ബെംഗളൂരു: കർണാടകയിൽ ഒരു സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾ ഒരു വിഭാഗം ഹിന്ദുത്വ പ്രവർത്തകർ തടസ്സപ്പെടുത്തി. മാണ്ഡ്യ ജില്ലയിലാണ് സംഭവം. ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. കുട്ടികൾ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചപ്പോഴാണ് ഹിന്ദുത്വ പ്രവർത്തകർ സ്‌കൂളിലേക്ക് ഇരച്ചെത്തിയതെന്ന് നിർമല ഇംഗ്ലീഷ് ഹൈസ്‌കൂൾ ആൻഡ് കോളേജിലെ ഹെഡ്‌മിസ്ട്രസ് പറഞ്ഞു.

'എല്ലാ വർഷവും സ്‌കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്താറുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഈ വർഷം അത് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. കുട്ടികളുടെ നിർബന്ധപ്രകാരമാണ് ചെറിയ ഒരാഘോഷം സംഘടിപ്പിച്ചത്. കുട്ടികൾ സ്വമേധയാ പണം പിരിച്ചെടുത്ത് കേക്കും ഓഡർ ചെയ്തിരുന്നു. എന്നാൽ, രക്ഷിതാക്കളിൽ ഒരാൾ ഇതിനെ എതിർത്തു', ഹെഡ്‌മിസ്ട്രസ് കനിക ഫ്രാൻസിസ് മേരി എൻഡി ടിവിയോട് പറഞ്ഞു.

വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ ഒരാളാണ് സ്‌കൂളിൽ ക്രൈസ്തവ മതം പ്രചരിപ്പിക്കുന്നുവെന്നും ക്രിസ്മസ് ആഘോഷിക്കുന്നുവെന്നും ഹിന്ദു വിശേഷ ദിവസങ്ങൾ ആഘോഷിക്കാറില്ലെന്നും ഹിന്ദുത്വ പ്രവർത്തകരെ അറിയിച്ചത്. ഇതോടെ സ്‌കൂളിലേക്ക് കുതിച്ചെത്തിയ സംഘം മാനേജ്‌മെന്റിനെ ചോദ്യം ചെയ്യുകയായിരുന്നു. ഹിന്ദു വിശേഷ ദിവസങ്ങൾ എന്തുകൊണ്ട് സ്‌കൂളിൽ ആഘോഷിക്കുന്നില്ല എന്ന് ഇവർ കൂട്ടത്തോടെ ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

സംഘത്തിലെ ഒരാൾ സ്‌കൂൾ അധികൃതരെ ഭീഷണിപ്പെടുത്തുന്നതും കാണാം.' ഇത്തവണ രക്ഷിതാക്കൾക്ക് തീരുമാനം വിടുകയാണ്. ഞങ്ങൾ ഇതേറ്റെടുത്താൽ, സാഹചര്യം വ്യത്യസ്തമായിരിക്കും'.

സ്‌കൂൾ മാനേജ്‌മെന്റ് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 'കടുത്ത ആക്രമണമാണ് അവർ ഞങ്ങൾക്കെതിരെ നടത്തിയത്. സരസ്വതി ദേവിയുടെ ചിത്രം തങ്ങൾ സ്‌കൂളിൽ സ്ഥാപിക്കും. ഗണേശ ചതുർത്ഥി ഉത്സവം സ്‌കൂളിൽ ആഘോഷിക്കണമെന്നും അവർ ഉത്തരവിട്ടു. സ്‌കൂളിൽ മതപരിവർത്തനം നടത്തുകയാണെന്നും അവർ ആരോപിച്ചു', ഹെഡ്‌മിസ്ട്രസ് പറഞ്ഞു.

മതപരിവർത്തന നിരോധന ബിൽ കർണാടക നിയമസഭ പാസാക്കിയതിന് പിന്നാലെ ഇത് രണ്ടാമത്തെ ആക്രമണമാണ് റിപ്പോർട്ട് ചെയ്യുന്നത്. പള്ളികൾക്കും, ക്രൈസ്തവസ്ഥാപനങ്ങൾക്കും നേരേ സമീപ ആഴ്ചകളിൽ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി നിരന്തരം ഉണ്ടാകുന്നതായും റിപ്പോർട്ടുണ്ട്.

മതപരിവർത്തനം നടത്തിയാൽ 10 വർഷം വരെ തടവ്

പ്രതിപക്ഷമുയർത്തിയ ശക്തമായ എതിർപ്പിനിടെയാണ് മതപരിവർത്തന നിരോധന ബില്ലിന് (കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലിജൻ ബിൽ-2021) കർണാടക നിയമസഭയുടെ അംഗീകാരം. വ്യാഴാഴ്ച രാവിലെ മുതൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നടത്തിയ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ബിൽ പാസാക്കിയത്. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്നതിനിടെ ശബ്ദവോട്ടോടെ ബിൽ പാസാക്കുകയായിരുന്നു. കരട് നിയമത്തിൽ കാര്യമായ മാറ്റംവരുത്താതെയാണ് ബിൽ പാസാക്കിയത്. ഇനി ഉപരിസഭയായ നിയമനിർമ്മാണ കൗൺസിലിന്റെ അംഗീകാരം നേടിയെടുക്കുകയെന്നതാണ് ഭരണകക്ഷിയായ ബിജെപി.യുടെ മുന്നിലുള്ള വെല്ലുവിളി. കൗൺസിലിൽ ബിജെപി.ക്ക് ഭൂരിപക്ഷ പിന്തുണയില്ല. കൗൺസിൽ അംഗീകരിച്ചശേഷം ഗവർണർ ഒപ്പിട്ടാലേ നിയമം നിലവിൽവരൂ.

നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് പത്തുവർഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയും ഉൾപ്പെടെ കഠിന വ്യവസ്ഥകൾ ബില്ലിൽ നിർദ്ദേശിച്ചിട്ടുണ്ട്. നിയമത്തിനെതിരെ ക്രൈസ്തവ സഭകൾ പ്രതിഷേധം ശക്തമാക്കി രംഗത്തുണ്ട്.