസിന്റെയും പിന്തുണയോടെയായിരുന്നു ജനകീയ മുന്നണിയിലൂടെ ഇടതുപക്ഷം അധികാരം പിടിച്ചെടുത്തത്. ഈ മുന്നണികളെ എതിരാളികൾ 'സാമ്പാർ 'മുന്നണികൾ എന്ന് വിളിച്ചു. മലപ്പുറത്തെ സാമ്പാർ വിജയഗാഥ ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും ഭരണത്തിലേറി രണ്ട് വർഷം തികഞ്ഞില്ല, മലപ്പുറത്തെ സാമ്പാർ പുളിച്ചുതുടങ്ങിയിരിക്കുകയാണ്. ജനകീയ മുന്നണിയിലൂടെ ഭരണത്തിലെത്തിയ പലയിടങ്ങളിലും ഇടതിന് ഇതിനോടകം ഭരണം നഷ്ടമായി. യു.ഡി.എഫിലെ രണ്ടാമത്തെ പ്രബല കക്ഷിയായ മുസ്ലിം ലീഗ് പാർട്ടിയുടെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിൽ കോൺഗ്രസ്സുമായി പോരടിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്.യു.ഡി.എഫ് സംസ്ഥാന നേതൃത്വം പഠിച്ച പണിയെല്ലാം പയറ്റിയിട്ടും മലപ്പുറം ജില്ലയിലെ 24
മലപ്പുറം: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ സാമ്പാർ മുന്നണികൾ ഏറെ ശ്രദ്ധേയമായിരുന്നു. ലീഗിന്റെ ആധിപത്യം തകർക്കുന്നതിനായി ഇടതു മുന്നണി ചെറുകക്ഷികളെയെല്ലാം കൂട്ടി രൂപപ്പെടുത്തിയതായിരുന്നു ജനകീയ മുന്നണികൾ. ചിലയിടത്ത് ലീഗിന്റെയും ചില പ്രദേശങ്ങളിൽ കോൺഗ്രസിന്റെയും പിന്തുണയോടെയായിരുന്നു ജനകീയ മുന്നണിയിലൂടെ ഇടതുപക്ഷം അധികാരം പിടിച്ചെടുത്തത്. ഈ മുന്നണികളെ എതിരാളികൾ 'സാമ്പാർ 'മുന്നണികൾ എന്ന് വിളിച്ചു. മലപ്പുറത്തെ സാമ്പാർ വിജയഗാഥ ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും ഭരണത്തിലേറി രണ്ട് വർഷം തികഞ്ഞില്ല, മലപ്പുറത്തെ സാമ്പാർ പുളിച്ചുതുടങ്ങിയിരിക്കുകയാണ്. ജനകീയ മുന്നണിയിലൂടെ ഭരണത്തിലെത്തിയ പലയിടങ്ങളിലും ഇടതിന് ഇതിനോടകം ഭരണം നഷ്ടമായി.
യു.ഡി.എഫിലെ രണ്ടാമത്തെ പ്രബല കക്ഷിയായ മുസ്ലിം ലീഗ് പാർട്ടിയുടെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിൽ കോൺഗ്രസ്സുമായി പോരടിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്.
യു.ഡി.എഫ് സംസ്ഥാന നേതൃത്വം പഠിച്ച പണിയെല്ലാം പയറ്റിയിട്ടും മലപ്പുറം ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളിൽ ലീഗും കോൺഗ്രസ്സും പോരടിച്ചാണ് മത്സരിച്ചത്. മുന്നണി ബന്ധമെല്ലാം മറന്ന പോരിൽ ഏഴിടത്താണ് യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്. ഇതിൽ രണ്ടു പഞ്ചായത്തുകളിലാണ് സാമ്പാർ മുന്നണിയിൽ നിന്ന് ഭരണം തിരിച്ചുപിടിച്ചിരിക്കുന്നത്. നാലിടത്തുകൂടി വൈകാതെ ഭരണമാറ്റമുണ്ടാകാനുള്ള കളവും ഒരുങ്ങിയിട്ടുണ്ട്.
ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരിച്ച കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. എടപ്പറ്റ പഞ്ചായത്തിൽ നിലവിലെ ഇടതു ഭരണസമിതിക്കുള്ള പിന്തുണ ലീഗ് പിൻവലിച്ചു. മാറാക്കര പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ ഭരിക്കുന്ന കോൺഗ്രസ്സ് പ്രസിഡന്റ് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. ഇവിടെ ഇനി യു.ഡി.എഫ് നേതൃത്വത്തിൽ ഭരണം നടത്താനാണ് തീരുമാനം. സി.പി.എം പിന്തുണയോടെ കോൺഗ്രസ് ഭരിച്ചിരുന്ന മാറാക്കര ഗ്രാമ പഞ്ചായത്തിൽ ഇനി യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാണ് തീരുമാനം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന കോൺഗ്രസ് ലീഗ് നേതാക്കന്മാർ തമ്മിലുള്ള യോഗത്തിലാണ് മുന്നണിയിലെ ഇരു പാർട്ടികൾ തമ്മിലുള്ള തർക്കങ്ങളുടെ മഞ്ഞുരുകിയത്. തുടർന്ന് നിലവിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന വി.മധുസൂദനൻ രാജിവെക്കുകയായിരുന്നു.
