- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിസിസി അദ്ധ്യക്ഷ പ്രഖ്യാപനത്തെ തുടർന്ന് കോൺഗ്രസിൽ കലാപം; പ്രത്യേക നേതാക്കളുടെ പെട്ടിതൂക്കികളെ ആണ് അദ്ധ്യക്ഷന്മാർ ആക്കി ഇരിക്കുന്നത് എന്ന് കെപി അനിൽകുമാർ; സുധാകരനിൽ ഉള്ള പ്രതീക്ഷ നശിച്ചെന്ന് അനിൽ കുമാറും കെ.ശിവദാസൻ നായരും; ഇരുവരെയും സസ്പെൻഡ് ചെയ്ത് സുധാകരന്റെ ദ്രുതനടപടി; പാലോട് രവിക്ക് എതിരെ കെപിസിസി അദ്ധ്യക്ഷന് കത്തുമായി പി എസ് പ്രശാന്ത്
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കേരളത്തിലെ കോൺഗ്രസിൽ കലാപം. പോര് തെരുവിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ഗ്രൂപ്പു വ്യത്യാസമില്ലാതെ നേതാക്കൾ പരസ്യമായി രംഗത്ത്. പ്രത്യേക നേതാക്കളുടെ പെട്ടിതൂക്കികളെയാണ് ഡിസിസി പ്രസിഡന്റുമാരാക്കിയിരിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാർ പറഞ്ഞു. സുധാകരൻ പുതിയ ഗ്രൂപ്പിന്റെ നേതാവ് മാത്രമായിരിക്കുകയാണ്. സുധാകരനിലുള്ള അണികളുടെ പ്രതീക്ഷ നശിച്ചതായും അനിൽകുമാർ പറഞ്ഞു. മുൻ എംഎൽഎ കെ ശിവദാസൻ നായരും ഡിസിസി ഭാരവാഹി ലിസ്റ്റിനെതിരെ രംഗത്തെത്തി. ഇരുവരേയും പാർട്ടിയിൽ നിന്ന് സസ് പെന്റു ചെയ്തതായി കെപിസിസി പ്രസിഡന്റ് വാർത്താക്കുറിപ്പിറക്കി. ഡിസിസി പ്രസിഡന്റു സ്ഥാനങ്ങൾ സുധാകരനും VD സതി ശനും വീതം വയ്ക്കുകയായിരുന്നുവെന്ന് വിവിധ ഗ്രൂപ്പുകൾ
ആരോപിക്കുന്നു.
കെ.സുധാകരന്റെ അറിയിപ്പ്:
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എംഎൽഎ കെ ശിവദാസൻ നായരെയും മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിനെയും പാർട്ടിയിൽ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അറിയിച്ചു.
ചാനൽ ചർച്ചയിൽ രൂക്ഷ വിമർശനം
ചാനൽ ചർച്ചയിൽ, കെപി അനിൽ കുമാറും, ശിവദാസൻ നായരും രൂക്ഷവിമർശനമാണ് നടത്തിയത്. വി ഡി സതീശനും കെ സുധാകരനുമെതിരെ രൂക്ഷവിമർശനമാണ് കെ പി അനിൽ കുമാർ നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗൂപ്പുകാരാണ്. ഇത് പുനഃപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നും അനിൽകുമാർ പറഞ്ഞു. പുതിയ പട്ടിക കോൺഗ്രസിന്റെ വാട്ടർ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ഗ്രൂപ്പ് പരിഗണിക്കില്ല എന്നാണ് സതീശനും സുധാകരനും പറഞ്ഞത്. എന്നാൽ, പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്പോ ഒരു മാനദണ്ഡം വേണ്ടേ. ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ്. കെ പി അനിൽ കുമാർ പറഞ്ഞു.
കെ പി അനിൽ കുമാറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ ശിവദാസൻ നായരും നടത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിങ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നാണ് കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടത്.
അതിനിടെ, കെപിസിസി സെക്രട്ടറിയായ പി.എസ്.പ്രശാന്ത് പാലോട് രവിക്കെതിരെ പരസ്യമായി രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ഗൂഢാലോചന നടത്തിയ പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് ആക്കിയതിലൂടെ, കടുത്ത നീതികേടാണ് കാട്ടിയിരിക്കുന്നതെന്ന് പ്രശാന്ത് സുധാകരന് അയച്ച കത്തിൽ പറഞ്ഞു. ശിക്ഷാ നടപടി എടുത്തില്ലെങ്കിലും റിവാർഡ് കൊടുക്കുന്ന സമീപനം ഉണ്ടാകരുതെന്ന് നേരത്തെ താൻ ആവശ്യപ്പെട്ടെങ്കിലും അതുമാനിക്കാതെ ഇരുന്നതിൽ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കൊടുക്കുന്നത് മോശം സന്ദേശമാണെന്നും ഇത് താൻ പ്രതീക്ഷിച്ചില്ല എന്നും പി.എസ്.പ്രശാന്ത് തന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