മാറാക്കരയിൽ ഇനി ശേഷിക്കുന്ന മൂന്നര വർഷത്തിൽ ആദ്യ പകുതിയിൽ മുസ്ലിം ലീഗ് പ്രതിനിധി പ്രസിഡന്റും രണ്ടാം പകുതിയിൽ കോൺഗ്രസ് പ്രതിനിധി പ്രസിഡന്റുമായിരിക്കും.
ലീഗിനെതിരെ കോൺഗ്രസ്സും സിപിഎമ്മും സഖ്യമായാണ് കൊണ്ടോട്ടി നഗരസഭ, വാഴക്കാട്, ഒഴൂർ പഞ്ചായത്തുകൾ ഭരിക്കുന്നത്. ഇവിടെയും സി.പി.എം ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫാകാൻ ധാരണയായിട്ടുണ്ട്. ഇതിന്റെ പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്. ലീഗ്, കോൺഗ്രസ് ബന്ധം ഊട്ടിയുറപ്പിച്ച് യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലഷ്യം വെയ്ക്കുന്നത്.
ആടിയുലഞ്ഞ ലീഗ്, കോൺഗ്രസ്സ് ബന്ധം മലപ്പുറം ഉപതെരഞ്ഞെടുപ്പോടെയാണ് ഏറെ മെച്ചപ്പെട്ടത്. മുൻകാലങ്ങളിൽ ഇല്ലാത്തത്രയും ഐക്യത്തോടെയായിരുന്നു കുഞ്ഞാലിക്കുട്ടിക്കു വേണ്ടി കോൺഗ്രസുകാർ ഗോദയിലിറങ്ങിയത്. നിലവിൽ കെ.എം മാണി സിപിഎമ്മുമായി കോട്ടയത്ത് അടവുനയം പയറ്റി ഇടതുമുന്നണി പ്രവേശനത്തിനുള്ള വഴിതേടുമ്പോൾ മലപ്പുറത്ത് ഇടതുബന്ധം ഉപേക്ഷിച്ച് മുസ്ലിം ലീഗ് കോൺഗ്രസ്സ് ബന്ധം ശക്തമാക്കുകയാണ്. ഇതിനായി കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് യോഗത്തിന് ശേഷം മുസ്ലിം ലീഗും ഈ വിഷയത്തിൽ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ആര്യാടൻ മുഹമ്മദ് തന്നെയാണ് മലപ്പുറത്തെ യു ഡി എഫിനെ ഐക്യപ്പെടുത്തുന്നതിനായി ഇരു പാർട്ടികളും മുന്നിൽ നിർത്തുന്നത്.
മലപ്പുറം പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിളക്കമാർന്ന വിജയത്തോടെ ജില്ലയിൽ ലീഗും കോൺഗ്രസ്സുമായുള്ള പിണക്കം താഴേതട്ടിൽ പറഞ്ഞുതീർത്ത് സി.പി.എം ബാന്ധവം ഉപേക്ഷിക്കുകയാണ് പഞ്ചായത്തുകളിൽ ഇരു പാർട്ടികളും.കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പ്രചരണത്തിൽ കോൺഗ്രസ്സിനെ സജീവമാക്കിയതും ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു.
യു.ഡി.എഫ് വിട്ട കെ.എം മാണി ഇടതുമുന്നണിയുമായി അടവുനയം തുടരുമ്‌ബോഴും 18 എംഎൽഎമാരുള്ള മുസ്ലിം ലീഗ് അടിയുറച്ച പിന്തുണയുമായി നിൽക്കുന്നത് കോൺഗ്രസ്സിന് കരുത്തുപകരുകയാണ്. ലീഗിനെ മുന്നണിയിൽ ഉറപ്പിച്ചു നിർത്തണമെങ്കിൽ മലപ്പുറത്ത് നിന്ന് തുടങ്ങണമെന്ന ബോധ്യത്തിൽ നിന്നാണ് കോൺഗ്രസ് തന്നെ ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇടതിനോടു ചേർന്നുള്ള ഭരണം തിരിച്ച് യുഡിഎഫിലേക്ക് കൊണ്ടുവരികയാണ് ആദ്യപടി. ഇത് പ്രാവർത്തികമാകുന്നതോടെ മലപ്പുറത്തെ സാമ്പാർ മുന്നണികൾ തകർന്നടിയും. വരും തെരഞ്ഞെടുപ്പുകളിൽ പരീക്ഷിക്കാനൊരുങ്ങുന്ന ജനകീയ മുന്നണി കൂട്ടുകെട്ട് തുടക്കത്തിലേ തകർന്നടിയുന്നത് എൽ.ഡി.എഫിനും തിരിച്ചടിയാണ്.